News - 2024

കോംഗോയില്‍ കൊല്ലപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്ത്: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 18-06-2024 - Tuesday

വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ നരനായാട്ടില്‍ കൊല്ലപ്പെട്ട ക്രൈസ്തവരെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. കോംഗോയില്‍ കൊല്ലപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്താണെന്ന് ഫ്രാന്‍സിസ് പാപ്പ 'എക്സി'ല്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തു. ഇരകളിൽ ധാരാളം പേർ വിശ്വാസ വിദ്വേഷത്താൽ കൊല്ലപ്പെട്ട ക്രൈസ്തവരാണെന്നും അവർ രക്തസാക്ഷികളാണെന്നും മുളക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന വിത്താണ് അവരുടെ സഹനബലിയെന്നും ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു.

ധൈര്യത്തോടും സ്ഥിരതയോടും കൂടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനാണ് അവർ നമ്മെ പഠിപ്പിക്കുന്നത്. യുദ്ധത്താൽ കഷ്ടപ്പെടുന്ന ജനത്തിനായി പ്രാർത്ഥിക്കാമെന്നും പാപ്പ 'എക്സി'ല്‍ കുറിച്ചു. മറ്റൊരു സന്ദേശത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ദേശീയ അധികാരികളോടും അന്താരാഷ്ട്ര സമൂഹത്തോടും അക്രമം തടയാനും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാനും സാധ്യമായതെല്ലാം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മന്‍, ലാറ്റിന്‍ എന്ന ഭാഷകളില്‍ പാപ്പ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോംഗോയിലെ നിരവധി ഗ്രാമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരിന്നു. കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത് 80 ക്രിസ്ത്യാനികളെങ്കിലും ഉണ്ടെന്ന് ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങൾ നിരീക്ഷിക്കുന്ന നിരീക്ഷണ സംഘടനയായ ഓപ്പൺ ഡോർസ്, സ്ഥിരീകരിച്ചിരിന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള നോർത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്തെ നിരവധി ഗ്രാമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് അഫിലിയേറ്റഡ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിൽ നിന്നുള്ള തീവ്രവാദികളാണ് കൂട്ടക്കൊല നടത്തിയത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »