News - 2025
ആഫ്രിക്കന്‍ സഭയ്ക്കു ഒരു വര്‍ഷത്തിനിടെ അമേരിക്കന്‍ സഭ കൈമാറിയത് 2.1 മില്യൺ ഡോളറിന്റെ സഹായം
പ്രവാചകശബ്ദം 13-07-2024 - Saturday
വത്തിക്കാന്‍ സിറ്റി: ആഭ്യന്തര പ്രശ്നങ്ങളും ദാരിദ്ര്യവും കൊണ്ട് സംഘര്‍ഷഭരിതമായ ആഫ്രിക്കയ്ക്ക് സാന്ത്വനവുമായി ഒരു വര്‍ഷത്തിനിടെ അമേരിക്കന്‍ സഭ കൈമാറിയത് 2.1 മില്യൺ ഡോളറിന്റെ സഹായം. ദാരിദ്ര്യം, രാഷ്ട്രീയ അസ്ഥിരത, ആഭ്യന്തര സംഘർഷം എന്നിവയെ തുടര്‍ന്നു വെല്ലുവിളികള്‍ നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്കാ ശുശ്രൂഷകളെ പിന്തുണയ്ക്കുവാന്‍ യു.എസ്. കത്തോലിക്കാ ബിഷപ്പുമാരുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി ഫണ്ട് ഫോർ ദി ചർച്ച് ഇൻ ആഫ്രിക്കയുടെ ഭാഗമായാണ് സഹായം കൈമാറിയിട്ടുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ കത്തോലിക്കാ ശുശ്രൂഷകളെ പിന്തുണയ്ക്കുവാനാണ് എഴുപത്തിയഞ്ച് പ്രോജക്ടുകളിലായി ഈ തുക ഉപയോഗിക്കുക.
2001-ലാണ് വളർന്നുവരുന്ന ആഫ്രിക്കൻ സഭയ്ക്കു കൂടുതല്‍ ശക്തി പകരാനും രാജ്യങ്ങളിലെ സഭ നേരിടുന്ന അജപാലന ആവശ്യങ്ങളോടും വെല്ലുവിളികളോടും പൊരുത്തപ്പെടാനും സഹായിക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ, "ആഫ്രിക്കയുമായുള്ള ഐക്യദാർഢ്യത്തിലേക്കുള്ള ഒരു ആഹ്വാനം" എന്ന പേരിലുള്ള പദ്ധതി യുഎസ് മെത്രാന്‍ സമിതി ആരംഭിച്ചത്. ആഫ്രിക്കയിലെ സഭയ്‌ക്കായുള്ള സോളിഡാരിറ്റി ഫണ്ടിനായുള്ള വാർഷിക ശേഖരണം ഓരോ അമേരിക്കന്‍ രൂപതയിലും നടക്കുന്നുണ്ട്.
ദ്രുതഗതിയിലുള്ള സാമൂഹിക മാറ്റത്തിനിടയിലും, സുവിശേഷത്തിൻ്റെ കാലാതീതമായ പ്രത്യാശ നൽകി ആഫ്രിക്കന്‍ കത്തോലിക്കാ സഭ സ്ഥിരമായി നിലകൊള്ളുകയാണെന്നു ഒറിഗോണിലെ പോർട്ട്‌ലാൻഡിലെ സഹായ മെത്രാനും ആഫ്രിക്കയിലെ സഭയെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സബ്കമ്മിറ്റി ചെയർമാനുമായ പീറ്റർ സ്മിത്ത് പറഞ്ഞു. ആഫ്രിക്കന്‍ സഭയ്ക്കുള്ള സോളിഡാരിറ്റി ഫണ്ട്, അജപാലന പരിചരണം ആവശ്യമുള്ളവരെ പിന്തുണയ്ക്കാനും വിശ്വാസവും പ്രത്യാശയും ഉള്ളവരെ പ്രചോദിപ്പിക്കാനും സഭയെ പ്രാപ്തരാക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ലഭിക്കുന്ന സഹായം ഉപയോഗിച്ച് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ആഫ്രിക്കയില്‍ പ്രാദേശിക ഭാഷകളില്‍ ബൈബിള്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ദൗത്യങ്ങളുമായാണ് സഭ മുന്നോട്ടുപോകുന്നത്.