News
ലെബനോനില്‍ നടന്ന ബോംബാക്രമണം ക്രൈസ്തവരെ ബാധിച്ചതായി പൊന്തിഫിക്കൽ സന്നദ്ധ സംഘടന
പ്രവാചകശബ്ദം 26-09-2024 - Thursday
ബെയ്റൂട്ട്: ലെബനോനില്‍ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ അഴിച്ചുവിട്ട വലിയ തോതിലുള്ള ബോംബാക്രമണങ്ങൾ ക്രൈസ്തവരെയും ബാധിച്ചതായി പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN). ബോംബാക്രമണം നടന്ന പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി ക്രിസ്ത്യൻ കുടുംബങ്ങളെ ആക്രമണം ബാധിച്ചിട്ടുണ്ടെന്ന് ലെബനോനിലെ സംഘടനയുടെ പ്രോജക്ട് കോർഡിനേറ്റർ മാരിയേലെ ബൂട്രോസ് വെളിപ്പെടുത്തി. ചില ക്രൈസ്തവര്‍ക്ക് അവരുടെ വീടുകൾ നഷ്ടപ്പെട്ടു, സുരക്ഷയും അഭയവും തേടി ബെയ്‌റൂട്ട്, മൗണ്ട് ലെബനോൻ, വടക്ക് എന്നിവിടങ്ങളിലേക്ക് ക്രൈസ്തവര്‍ പലായനം ചെയ്യുകയാണെന്ന് മാരിയേലെ പറയുന്നു.
"എനിക്ക് 37 വയസ്സായി, ലെബനോനിലെ അഞ്ചിലധികം യുദ്ധങ്ങള്‍ക്കു നടുവില്‍ ഞാൻ ജീവിച്ചിട്ടുണ്ട്. ഒരു ദിവസം സുഖം പ്രാപിക്കുകയും അടുത്ത ദിവസം മിസൈലുകളിൽ നിന്ന് ഒളിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ജീവിക്കുക എളുപ്പമല്ല. ചെറുപ്പക്കാർ ജീവിക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ജീവിതമല്ല ഇത്. ആളുകൾ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളും മറ്റൊരു യുദ്ധം ഉണ്ടായതിൻ്റെ ആഘാതവും എളുപ്പത്തിൽ മറക്കാൻ കഴിയില്ല.
ബോംബ് സ്‌ഫോടനമുണ്ടായിട്ടും കത്തോലിക്കാ സഭ എസിഎൻ മുഖേന നടത്തുന്ന പദ്ധതികൾ നിർത്തിയിട്ടില്ലെന്നും അവ ഇപ്പോൾ എന്നത്തേക്കാളും അത്യാവശ്യമാണെന്നും ബൂട്രോസ് പറഞ്ഞു. ആളുകൾ ഇപ്പോൾ കത്തോലിക്ക ദേവാലയങ്ങളുടെ ഹാളുകളിലാണ് താമസിക്കുന്നത്. അവർക്ക് ഭക്ഷണം, സാനിറ്ററി ഉൽപ്പന്നങ്ങൾ, മെത്തകൾ, പുതപ്പുകൾ എന്നിവ ആവശ്യമാണ്. ഈ പ്രതിസന്ധി ഇത് അധികകാലം നിലനിൽക്കില്ലെന്ന് പ്രതീക്ഷിക്കുകയാണെന്നും ലെബനോനിലെ ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
ടയറിലെ മാരോണൈറ്റ് ആർച്ച് ബിഷപ്പ് ചാർബെൽ അബ്ദല്ലയും രാജ്യത്തെ സ്ഥിതിഗതികള്‍ വിവരിച്ച് രംഗത്തുവന്നിട്ടുണ്ട്. ലെബനീസ് ജനത ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്ന് അദ്ദേഹം പറഞ്ഞു. “എല്ലാവരും സമാധാനം തേടുന്നു. ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. സാഹചര്യം വഷളാകുകയാണെങ്കിൽ, തെക്ക് മാത്രമല്ല, ലെബനോനെ പൂര്‍ണ്ണമായും യുദ്ധം ബാധിക്കും. രാജ്യത്തെ കത്തോലിക്കർ സംഘർഷത്തിന് അറുതി വരുത്താൻ തീക്ഷ്ണതയോടെ പ്രാർത്ഥിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ഇടവകകളിലെ എല്ലാ വൈദികരും പ്രാർത്ഥിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു. ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുണ്ട്, കര്‍ത്താവ് നല്‍കുന്ന സമാധാനത്തിനായി പ്രാർത്ഥന തുടരുകയാണെന്നും ആർച്ച് ബിഷപ്പ് ചാർബെൽ പറഞ്ഞു.