News - 2024

2025 ജൂബിലി വർഷത്തിൽ തുറക്കുന്നത് '5 വിശുദ്ധ വാതിലുകൾ'

പ്രവാചകശബ്ദം 02-08-2024 - Friday

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിൽ ദണ്ഡവിമോചനത്തിന് അവസരം നല്‍കുന്ന "വിശുദ്ധ വാതിലുകൾ" സംബന്ധിച്ച് വിശദീകരണവുമായി വത്തിക്കാൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തീഡ്രൽ ദേവാലയങ്ങളിലും, ദേശീയ അന്തർ ദേശീയ തീർത്ഥാടന കേന്ദ്രങ്ങളിലും 2025-ലെ ജൂബിലി വർഷവുമായി ബന്ധപ്പെട്ട് "വിശുദ്ധ വാതിലുകൾ" തുറക്കാനുള്ള സാധ്യതകളെക്കുറിച്ച് ഉയർന്നുവന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരവുമായി സുവിശേഷവത്കരണത്തിനായുള്ള റോമൻ ഡിക്കാസ്റ്ററിയാണ് രംഗത്തു വന്നിരിക്കുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി, തടവുകാർക്ക് ദൈവകാരുണ്യത്തിന്റെ ശക്തമായ അടയാളം നൽകുക എന്ന ഉദ്ദേശം മുൻനിറുത്തി, ഒരു ജയിലിലും "വിശുദ്ധ വാതിൽ" തുറക്കുന്നതിന് പാപ്പ ഇത്തവണ തീരുമാനിച്ചിട്ടുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.

"സ്‌പേസ് നോൺ കൊൺഫൂന്തിത്" എന്ന ഔദ്യോഗികരേഖ വഴി ഫ്രാൻസിസ് പാപ്പ നൽകിയ നിർദ്ദേശമനുസരിച്ച്, വിശുദ്ധ പത്രോസിന്റെ ബസിലിക്ക, റോമിൽത്തന്നെയുള്ള വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്ക, മേരി മേജർ ബസിലിക്ക, റോമൻ മതിലിന് പുറത്തുളള വിശുദ്ധ പൗലോസിന്റെ ബസിലിക്ക എന്നീ പേപ്പൽ ബസിലിക്കകളിലായിരിക്കും ജൂബിലി വര്‍ഷത്തില്‍ വിശ്വാസികള്‍ക്കായി വിശുദ്ധ വാതില്‍ തുറക്കുക. 1300-ൽ ആഘോഷിക്കപ്പെട്ട ജൂബിലി വർഷം മുതൽ സഭയിലുള്ള പതിവുപോലെ, ഇത്തവണയും വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ദണ്ഡവിമോചനത്തിനുള്ള അവസരമുണ്ടെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കിയിട്ടുണ്ട്. അതിരുകളില്ലാത്ത ദൈവകരുണയുടെ അടയാളമാണ് ഇതിലൂടെ നമുക്ക് വ്യക്തമാകുന്നതെന്നും ഡിക്കാസ്റ്ററി വിശദീകരിച്ചു.

2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ചാം വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. 2024 ഡിസംബർ 24 ക്രിസ്തുമസ് തലേന്നാണ് 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകുക. ജൂബിലിക്ക് ഒരുക്കമായി ഈ വര്‍ഷം പ്രാര്‍ത്ഥനാവര്‍ഷമായാണ് ആഗോള കത്തോലിക്ക സഭ ആചരിക്കുന്നത്.


Related Articles »