Social Media - 2024
സ്വവർഗ്ഗ വിവാഹത്തെ സുപ്രീംകോടതി കൈവിടുമ്പോൾ
- KCBC Jagratha commission 19-10-2023 - Thursday
സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ചത് സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, സ്വവർഗ്ഗ വിവാഹത്തെ നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ഹർജ്ജിക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ പ്രതികൂലമായ വിധിയുണ്ടായത് അവരെ നിരാശപ്പെടുത്തി.
നിലവിൽ 34 രാജ്യങ്ങളിലാണ് സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുതയുള്ളത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിലാണ് അവയിൽ 25 രാജ്യങ്ങളിലും സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമത്തിന്റെ പിൻബലം ലഭിച്ചിട്ടുള്ളത്. പത്ത് രാജ്യങ്ങൾ കോടതി ഉത്തരവ് വഴി സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകാൻ നിർബ്ബന്ധിതമാവുകയായിരുന്നു. ലോകമെമ്പാടും പ്രവർത്തകരും സ്വാധീനവലയങ്ങളുമുള്ള നിരവധി സംഘടനകൾ ഈ വിഷയത്തിൽ സജീവമാണ്. ഈ ഒരു പശ്ചാത്തലത്തിൽ ഇന്ത്യയും സ്വവർഗ്ഗ വിവാഹത്തിന് അനുമതിയുള്ള രാജ്യങ്ങളിൽ ഒന്നായി മാറുമെന്ന് പൊതുവെ കരുതപ്പെട്ടിരുന്നു.
വിവാഹം, വ്യക്തിബന്ധങ്ങൾ, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലെല്ലാം ആഗോള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽനിന്നുണ്ടായിരിക്കുന്ന സുപ്രധാനമായ വിധി വലിയൊരു സന്ദേശമാണ് നൽകുന്നത്. ജന്മംകൊണ്ടോ ജീവിത സാഹചര്യങ്ങൾക്കൊണ്ടോ ചില വ്യക്തികളിൽ സംഭവിക്കുന്ന അസ്വാഭാവിക മാറ്റങ്ങൾ അവരുടെ ലൈംഗിക ആഭിമുഖ്യങ്ങൾ വികലമാക്കിയേക്കാം. അത്തരമൊരു തിരിച്ചറിവിൽ, ഉഭയസമ്മതത്തോടെയുള്ള സ്വവർഗ്ഗ ലൈംഗികത നിയമത്തിന്റെകണ്ണിൽ ക്രിമിനൽ കുറ്റമല്ലെങ്കിൽപോലും, അത് ധാർമ്മികതയ്ക്കും പ്രകൃതിക്കും വിരുദ്ധമാണ് എന്ന വസ്തുത നിഷേധിക്കാനാവില്ല. അത്തരം താൽപ്പര്യങ്ങൾ നിയമാനുസൃതമായ വിവാഹബന്ധത്തിലേയ്ക്കും, തുടർന്നുള്ള മറ്റ് അവകാശവാദങ്ങളിലേയ്ക്കും പ്രവേശിക്കുന്നതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ട്.
സ്വവർഗ്ഗ വിവാഹം ഇന്ത്യൻ സംസ്കാരത്തിനും, വിവാഹമെന്ന സങ്കൽപ്പത്തിനും യോജിക്കുന്നതല്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇന്ത്യൻ സംസ്കാരത്തിന് മാത്രമല്ല, ആഗോള മാനവികതയ്ക്കും ധാർമ്മികതയ്ക്കും ജൈവികതയ്ക്കും തന്നെ വിരുദ്ധമായ ഏറെ അവകാശവാദങ്ങളാണ് ചെറിയ ഒരു വിഭാഗം ആഗോളതലത്തിൽ തന്നെ ഉയർത്തിക്കൊണ്ടിരിക്കുന്നത്. വിവാഹ ഉടമ്പടിയുമായി ബന്ധപ്പെട്ട് "സ്ത്രീപുരുഷന്മാർ" എന്ന പ്രയോഗം മാറ്റി, "ദമ്പതികൾ" എന്ന വാക്ക് ഉപയോഗിക്കണം എന്നുൾപ്പടെയുള്ള ആവശ്യങ്ങളാണ് സുപ്രീം കോടതിക്ക് മുന്നിൽ ഉയർന്നിരുന്നത്. കുട്ടികളെ ദത്തെടുക്കാനുള്ളതുൾപ്പെടെ, നിയമപ്രകാരം ഇന്ത്യയിൽ വിവാഹിതരായ ഏതൊരു ഭാര്യാഭർത്താക്കന്മാർക്കും ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും തങ്ങൾക്കും ലഭിക്കണമെന്നും അവർ ആവശ്യപ്പെടുകയുണ്ടായി.
