News - 2025
പ്രഥമ ദേശീയ മിഷ്ണറി കോൺഗ്രസിന്റെ നൂറാം വാർഷികം ആഘോഷിക്കാന്‍ കൊളംബിയ
പ്രവാചകശബ്ദം 19-06-2024 - Wednesday
ബൊഗോട്ട: കൊളംബിയന്‍ സഭ പ്രഥമ ദേശീയ മിഷ്ണറി കോൺഗ്രസിന്റെ നൂറാം വാർഷികം ആഘോഷിക്കുവാന്‍ ഒരുങ്ങുന്നു. ജൂലൈ 7നു നടക്കുന്ന ആഘോഷങ്ങളില്‍ നവ സുവിശേഷവത്കരണ വിഭാഗത്തിന്റെ പ്രീഫെക്റ്റായ കർദ്ദിനാൾ ലൂയിസ് അൻ്റോണിയോ ടാഗ്ലെ പങ്കെടുക്കും. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും ദേശീയ മെത്രാന്‍ സമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യമെമ്പാടു നിന്നുമെത്തുന്ന ബിഷപ്പുമാർ, വൈദികർ, സമർപ്പിതര്‍, സെമിനാരികൾ, അൽമായർ എന്നിവരുൾപ്പെടെ ആയിരത്തിയിരുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സഭാനേതൃത്വം അറിയിച്ചു.
1924-ലെ പരിപാടിയുടെ സംഘാടനത്തെ പ്രോത്സാഹിപ്പിച്ച ആദ്യത്തെ കൊളംബിയൻ വിശുദ്ധ ലോറ മോണ്ടോയയുടെ തിരുശേഷിപ്പുകൾ പ്രത്യേകമാം വിധം പ്രതിഷ്ഠിക്കും. നാഷ്ണൽ മിഷ്ണറി കോൺഗ്രസിൽ അവതരണങ്ങൾ, ഗ്രൂപ്പ് വർക്ക് സെഷനുകൾ, മിഷ്ണറി സാക്ഷ്യങ്ങൾ, ദിവ്യകാരുണ്യ ആരാധന തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. 1924 ഓഗസ്റ്റ് 15 മുതൽ 24 വരെയാണ് ആദ്യത്തെ ദേശീയ മിഷ്ണറി കോൺഗ്രസ് നടക്കുന്നത്. 2022-ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ ജനസംഖ്യയുടെ 73% കത്തോലിക്ക വിശ്വാസികളാണ്.