News
ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ആഗോള കത്തോലിക്ക സഭയില്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം
പ്രവാചകശബ്ദം 07-10-2024 - Monday
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ഇന്ന് ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കുന്നു. ഇസ്രയേലിനു നേരേ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന്, ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനം കൂടിയാണ്. മധ്യപൂര്‍വ്വേഷ്യയില്‍ വർദ്ധിച്ചുവരുന്ന സംഘർഷത്തിനിടയിൽ ലോക സമാധാനത്തിനായി കന്യാമറിയത്തിൻ്റെ മാധ്യസ്ഥ്യം യാചിച്ച് ഇന്നലെ ഞായറാഴ്ച വൈകുന്നേരം റോമിലെ സെൻ്റ് മേരി മേജര്‍ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയിരിന്നു.
ഒക്ടോബര്‍ 2 സിനഡ് അസംബ്ലിയുടെ രണ്ടാം സെഷൻ്റെ ഉദ്ഘാടന കുർബാന മദ്ധ്യേ പങ്കുവെച്ച സന്ദേശത്തിന്റെ അവസാനത്തിലാണ് ഒക്ടോബര്‍ ഏഴാം തീയതി വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം സംജാതമാകുന്നതിനും ഉപവാസ പ്രാർത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്. "തിന്മയുടെ ഇരുണ്ട മേഘങ്ങളെ തുരത്താൻ" സമാധാന രാജ്ഞിയായ പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ സഹായം ഫ്രാന്‍സിസ് പാപ്പ തേടിയെന്ന് വത്തിക്കാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
"അമ്മേ, നമ്മുടെ ലോകത്തിന് വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ, ജീവൻ സംരക്ഷിക്കാനും യുദ്ധത്തെ തള്ളിക്കളയുവാനും കഷ്ടപ്പെടുന്നവരെയും ദരിദ്രരെയും പ്രതിരോധമില്ലാത്തവരെയും രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും പരിപാലിക്കുകയും പൊതു ഭവനത്തെ സംരക്ഷിക്കുകയും ചെയ്യട്ടെ. സമാധാനത്തിൻ്റെ രാജ്ഞി, ദൈവത്തിൻ്റെ കരുണയ്ക്കായി മാധ്യസ്ഥ്യം വഹിക്കാൻ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു! വിദ്വേഷം വളർത്തുന്നവരുടെ ആത്മാക്കളെ പരിവർത്തനം ചെയ്യുക, മരണത്തിന് കാരണമാകുന്ന ആയുധങ്ങളുടെ ആരവം നിശ്ശബ്ദമാക്കുക, മനുഷ്യഹൃദയങ്ങളിൽ തങ്ങിനിൽക്കുന്ന അക്രമം കെടുത്തുക". രാഷ്ട്രങ്ങളെ ഭരിക്കുന്നവരുടെ പ്രവര്‍ത്തികളിൽ സമാധാനത്തിൻ്റെ പദ്ധതികൾ പ്രചോദിപ്പിക്കണമെന്നും പാപ്പ പ്രാര്‍ത്ഥനയ്ക്കിടെ യാചിച്ചു.
ജെറുസലേമിലെ ലാറ്റിൻ പാത്രിയാര്‍ക്കീസ്, കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ഒക്ടോബർ 7 ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാർത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിന്നു. 2023 ഒക്‌ടോബർ 7-ന്, ഹമാസ് ഭീകരസംഘം ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് അക്രമ പരമ്പരകള്‍ക്ക് തുടക്കമായത്. ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെടുകയും നിരവധി ബന്ദികള്‍ തടങ്കലിലാക്കപ്പെടുകയും ചെയ്തിരിന്നു.
ഇന്ന് ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്നത് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തിലാണെന്നത് ശ്രദ്ധേയമാണ്. 1571 ഒക്ടോബർ ഏഴിനാണ് ഗ്രീസിൽ ലെപ്പാന്തോയിൽ നടന്ന നാവികയുദ്ധത്തിൽ യൂറോപ്പ് കീഴടക്കാൻ പോയ ഓട്ടോമൻ സാമ്രാജ്യത്തിൻ്റെ നാവികപ്പടയെ യൂറോപ്യൻ ശക്തികൾ അത്ഭുതകരമായി പരാജയപ്പെടുത്തിയ ദിവസമാണ് ഇത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