News

നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 20-06-2024 - Thursday

വത്തിക്കാന്‍ സിറ്റി: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുതെന്നും കര്‍തൃ പ്രാര്‍ത്ഥനയിലെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ച്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. നമ്മുടെ പ്രാർത്ഥനയെ യാചനകളിലേക്ക് ഒതുക്കി, തുടർച്ചയായ "എനിക്ക് തരേണമേ, ഞങ്ങൾക്ക് നൽകേണമേ..." എന്നതിലേക്ക് ചുരുക്കി ദരിദ്രമാക്കാതിരിക്കാൻ സങ്കീർത്തനങ്ങൾ നമ്മെ സഹായിക്കുന്നു. "അന്നന്നു വേണ്ടുന്ന ആഹാരം" ചോദിക്കുന്നതിനുമുമ്പ്, "അങ്ങയുടെ നാമം പൂജിതമാകേണമെ, അങ്ങയുടെ രാജ്യം വരേണമെ, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" എന്ന് പറയാന്‍ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ നിന്ന് നമുക്കു പഠിക്കാമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

സങ്കീർത്തനങ്ങൾക്ക് പുതിയ നിയമത്തിൽ ഒരു സവിശേഷ സ്ഥാനം ഉണ്ട്. യഥാർത്ഥത്തിൽ, പുതിയ നിയമവും സങ്കീർത്തനങ്ങളും ചേർന്ന പതിപ്പുകൾ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. എല്ലാ സങ്കീർത്തനങ്ങളും - ഓരോ സങ്കീർത്തനവും മുഴുവനായും ക്രിസ്ത്യാനികൾക്ക് ആവർത്തിക്കാനും സ്വന്തമാക്കാനും കഴിയില്ല, ആധുനിക മനുഷ്യന് ഒട്ടും പറ്റില്ല. ചിലപ്പോഴൊക്കെ അവ, നമുക്കന്യമായ ചരിത്രപരമായ സാഹചര്യത്തെയും വിശ്വാസപരമായ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു. ഇതിനർത്ഥം അവ നിവേശിതങ്ങളല്ല എന്നല്ല, എന്നാൽ പുരാതന നിയമനിർമ്മാണങ്ങളുടെ നിരവധി ഭാഗങ്ങളുടെ കാര്യത്തിലെന്നപോലെ തന്നെ, ചില കാര്യങ്ങളിൽ അവ ഒരു കാലവും വെളിപാടിൻറെ ഒരു താൽക്കാലിക ഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു.

സങ്കീർത്തനങ്ങളെ സ്വാഗതം ചെയ്യാൻ ഏറ്റവും കൂടുതൽ ആഹ്വാനം ചെയ്യുന്ന കാര്യം യേശുവിന്റെയും മറിയത്തിന്റെയും അപ്പോസ്തലന്മാരുടെയും നമുക്ക് മുമ്പുള്ള എല്ലാ ക്രൈസ്തവ തലമുറകളുടെയും പ്രാർത്ഥനയായിരുന്നു അവ എന്നതാണ്. ഹെബ്രായർക്കുള്ള കത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതനുസരിച്ച്, യേശു തൻറെ ഹൃദയത്തിൽ ഒരു സങ്കീർത്തന വാക്യവുമായി ലോകത്തിലേക്ക് പ്രവേശിക്കുന്നു: "ദൈവമേ, അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു" (ഹെബ്രായർ 10.7; സങ്കീ. 40.9); അവിടുന്ന് ലോകം വിടുന്നത്, ലൂക്കായുടെ സുവിശേഷമനുസരിച്ച്, അവിടത്തെ അധരങ്ങളിൽ മറ്റൊരു വാക്യവുമായിട്ടാണ്: "പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എൻറെ ആത്മാവിനെ സമർപ്പിക്കുന്നു".

പുതിയ നിയമത്തിലെ സങ്കീർത്തനങ്ങളുടെ ഉപയോഗം പിതാക്കന്മാരും ആകമാന സഭയും പിന്തുടരുന്നു, വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും അവ ഒരു സ്ഥിര ഘടകമാക്കിയിരിക്കുന്നു. വിശുദ്ധ അംബ്രോസ് എഴുതുന്നു, "തിരുലിഖിതം മുഴുവനും ദൈവത്തിൻറെ നന്മ ആവിഷ്ക്കരിക്കുന്നു, എന്നാൽ സവിശേഷമാം വിധം അതു ചെയ്യുന്നത് സങ്കീർത്തന പുസ്തകമാണ്". മധുരമുള്ള സങ്കീർത്തന പുസ്തകം. ഞാൻ ചോദിക്കുകയാണ്: നിങ്ങൾ ചിലപ്പോഴൊക്കെ സങ്കീർത്തനങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാറുണ്ടോ? നിങ്ങൾ സമ്പൂര്‍ണ്ണ ബൈബിളോ പുതിയ നിയമമോ എടുത്ത് ഒരു സങ്കീർത്തനം ഉപയോഗിച്ചു പ്രാർത്ഥിക്കുക.

ഉദാഹരണത്തിന്, പാപം ചെയ്‌തതിനാൽ അൽപ്പം ദുഃഖം തോന്നുമ്പോൾ, നിങ്ങൾ അന്‍പതാം സങ്കീർത്തനം എടുത്തു പ്രാർത്ഥിക്കാറുണ്ടോ? മുന്നോട്ട് പോകാൻ സഹായിക്കുന്ന നിരവധി സങ്കീർത്തനങ്ങളുണ്ട്. സങ്കീർത്തനങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നത് ശീലമാക്കുക. അവസാനം നിങ്ങൾ സന്തോഷമുള്ളവരായിരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. സങ്കീർത്തനങ്ങൾ നമ്മുടെ പ്രാർത്ഥനയാക്കേണ്ടത് ആവശ്യമാണ്. ഒരു പ്രത്യേക അർത്ഥത്തിൽ, നാം തന്നെ സങ്കീർത്തനങ്ങളുടെ "രചയിതാക്കൾ" ആയിത്തീരണം. അവയെ നമ്മുടെ സ്വന്തമാക്കുകയും അവയോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് എഴുതിയിരിക്കുന്നു.

നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്ന സങ്കീർത്തനങ്ങളോ സങ്കീർത്തനവാക്യങ്ങളോ ഉണ്ടെങ്കിൽ, അവ ആവർത്തിക്കുകയും ദിവസത്തിൽ പ്രാർത്ഥിക്കുകയും ചെയ്യുന്നത് നല്ലതാണ്. സങ്കീർത്തനങ്ങൾ "എല്ലാ കാലത്തിനും" പറ്റിയ പ്രാർത്ഥനകളാണ്: മറ്റെല്ലാ പ്രാർത്ഥനകളിൽ നിന്നും വ്യത്യസ്തമായി, സങ്കീർത്തനങ്ങളുടെ ആവർത്തനം അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നില്ല. മറിച്ച്, അത് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് എന്തുകൊണ്ടാണ്? കാരണം അവ ദൈവനിവേശിതങ്ങളാണ്, ഓരോ തവണയും അവ വിശ്വാസത്തോടെ വായിക്കപ്പെടുമ്പോൾ അവ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മനോഭാവമുളവാക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.


Related Articles »