Editor's Pick

ഇസ്ലാം തിരുസഭയുടെ കാഴ്ചപ്പാടിൽ | ലേഖനപരമ്പര 13

ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി 20-10-2024 - Sunday

കാലാകാലങ്ങളിൽ ഇസ്ലാംമതത്തെക്കുറിച്ചു ക്രൈസ്‌തവ സഭയ്ക്കുണ്ടായിരുന്ന കാഴ്‌ചപ്പാടും മനോഭാവവും എന്തായിരുന്നു എന്ന അന്വേഷണമാണ് ഈ ലേഖനം. ഇസ്ലാംമതത്തിന്റെ രൂപീകരണത്തിൽ ക്രൈസ്തവ വിശ്വാസത്തിനുള്ള സ്വാധീനം ഗ്രഹിച്ചാൽ മാത്രമേ ഇസ്ലാംമതത്തോടു ക്രൈസ്തവ സഭയ്ക്കുള്ള മനോഭാവം മനസ്സിലാകൂ. ആദ്യനൂറ്റാണ്ടുകളിൽ സഭയിൽ വളർന്നുവന്ന ചില പാഷണ്ഡതകളുമായി ഇസ്ലാംമതത്തിന് അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് മറ്റു പാഷണ്ഡതകളെക്കുറിച്ച് എന്നതുപോലെ ഈ മതത്തെക്കുറിച്ചും ജാഗ്രത പുലർത്താൻ സഭാംഗങ്ങൾക്കു മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്നത്.

'ഇസ്ലാം' എന്ന വാക്ക് മുഹമ്മദിൻ്റെ രംഗപ്രവേശത്തിനു മുമ്പുതന്നെ അറേബ്യൻനാട്ടിൽ നിലവിലുണ്ടായിരുന്നു. വാണിജ്യ മേഖലയിൽ ഉപയോഗത്തിലിരുന്ന ഈ പദത്തിന് 'ഉടമ്പടി' എന്നായിരുന്നു അർത്ഥം. ഒരു കേസ് അവസാനിപ്പിക്കാൻ കഴിയുന്ന 'മാന്യമായ വാക്ക്' ആയി അതു കണക്കാക്കപ്പെട്ടിരുന്നു. 'ഇസ്ലാം' എന്ന വാക്കിന് മുഹമ്മദ് ഒരു പുതിയ അർഥം നല്‌കി: 'അല്ലാഹു വിന്റെ വിളിക്ക് ഒരു വ്യക്തി നല്‌കുന്ന പൂർണമായ വിധേയത്വം അഥവാ സമർപ്പണം' എന്നതായിരുന്നു അത്. ദൈവവുമായി ഇത്തര ത്തിലുള്ള വിധേയത്വത്തിൻ്റെ (അടിമത്തത്തിൻ്റെ) ബന്ധം സ്വീകരിക്കുന്നവൻ/വൾ 'മുസ്ലീം' എന്നു വിളിക്കപ്പെട്ടുതുടങ്ങി.

ഇസ്ലാംമതവും ക്രിസ്ത്യന്‍ പാഷണ്ഡതകളും ‍

ഇസ്ലാംമത രൂപീകരണത്തിൽ പ്രധാനമായും മൂന്നു ഘടകങ്ങളാണ് മുഹമ്മദിനെ സ്വാധീനിച്ചത്. അറബിനാട്ടിൽ നിലവിലിരുന്നതും മുഹമ്മദിനു സുപരിചിതവുമായിരുന്ന വിജാതീയ മതത്തിന്റെ സ്വാധീനമാണ് ഒന്നാമത്തെ ഘടകം. ആ നാട്ടിലുണ്ടായിരുന്ന യഹൂദന്മാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് രണ്ടാമത്തെ ഘടകം. മുഹമ്മദ് കണ്ടുമുട്ടിയ മധ്യപൗരസ്ത്യ ദേശത്തെ ക്രിസ്ത്യാനികളുടെ സ്വാധീനമാണ് മൂന്നാമത്തെ ഘടകം. മുഹമ്മദ് ഈ മൂന്നു ഘടകങ്ങളോടെ തന്റെതന്നെ കാഴ്ചപ്പാടുകളും കൂട്ടിചേർത്ത് പുതിയ മതത്തിനു രൂപം നല്‌കി.

