News
കോംഗോയില്‍ നാല് വൈദിക രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട പദവിയില്‍
പ്രവാചകശബ്ദം 19-08-2024 - Monday
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ കലാപകാലത്ത് മതവിരുദ്ധരായ ഗറില്ലകൾ വെടിവെച്ച് കൊലപ്പെടുത്തിയ നാല് വൈദിക രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഫാ. ലൂയിജി കരാര, ഫാ. ജിയോവാനി ഡിഡോണി, ഫാ. വിട്ടോറിയോ ഫാസിൻ എന്നീ സേവ്യറൻ മിഷ്ണറി വൈദികരും ഫാ. ആൽബർട്ട് ജൂബർട്ട് എന്ന പ്രാദേശിക വൈദികനുമാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. കർത്താവിനും സഹോദരന്മാർക്കും വേണ്ടി ചെലവഴിച്ച ജീവിതത്തിൻ്റെ കിരീട നേട്ടമാണ് കോംഗോയിലെ നാല് വൈദികരുടെ രക്തസാക്ഷിത്വമെന്ന് ഫ്രാന്‍സിസ് പാപ്പ ഇന്നലെ അനുസ്മരിച്ചിരിന്നു.
ഇവരിൽ മൂന്നുപേർ ഇറ്റലി സ്വദേശികളായ മിഷ്ണറിമാരും ഒരാൾ കോഗോ സ്വദേശിയുമാണ്. കോംഗോയുടെ കിഴക്കൻ പ്രദേശമായ കിവുവിലുള്ള ഉവീരയില്‍ നടന്ന തിരുക്കര്‍മ്മത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് കിൻഷാസ അതിരൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ ഫ്രിഡോളിൻ അമ്പോങ്കോ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനായി. കോംഗോയിലെ കലാപകാലത്ത് യൂറോപ്പുകാരും നല്ലൊരു ശതമാനം മിഷ്ണറിമാരും കോംഗോ വിട്ടുപോയിരുന്നു. എന്നാൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പ്രേഷിതർ പ്രദേശത്ത് തുടരാൻ തീരുമാനിക്കുകയായിരുന്നു.
1964 നവംബർ 28 കിലു വിപ്ലവത്തിനിടയിലാണ് ഈ വൈദികർ ദാരുണമായി കൊല ചെയ്യപ്പെടുന്നത്. ബറക പള്ളിയിൽ സൈനിക ജീപ്പ് എത്തിയതിന് പിന്നാലെയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഫാസിനെ നിർദയമായി വെടിവച്ച അക്രമികള്‍ സ്ഥലത്തു തുടരുകയായിരിന്നു. കുമ്പസാരിപ്പിച്ച് കൊണ്ടിരുന്ന ഫാ. കരാര പള്ളിയിൽ നിന്ന് പുറത്തുവന്നപ്പോള്‍ വെടിയേറ്റു കിടക്കുന്ന സഹോദരനെ അക്രമികൾക്ക് മുന്നില്‍ കാണുകയായിരിന്നു. വൈകാതെ അദ്ദേഹത്തിനു നേരെ നിറയൊഴിച്ചു. കൊല്ലപ്പെടുമ്പോള്‍ ഫാ. കരാരയ്ക്കു 31 വയസ്സു മാത്രമായിരിന്നു പ്രായം.