News

നൈജീരിയയില്‍ കത്തോലിക്ക വിശ്വാസികളായ 20 മെഡിക്കൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 20-08-2024 - Tuesday

മൈദുഗുരി: നൈജീരിയയില്‍ കത്തോലിക്ക വിശ്വാസികളായ ഇരുപതോളം മെഡിക്കൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. വടക്കൻ നൈജീരിയയിലെ ജോസ് യൂണിവേഴ്സിറ്റി, മൈദുഗുരി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള 20 മെഡിക്കൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോകലിന് ഇരയായ എല്ലാ വിദ്യാര്‍ത്ഥികളും കത്തോലിക്ക വിശ്വാസികളാണ്. തെക്കൻ നഗരമായ എനുഗുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ ആൻഡ് ഡെൻ്റൽ സ്റ്റുഡൻ്റ്സ് (FECAMDS) വെളിപ്പെടുത്തി.

ഇവരുടെ മോചനം അതിവേഗം ഉറപ്പാക്കാൻ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഫെഡറേഷൻ്റെ ദേശീയ പ്രസിഡൻ്റ് ഇഗെ ഗബ്രിയേൽ അരിയോയും ദേശീയ സെക്രട്ടറി മേരി റോസ് മാലോമോയും പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ അടുത്ത കുടുംബങ്ങളുമായും ബന്ധുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സംഘടന വ്യക്തമാക്കി. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോകലിൻ്റെ പകർച്ചവ്യാധി പടരുകയാണെന്ന് കത്തോലിക്കാ മെത്രാന്മാര്‍ നേരത്തെ പ്രസ്താവിച്ചിരിന്നു.

തട്ടിക്കൊണ്ടുപോയ മെഡിക്കൽ വിദ്യാർത്ഥികൾ കിഴക്കൻ നൈജീരിയയിൽ കത്തോലിക്ക സമ്മേളനത്തിൽ പങ്കെടുക്കുവാനിരിക്കുകയായിരിന്നുവെന്നും നൈജീരിയയില്‍ അരങ്ങേറുന്ന നിർഭാഗ്യകരമായ ഓരോ സംഭവവും ക്രൈസ്തവരുടെ സുരക്ഷയെക്കുറിച്ച് കൂടുതൽ ഉത്കണ്ഠ ഉളവാക്കുകയാണെന്നും മകുർദി കത്തോലിക്ക രൂപതയിലെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. മോസസ് ലോറാപു, 'ക്രക്സ്' എന്ന മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളില്‍ ഇതുവരെ മോചിതരാകാത്ത നിരവധി പേരുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയവർ ഏകദേശം 32,000 ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളിലൊരാൾ എക്‌സിൽ (മുമ്പ് ട്വിറ്റർ) സന്ദേശം പോസ്റ്റ് ചെയ്തു. രണ്ട് ദിവസമായി തങ്ങൾ ഭക്ഷണമില്ലാതെ കഴിയുകയാണെന്നും തങ്ങളെ ഉടൻ മോചിപ്പിക്കാൻ കുടുംബങ്ങളോടും സർക്കാരിനോടും ഇടപെടണമെന്നും വിദ്യാർത്ഥി ട്വീറ്റിൽ യാചിച്ചു. “ദയവായി ഞങ്ങളെ സഹായിക്കൂ, ഞങ്ങൾ രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല,” കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ദേശമുണ്ട്. നൈജീരിയന്‍ ക്രൈസ്തവര്‍ക്കു നേരിടുന്ന അതിക്രമങ്ങളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്.


Related Articles »