News - 2024

അൽഫോൻസാമ്മ എന്ന നല്ല അധ്യാപിക | വിശുദ്ധയോടോപ്പം ഒരു പുണ്യയാത്ര | 18

സി. റെറ്റി FCC 18-07-2024 - Thursday

"എന്റെ സ്നേഹനാഥൻ എന്റെ ഹൃദയത്തിൽ ഇരുന്ന് എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം" - വിശുദ്ധ അൽഫോൻസാ.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിദ്യാഭ്യാസത്തെകുറിച്ചുള്ള പ്രമാണരേഖയായ ഗ്രാവിസിവും എജ്യുക്കാസിയോണിൽ തിരുസഭയുടെ കർത്തവ്യമാണ് വിദ്യാഭ്യാസം എന്ന് പഠിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകർ കാലഘട്ടത്തിനു യോജിച്ചതും ആവശ്യവുമായ ഒരു പ്രേഷിത ജോലിയാണ് നിർവഹിക്കുന്നത്. അധ്യാപകരുടെ ദൈവവിളി മഹത്തരവും ഗൗരവതരവും ആണെന്ന് കൗൺസിൽ ഓർമിപ്പിക്കുന്നു. വൈദികരുടെയും സന്യാസിനി സന്യാസിമാരുടെയും വിദ്യാഭ്യാസ ദൗത്യം കൗൺസിൽ എടുത്തുപറയുന്നു.

ദൈവത്തിന്റെ സ്നേഹം ലോകത്തെ പഠിപ്പിക്കുവാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ദിവ്യ ഗുരു ആണല്ലോ യേശു. ആ യേശുവിന്റെ മണവാട്ടിയായി സ്വയം സമർപ്പിച്ച വിശുദ്ധ അൽഫോൻസാമ്മയ്ക്ക് ജീവിതത്തിൽ സഭ ഒരുക്കിയത് അധ്യാപന പ്രേഷിത രംഗമായിരുന്നു. പഠിപ്പിക്കുക എന്ന ദൗത്യം സന്തോഷത്തോടെ സ്വീകരിക്കുവാൻ അൽഫോൻസാമ്മയെ പ്രചോദിപ്പിച്ചത് തന്റെ ദിവ്യ മണവാളൻ പരസ്യ ജീവിതകാലത്ത് ഏറ്റവും കൂടുതൽ നൽകിയത് അധ്യാപനത്തിനായിരുന്നു എന്നതാണ്.

പാലാ രൂപതയിൽപ്പെട്ട വാകക്കാട് എൽപി സ്കൂളിലാണ് വിശുദ്ധ അൽഫോൻസാമ്മ അധ്യാപികയായി ജോലി നോക്കിയത്. ഭരണങ്ങാനത്തുനിന്ന് 12 കിലോമീറ്റർ ദൂരം ഉണ്ടായിരുന്നു സ്കൂളിലേക്ക്. 1932ൽ രണ്ട് അധ്യാപകരുടെ ഒഴിവുണ്ടായിരുന്നു. ആ ഒഴിവുകളിലേക്ക് 2 സിസ്റ്റർമാരെ അധ്യാപകരായി നിയമിക്കണമെന്ന് വാകക്കാട് ഇടവകക്കാർ ആവശ്യപ്പെട്ടു. അങ്ങനെ അൽഫോൻസാമ്മ ആ സ്കൂളിൽ അധ്യാപികയായി നിയമിതയായി. ഒരു ഓപ്പറേഷൻ കഴിഞ്ഞ് പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലായിരുന്നുവെങ്കിലും കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുവാനുള്ള അതിയായ ആഗ്രഹം മൂലം അനാരോഗ്യം അവഗണിച്ച് 12 കിലോമീറ്റർ ദൂരം നടന്ന് അൽഫോൻസാമ്മ സ്കൂളിൽ എത്തിശുശ്രൂഷ ആരംഭിച്ചു.

