News

വിശുദ്ധ കുർബാനയിലെ യേശുവിൻ്റെ സജീവ സാന്നിധ്യത്തിൽ 69% വിശ്വസിക്കുന്നു: പ്യൂ ഫലത്തെ തള്ളി പുതിയ സര്‍വ്വേ ഫലം

പ്രവാചകശബ്ദം 17-06-2024 - Monday

വാഷിംഗ്ടണ്‍ ഡി‌സി: വിശുദ്ധ കുർബാനയിലെ യേശുവിൻ്റെ സജീവ സാന്നിധ്യത്തിൽ 69% വിശ്വാസികളും വിശ്വസിക്കുന്നതായി പുതിയ പഠനം. 2022-ൻ്റെ അവസാനത്തിൽ സർവേ നടത്തിയ വിനിയ റിസർച്ചിന്റെ കണക്കുകളിലാണ് പുതിയ വിവരങ്ങളുള്ളത്. യഥാർത്ഥത്തിൽ കരുതിയിരുന്നതിനേക്കാൾ കൂടുതൽ കത്തോലിക്കർക്ക് ദിവ്യബലിയിലെ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള കാതലായ കത്തോലിക്കാ പ്രബോധനങ്ങളെക്കുറിച്ച് ആധികാരിക ധാരണയുണ്ടെന്ന് സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു. 2019-ല്‍ അമേരിക്ക ആസ്ഥാനമായ പ്യൂ റിസേര്‍ച്ച് സെന്‍റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തു ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തെ വിശ്വസിക്കുന്നവരുടെ എണ്ണം മൂന്നിലൊന്നായി ചൂണ്ടിക്കാട്ടിയിരിന്നു.

ഇതേ തുടര്‍ന്നു രാജ്യത്തു ദിവ്യകാരുണ്യ ഭക്തി വിശ്വാസ നവീകരണ യജ്ഞത്തിന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി തുടക്കം കുറിച്ചിരിന്നു. പുതിയ സർവേയുടെ ഭാഗമായി, വിനിയ ടീം, 2,200 ആളുകളെയാണ് വിലയിരുത്തിയത്. വിശുദ്ധ കുർബാനയിൽ “അപൂർവ്വമായി” പങ്കെടുക്കുന്നുവെന്ന് പറയുന്ന കത്തോലിക്കരിൽ 51% മാത്രമാണ് യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിൽ വിശ്വാസം പ്രകടിപ്പിച്ചത്. നേരെമറിച്ച്, ആഴ്ചതോറും പങ്കെടുക്കുന്ന 81% കത്തോലിക്കരും ആഴ്ചയിൽ കൂടുതൽ പങ്കെടുക്കുന്ന 92% പേരും വിശ്വസിക്കുന്നതായി പറഞ്ഞു. വർഷത്തിൽ ഏതാനും പ്രാവശ്യം മാത്രം പങ്കെടുക്കുന്ന കത്തോലിക്കർക്കിടയിൽ പോലും, ഏതാണ്ട് മൂന്നിൽ രണ്ട് ഭാഗവും തങ്ങൾ യഥാർത്ഥ സാന്നിധ്യത്തിൽ വിശ്വസിക്കുന്നതായി വെളിപ്പെടുത്തി.

അമേരിക്കന്‍ ബിഷപ്പുമാരുടെയോ യൂക്കരിസ്റ്റിക് റിവൈവലിൻ്റെയോ പങ്കാളിത്തമോ സ്പോൺസർഷിപ്പോ ഇല്ലാതെ, വിനിയ പഠനം സ്വതന്ത്രമായി നടത്തിയതാണെന്നു റിസേർച്ചിൻ്റെ സ്ഥാപകനായ ഹാൻസ് പ്ലേറ്റ് പറഞ്ഞു. വിശുദ്ധ കുർബാനയെ കുറിച്ചും അവർ വ്യക്തിപരമായി വിശ്വസിക്കുന്ന കാര്യങ്ങളെ കുറിച്ചും സഭ എന്താണ് പഠിപ്പിക്കുന്നതെന്നും ചോദ്യങ്ങളില്‍ സൂചിപ്പിച്ചിരിന്നു. യഥാർത്ഥത്തിൽ കരുതിയിരുന്നതിനേക്കാൾ കൂടുതൽ കത്തോലിക്കർക്ക് ദിവ്യബലിയിലെ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള കാതലായ കത്തോലിക്കാ പ്രബോധനങ്ങളെക്കുറിച്ച് ആധികാരിക ധാരണയുണ്ടെന്ന് വിനിയ റിസേർച്ച് ചൂണ്ടിക്കാട്ടുന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »