News

ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ പാപ്പയുടെ സന്ദര്‍ശനം ആരംഭിച്ചു

പ്രവാചകശബ്ദം 03-09-2024 - Tuesday

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം ആരംഭിച്ചു. ഇന്നലെ റോമില്‍ നിന്നു യാത്ര തിരിച്ച പാപ്പ, പതിമൂന്നു മണിക്കൂര്‍ വിമാന യാത്ര പിന്നിട്ടാണ് ഇന്ന് ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 09:50നു ജക്കാര്‍ത്ത സൂകർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്. ജക്കാർത്തയിൽ സൈനീകരുടെ ഉള്‍പ്പെടെയുള്ള വരവേല്‍പ്പോടെയാണ് ഫ്രാന്‍സിസ് പാപ്പയെ സഭാനേതൃത്വവും സര്‍ക്കാര്‍ നേതൃത്വവും സ്വീകരിച്ചത്. വിമാനത്തിൽ പരിശുദ്ധ പിതാവ് തനിക്കൊപ്പമുള്ള മാധ്യമപ്രവർത്തകരെ വ്യക്തിപരമായി അഭിവാദ്യം ചെയ്തിരിന്നു. ഇന്ന് പാപ്പയ്ക്ക് മറ്റ് പരിപാടികള്‍ ഒന്നുമില്ല.

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദർശനം 2020-ൽ തീരുമാനിച്ചിരിന്നതാണ്. എന്നാൽ കോവിഡ് -19 മഹാമാരിയെ തുടര്‍ന്നു യാത്ര റദ്ദാക്കുകയായിരിന്നു. വത്തിക്കാനും ഇന്തോനേഷ്യൻ സർക്കാരും തമ്മിൽ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സെപ്റ്റംബര്‍ മാസത്തേക്ക് സന്ദര്‍ശനം ക്രമീകരിക്കുവാന്‍ തീരുമാനിച്ചത്. ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹത്തിലേക്ക് ആദ്യമായി സന്ദര്‍ശനം നടത്തിയത് പോൾ ആറാമൻ പാപ്പയായിരിന്നു. 1970 ഡിസംബർ 3-നായിരിന്നു സന്ദര്‍ശനം. 1989 ഒക്ടോബർ 8 മുതൽ 12 വരെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്തോനേഷ്യ സന്ദര്‍ശിച്ചു. വടക്കൻ സുമാത്ര, ജാവ ഉള്‍പ്പെടെയുള്ള മേഖലകളിലും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അന്നു സന്ദര്‍ശനം നടത്തി.

അപ്പസ്തോലികയാത്രയ്ക്കു മുന്നോടിയായി സെപ്റ്റംബർ ഒന്നാം തീയതി, ഞായറാഴ്ച്ച രാവിലെ റോമിലെ സാന്ത മരിയ മജോറെ ബസിലിക്കയിൽ പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പ എത്തിയിരിന്നു. തികച്ചും സ്വകാര്യമായ ആത്മീയ നിമിഷങ്ങൾക്കുവേണ്ടിയാണ് പാപ്പ എത്തിയത്. ബസിലിക്കയിലെ സാലൂസ് പോപ്പുലി റൊമാനി എന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിനു മുൻപിൽ പ്രാർത്ഥനയിൽ ചെലവഴിച്ചിരിന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ജനസംഖ്യയുള്ള രാഷ്ട്രമാണ് ഇന്തോനേഷ്യ. 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 87.02% ആളുകളാണ് ഇസ്ലാം മതം പിന്തുടരുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 3% മാത്രമാണ് കത്തോലിക്കര്‍.


Related Articles »