News - 2024

നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 24-05-2024 - Friday

അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി. അദാമാവ സംസ്ഥാനത്തെ യോള രൂപതയിൽ നിന്നുള്ള ഫാ. ഒലിവർ ബൂബയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മെയ് 21 ന് പുലർച്ചെ ഒരു മണിയോടെ സെൻ്റ് റീത്ത ഇടവകയിലെ വൈദിക മന്ദിരത്തില്‍ നിന്നാണ് വൈദികനെ തട്ടിക്കൊണ്ടുപോയതെന്ന് യോള ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ പ്രസ്താവനയിൽ വെളിപ്പെടുത്തി.

കഴിഞ്ഞ പതിനഞ്ചാം തീയതി നൈജീരിയയുടെ മധ്യ-തെക്കൻ പ്രദേശത്തുള്ള അനാമ്പ സംസ്ഥാനത്ത് മറ്റൊരു വൈദികനെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യമായി വന്‍തുക ലക്ഷ്യമിട്ടാണ് സായുധധാരികള്‍ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ തട്ടിക്കൊണ്ടു പോകുന്നത്. നിരവധി ആളുകളെ രാജ്യത്ത് അക്രമികൾ തട്ടിക്കൊണ്ടുപോകുന്നുണ്ടെന്ന് ഫീദെസ് വാർത്താ ഏജൻസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയയുടെ വടക്കുകിഴക്കൻ പ്രദേശത്താണ് യോള രൂപത സ്ഥിതിചെയ്യുന്ന അദമാവാ സംസ്ഥാനം.

എന്നാൽ മെയ് 15-ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ സേവനമനുഷ്ഠിച്ചിരുന്നത്, നൈജീരിയ തലസ്ഥാനമായ അബൂജയിൽനിന്ന് ഏറെ അകലെയല്ലാത്ത, മധ്യ-തെക്കൻ ഭാഗത്തുള്ള അനാമ്പ സംസ്ഥാനത്തായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി വൈദികരാണ് നൈജീരിയായില്‍ കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടു പോകലിന് ഇരയാകുന്ന വൈദികരുടെ എണ്ണവും പതിമടങ്ങാണ്. 2024-ലെ വേൾഡ് വാച്ച് ലിസ്റ്റിൽ, ക്രിസ്ത്യാനിയായി ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് നൈജീരിയ.


Related Articles »