Videos
പിശാചിനെ ഭയപ്പെടാതിരിക്കാൻ നാം എന്തുചെയ്യണം? | നോമ്പുകാല ചിന്തകൾ | മുപ്പതാം ദിവസം
പ്രവാചകശബ്ദം 12-03-2024 - Tuesday
"ലോകത്തിൽ നിന്നും അവരെ എടുക്കണമെന്നല്ല, ദുഷ്ടനിൽ നിന്ന് അവരെ കാത്തുകൊള്ളണം എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്" (യോഹ 17:15)
'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പതാം ദിവസം
നമ്മുടെ ഈ ലോക ജീവിതത്തിൽ നാം പിശാചിനെ ഭയപ്പെടാറുണ്ടോ? ആരംഭം മുതലേ കൊലപാതകിയും നുണയനും നുണകളുടെ പിതാവും പ്രപഞ്ചത്തെ മുഴുവൻ ചതിക്കുന്നവനുമായ സാത്താനിലൂടെ പാപവും മരണവും ലോകത്തിൽ പ്രവേശിച്ചു. അതിനാൽ ഈ ലോകജീവിതത്തിൽ ചിലരൊക്കെ പിശാചിനെ ഭയപ്പെടുന്നതായി നാം കാണാറുണ്ട്. എന്നാൽ ഈ നോമ്പുകാലത്ത് നാം മനസ്സിലാക്കേണ്ട ഒരു വലിയ യാഥാർഥ്യമുണ്ട്. നമ്മുക്കു തൻറെ ജീവൻ നൽകാനായി യേശു സ്വമനസ്സാൽ തന്നെത്തന്നെ മരണത്തിനു വിട്ടുകൊടുത്ത മണിക്കൂറിൽ അവിടുന്ന് സാത്താന്റെ മേൽ എന്നേക്കുമായി വിജയം വരിച്ചുകഴിഞ്ഞു (CCC 2853). അതിനാൽ കർത്താവായ യേശുക്രിസ്തുവിനു സ്വയം സമർപ്പിക്കുന്ന ഒരുവനും പിശാചിനെ ഭയപ്പെടേണ്ടതില്ല.
യേശുവിന്റെ കുരിശുമരണത്തിലൂടെ മാത്രമല്ല അവിടുത്തെ പ്രാർത്ഥനയിലൂടെയും അവിടുന്ന് നമ്മുക്ക് പിശാചിൽ നിന്നും സംരക്ഷണം നൽകുന്നു. ഈശോ ശിഷ്യന്മാർക്കുവേണ്ടി പിതാവിനോട് ഇപ്രകാരം പ്രാർത്ഥിക്കുന്നു: "ലോകത്തിൽ നിന്നും അവരെ എടുക്കണമെന്നല്ല, ദുഷ്ടനിൽ നിന്ന് അവരെ കാത്തുകൊള്ളണം എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്" (യോഹ 17:15). ഈ പ്രാർത്ഥന തന്നെ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലെ ഏഴാമത്തെ യാചനയിൽ ഉൾപ്പെടുത്തികൊണ്ട് "ദുഷ്ടാരൂപിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ" എന്ന് പ്രാർത്ഥിക്കുവാൻ അവിടുന്ന് പഠിപ്പിച്ചു.
അതിനാൽ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന മനോഹരമായ പ്രാർത്ഥന സ്വർഗ്ഗത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന, അത്ഭുത ശക്തിയുള്ള വിടുതൽ പ്രാർത്ഥനയാണ്. വിശ്വാസപൂർവ്വം അത് ഏറ്റുചൊല്ലുമ്പോൾ നമ്മുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കുന്നു, ക്രിസ്‌തുവിന്റെ വാക്കുകളിൽ കൂടി നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നിന്നും തകർച്ചകൾ വിട്ടുമാറുന്നു, രോഗങ്ങൾ സുഖമാക്കപ്പെടുന്നു, സാത്താന്റെ കോട്ടകൾ തകരുന്നു. അതിനാൽ ഈ നോമ്പുകാലത്ത് നമ്മളെയും നമുക്കുള്ള സകലതിനെയും ദൈവത്തിന് സമർപ്പിച്ചുകൊണ്ട് നമ്മുക്ക് കൂടുതലായി പ്രാർത്ഥിക്കാം.
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമെ, അങ്ങയുടെ രാജ്യം വരണമെ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെ.
അന്നന്നു വേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമെ, ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമെ. ഞങ്ങളെ പ്രലോഭനത്തില്‍ വീഴുവാന്‍ ഇടയാകരുതേ, തിന്‍മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ആമ്മേന്‍