മൂന്നാം ക്ലാസിലെ ടീച്ചർ ആയിരുന്നു അൽഫോൻസാമ്മ. 25 കുട്ടികളാണ് ആ ക്ലാസിൽ പഠിച്ചിരുന്നത്. അൽഫോൻസാമ്മയെ പറ്റി കുട്ടികൾ പറഞ്ഞിരുന്നത് ഇങ്ങനെയാണ് സ്നേഹം തുളുമ്പുന്ന വാക്കുകളും പ്രസന്ന മുഖവും വാത്സല്യം നിറഞ്ഞ പെരുമാറ്റവും ഞങ്ങളെ ഏറെ ആകർഷിച്ചിരുന്നു. മുടങ്ങാതെ രാവിലെ 9 മണിക്ക് ക്ലാസ്സിൽ എത്തിയിരുന്ന അൽഫോൻസാമ്മ കുട്ടികളുടെ നോട്ടുബുക്ക് പരിശോധിക്കുമായിരുന്നു. കണക്ക്,മലയാളം, സയൻസ്, എന്നിവയ്ക്ക് പുറമേ സാരോപദേശ കഥകൾ ബൈബിൾ കഥകൾ താൻ തന്നെ രചിച്ച മരിയ സൂക്തങ്ങൾ, വിശുദ്ധരുടെ കഥകൾ, സുകൃതജപങ്ങൾ, എന്നിവ കുട്ടികളെ പഠിപ്പിച്ചിരുന്നു.

ഉച്ചാരണശുദ്ധിയോടെ പദ്യം ചെല്ലാനും വടിവൊത്ത അക്ഷരത്തിൽ എഴുതാനും പ്രത്യേക പാടവവും ഉണ്ടായിരുന്ന ആ കൊച്ചു സിസ്റ്റർ കുട്ടികളുടെ ഉച്ചാരണം, കയ്യക്ഷരം എന്നിവയിൽ അതീവ ശ്രദ്ധ പുലർത്തി. അൽഫോൻസാമ്മ അധ്യാപനത്തെ ഒരു തപസ്സിയായി കണക്കാക്കി. തന്റെ ശുശ്രൂഷയുടെ മഹത്വം കൂടുതൽ ശോഭയുള്ളതാക്കുവാൻ സന്യാസിനിയായിരിക്കുന്നതിനാൽ സാധിച്ചു എന്ന് വിശുദ്ധ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഒരു അധ്യാപകന് ഉണ്ടായിരിക്കേണ്ട കാതലായ ഗുണം ഹൃദയശുദ്ധിയും ജീവിതവിശുദ്ധിയും ആണെന്നുള്ള വസ്തുത അൽഫോൻസാമ്മ ഉയർത്തിപ്പിടിച്ചു. ആത്മജ്ഞാനത്തിന്റെ നിറവുള്ള ഹൃദയം കുഞ്ഞുങ്ങളുടെ മുമ്പിൽ അവൾ തുറന്നു വച്ചു. തന്റെ മുമ്പിലിരിക്കുന്ന കുഞ്ഞുങ്ങളിൽ ഈശ്വരനെ കണ്ട് അരുടെ മനസ്സിലേക്ക് സ്നേഹത്തിന്റെ പ്രവാഹം ജനിപ്പിക്കുകയാണ് അൽഫോൻസ എന്ന അധ്യാപിക ചെയ്തത്. കുട്ടികൾക്ക് നോക്കി വായിക്കാവുന്നതും കണ്ടുപിടിക്കാവുന്നതും ആയ ഒരു പാഠപുസ്തകം ആയിരുന്നു അൽഫോൻസാമ്മ.

അക്ഷരങ്ങളുടെ തമ്പുരാനിലേക്ക് കുഞ്ഞുമനസ്സുകളെ അവൾ പിച്ചവെപ്പിച്ചു. നിരന്തരവും സുന്ദരവും ഹൃദയഹാരിയുമായ ഗുരുശിഷ്യ സ്നേഹ ബന്ധത്തിന്റെ ഊഷ്മളതയിൽ നിന്ന് സ്വരമാധുരി നിർഗളിക്കുന്ന ശുദ്ധമായ ജ്ഞാനം അൽഫോൻസാമ്മ തന്റെ മുമ്പിൽ ഇരിക്കുന്ന കുട്ടികൾക്ക് വിളമ്പി. പഠിപ്പിക്കുന്ന രീതിയും, പകർന്നു നൽകുന്ന സ്നേഹവും, പ്രതീക്ഷ നൽകിയുള്ള കരുതലുമാണ് വിദ്യാർഥികളുടെ മനസ്സുകളിൽ ഒരിക്കലും മറക്കാത്ത നല്ല അധ്യാപികയായി അൽഫോൻസാമ്മയെ മാറ്റിയത്. 'അ' എന്ന ആദ്യ അക്ഷരത്തിൽ പകർത്തി എഴുതാൻ ആവുന്ന ഇതിഹാസങ്ങളാണ് അന്ന മൂട്ടിയ അമ്മയും അന്നമേകുന്ന അച്ഛനും അക്ഷരങ്ങളാൽ അറിവേകിയ അധ്യാപകരും. അതെ അൽഫോൻസാമ്മ എന്ന അധ്യാപിക ഇന്നും ഏവരുടെയും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.


Related Articles »