Videos
യേശുവിനു ദാഹിക്കുന്നു | നോമ്പുകാല ചിന്തകൾ | മുപ്പത്തിയെട്ടാം ദിവസം
പ്രവാചകശബ്ദം 20-03-2024 - Wednesday
"അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു" (യോഹ 19:28).
'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിയെട്ടാം ദിവസം
ഈശോയുടെ കുരിശുമരണസമയത്ത് അവിടുന്നു പറഞ്ഞു "എനിക്കു ദാഹിക്കുന്നു".
അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു. ഒരു പാത്രം നിറയെ വിനാഗിരി അവിടെയുണ്ടായിരുന്നു. അവര്‍ വിനാഗിരിയില്‍ കുതിര്‍ത്ത ഒരു നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍ വച്ച് അവന്റെ ചുണ്ടോടടുപ്പിച്ചു (യോഹ 19:28-30).
മനുഷ്യനായി അവതരിച്ച ഈശോമിശിഹാ എല്ലാം പൂർത്തിയാക്കുന്നതിന് മുൻപ് അവസാനമായി പറഞ്ഞ വാക്കുകൾ ഇതായിരുന്നു "എനിക്കു ദാഹിക്കുന്നു". എന്തിനാണ് യേശുവിന് ദാഹിച്ചത്? തന്റെ പരസ്യജീവിത കാലത്തും ഇപ്രകാരം ദാഹിക്കുന്ന യേശുവിനെ നമ്മുക്കു സുവിശേഷത്തിൽ കാണാം. യാത്ര ചെയ്‌ത് ക്ഷീണിച്ച യേശു സമരിയായിലെ സിക്കാർ എന്ന പട്ടണത്തിൽ ഒരു കിണറ്റിൻ കരയിൽ ഇരുന്നപ്പോൾ അവിടെ വെള്ളം കോരാൻ വന്ന സമരിയക്കാരി സ്ത്രീയോട് "എനിക്കു കുടിക്കാൻ തരുക" എന്ന് പറയുന്നു. ഈ വചനഭാഗത്തിലൂടെ ക്രൈസ്‌തവ പ്രാർത്ഥന എന്ന മഹാവിസ്‌മയം ലോകത്തിന്റെ മുൻപിൽ അനാവൃതമാകുന്നു.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പറയുന്നു; “ദൈവത്തിന്റെ ദാനം എന്താണെന്നു നീ അറിഞ്ഞിരുന്നെങ്കിൽ " വെള്ളം തേടി നാം എത്തുന്ന കിണറ്റിങ്കൽ വച്ചാണു പ്രാർഥനയാകുന്ന മഹാവിസ്‌മയം നമുക്ക് അനാവൃതമാകുന്നത്. അവിടെ ഓരോ മനുഷ്യജീവിയെയും കണ്ടുമുട്ടാൻ ക്രിസ്തു വന്നുചേരുന്നു. അവിടുന്നാണ് ആദ്യം നമ്മെ തേടിവന്നു നമ്മോടു ദാഹജലം ആവശ്യ പ്പെടുന്നത്. യേശുവിനു ദാഹിക്കുന്നു. നമ്മെപ്പറ്റി ദൈവത്തിനുള്ള ആഗ്രഹത്തിൻറ അഗാധതയിൽ നിന്നുയരുന്നതാണ് അവിടുത്തെ അഭ്യർഥന. നാം മനസ്‌സിലാക്കിയാ ലും ഇല്ലെങ്കിലും ദൈവത്തിന്റെ ദാഹവും നമ്മുടെ ദാഹവും തമ്മിലുള്ള സമാഗമമാണു പ്രാർഥന. നാം ദാഹിക്കണമെന്നു ദൈവം ദാഹിക്കുന്നു.
ഈ ലോക ജീവിതത്തിന്റെ തിരക്കുകളിൽ പെട്ട് നാം ക്രിസ്തുവിൽ നിന്നും അകന്നുപോകുമ്പോൾ നാം പ്രാർത്ഥനയിലൂടെ അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവരുവാൻ അവിടുന്ന് ദാഹിക്കുന്നു. നാം പാപം ചെയ്‌ത് അവിടുന്നിൽ നിന്നും അകന്നുപോകുമ്പോൾ മാനസാന്തരപ്പെട്ട് അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവരണമെന്ന് അവിടുന്നു ദാഹിക്കുന്നു. ക്രിസ്‌തുവിന്റെ മൗതിക ശരീരമായ സഭയിൽ നിന്നും നാം അകന്നുപോകുമ്പോൾ നമ്മൾ സഭയിലേക്ക് മടങ്ങി വരുവാനും കൗദാശിക ജീവിതത്തിലൂടെ അവിടുത്തെ കൃപാവരങ്ങൾ സ്വീകരിക്കുവാനും വേണ്ടി അവിടുന്ന് ദാഹിക്കുന്നു.
ദൈവം നമ്മുക്കു നൽകിയ വ്യക്തി ബന്ധങ്ങളിൽ നിന്നും നാം അകലുമ്പോൾ നമ്മുടെ സ്നേഹത്തിലേക്കുള്ള മടങ്ങിവരവിനായി അവിടുന്നു ദാഹിക്കുന്നു. അഗതികളെയും പാവപ്പെട്ടവരെയും രോഗികളെയും നാം അവഗണിക്കുമ്പോൾ അവരിൽ ക്രിസ്‌തുവിനെ ദർശിക്കണമെന്ന് അവിടുന്നു ദാഹിക്കുന്നു. ജീവജലത്തിന്റെ ഉറവയായ ക്രിസ്‌തുവിനെ ഉപേക്ഷിച്ചു, ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുമ്പോൾ നാം അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവന്ന് അവനോട് ചോദിക്കുകയും അവൻ നൽകുന്ന ജീവജലം നാം കുടിക്കുകയും ചെയ്യണമെന്ന് അവിടുന്ന് ദാഹിക്കുന്നു.
ഇപ്രകാരം നമ്മുടെ ജീവിതത്തിൽ ഈശോ "എനിക്കു ദാഹിക്കുന്നു" എന്ന് പലപ്പോഴും നമ്മോടും പറയുന്നുണ്ട്. ഈ നോമ്പുകാലത്ത് അതുകേൾക്കുവാനായി നമ്മുടെ കാതുകളെ നമ്മുക്ക് തുറക്കാം.