ഇത്തരം ആവശ്യങ്ങളെയെല്ലാം നിരാകരിച്ച കോടതി നിലപാട് സ്വാഗതാർഹമാണ്. സ്വവർഗ്ഗ ലൈംഗികത സ്വാഭാവികമെന്ന് ധരിച്ച് അത് ജീവിതത്തിന്റെ ഭാഗമാക്കിയ രണ്ടുപേർ ദത്തെടുക്കുന്ന കുട്ടികളും സ്വാഭാവികമായും ആ ചിന്താഗതിയിലേയ്ക്ക് മാറ്റപ്പെടാനുള്ള സാധ്യതയെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ജനിതകപരമായ കാരണങ്ങളെക്കാൾ, ജീവിത സാഹചര്യങ്ങളാണ് ലൈംഗിക ആഭിമുഖ്യങ്ങളെ അനാരോഗ്യകരമായും പ്രകൃതിവിരുദ്ധമായും മാറ്റിമറിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒട്ടേറെ പഠനങ്ങൾ നിലവിലുണ്ട്. മാത്രവുമല്ല, വലിയൊരളവുവരെ ഇത്തരം അഭിമുഖ്യങ്ങൾ ചികിത്സയിലൂടെ പരിഹരിക്കപ്പെടാവുന്നതാണെന്നും പഠനങ്ങൾ പറയുന്നു.
ഈ വിഷയത്തിൽ കത്തോലിക്കാ സഭയുടെ നിലപാടും വ്യത്യസ്തമല്ല. ആയിരിക്കുന്ന അവസ്ഥയിൽ ഏതൊരു വ്യക്തിയെയും എന്നതുപോലെ ഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളിൽ അകപ്പെട്ടവരെയും ലോകം ഉൾക്കൊള്ളേണ്ടതുണ്ട് എന്ന് സഭ പഠിപ്പിക്കുന്നു. എന്നാൽ, അവരുടെ മാറിവരുന്നതും വർധിച്ചുകൊണ്ടിരിക്കുന്നതുമായ അവകാശവാദങ്ങളെ ആ അർത്ഥത്തിൽ സ്വീകരിക്കാനും അംഗീകരിക്കാനുമാവില്ല. അസ്വാഭാവികമെന്നും പ്രകൃതി വിരുദ്ധമെന്നും മനസിലാക്കി സ്വയം മാറാനുള്ള സാധ്യതകൾ ഇത്തരക്കാർക്ക് മുന്നിൽ തുറന്നിടാൻ ലോകം സജ്ജമാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
പ്രകൃതിദത്തമായ സ്വാഭാവികതയ്ക്കപ്പുറം ഒരു വിഭാഗംപേർ നിശ്ചയിച്ചുറപ്പിക്കുന്നതെല്ലാം ലോകം മുഴുവൻ അംഗീകരിക്കണമെന്ന ദുർവാശി മാനവരാശിയെ മൂല്യച്യുതിയിലേക്കും ലൈംഗിക അരാജകത്വത്തിലേയ്ക്കുമേ നയിക്കൂ. ഇക്കാരണത്താൽ, സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതിവിധി തികച്ചും നീതിയുക്തവും മാതൃകാപരവുമാണ്.