ഇസ്ലാം ആശയ രൂപീകരണത്തിൽ അക്കാലത്ത് ക്രൈസ്‌തവർക്കിടയിൽ നിലനിന്നിരുന്ന പാഷണ്ഡതകൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ആര്യനിസം (മനുഷ്യാവതാരം ചെയ്ത ദൈവവചനമായ ഈശോ ത്രിത്വൈക ദൈവത്തിലെ ഒരാളും ദൈവപിതാവുമായി ഏകസത്ത പങ്കിടുന്നവനുമാണ് എന്ന സത്യം നിഷേധിച്ച ആരിയൂസ്, അവിടുന്ന് ദൈവപിതാവിനു കീഴുള്ളവനും ആദ്യസൃഷ്‌ടിയുമാണ് എന്നു വാദിച്ചു), നെസ്തോറിയൻ (നെസ്തോറിയനിസം: ഈശോയിൽ ദൈവ-മനുഷ്യസ്വഭാവങ്ങൾ വേറിട്ടു നില്ക്കുന്നു എന്ന വാദം), മോണോഫിസൈറ്റുകൾ (അവതരിച്ച വചനമായ ഈശോമിശിഹാ എന്ന വ്യക്തിയിൽ ഒരേയൊരു സ്വഭാവം - ദൈവസ്വഭാവം - മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന വാദം), മോണോതെലൈറ്റുകൾ (ഈശോമിശിഹായ്ക്ക് ഒരേയൊരു ഇച്ഛാശക്തി മാത്രമേയുള്ളു എന്നു വാദിച്ച സിദ്ധാന്തം) തുടങ്ങിയ പാഷണ്ഡതകൾ.

ഈശോയുടെ ദൈവത്വത്തിൻ്റെ നിഷേധം, പരിശുദ്ധ ത്രിത്വ നിഷേധം, ദൈവത്തെ പിതാവ് എന്നു വിളിക്കുന്നതിലുള്ള പ്രതിഷേധം തുടങ്ങിയവയെല്ലാം ഈ പാഷണ്ഡതകളുടെ ഭാഗമായിരുന്നു. ഈ പാഷണ്ഡതകളും അതിന്റെ പ്രചാരകരും, റോമൻ സാമ്രാജ്യത്തിനുള്ളിലും, അറേബ്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും വ്യാപിച്ചു. മുഹമ്മദിൻ്റെ പ്രബോധന ങ്ങളിലും ഇസ്ലാംമതത്തിലും ഈ പാഷണ്ഡതകളുടെ സ്വാധീനം വളരെ പ്രകടമാണ്.

ഈ പാഷണ്ഡതകളുടെ സ്വാധീനത്തിലാണ് മുഹമ്മദ് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങൾ രൂപപ്പെടുത്തിയത്. ഒന്നാമത്തെ തത്വം: ദൈവം ഏകനാണ് (സൂറ 29,46), ദൈവത്തിനു പുത്രൻ ഇല്ല (42,11); രണ്ടാമത്തെ തത്വം: ഈശോയും മുഹമ്മദിനെപ്പോലെ പ്രവാചകൻ (സൂറ 5,75) മാത്രമാണ്, പക്ഷേ, ഈശോയ്ക്കുശേഷം വന്നതുകൊണ്ട് മുഹമ്മദ് ഈശോയെക്കാൾ വലിയവനാണ് (സൂറ 43,59). ഈ പശ്ചാത്തലത്തിൽ വേണം ഇസ്ലാമിനെക്കുറിച്ചുള്ള സഭയുടെ എക്കാലത്തെയും പ്രബോധനങ്ങളെ മനസ്സിലാക്കാൻ.

ഇസ്ലാമിന്റെ അബദ്ധപ്രബോധനങ്ങൾക്കെതിരെ ‍

ഏഴാം നൂറ്റാണ്ടിൽ ഉത്ഭവിച്ച ഇസ്ലാംമതം ക്രിസ്‌ത്യാനികളിലേക്ക് അപകടകരമായി തുളച്ചുകയറാൻ തുടങ്ങിയപ്പോഴാണു സഭാ പിതാക്കന്മാർ അതിനെതിരെ പ്രതികരിച്ചു തുടങ്ങിയത്. 8-ാം നൂറ്റാണ്ട് മുതൽ 9-ാം നൂറ്റാണ്ടിൻ്റെ പകുതിവരെ, ഇസ്ലാം ഒരു ക്രിസ്റ്റ്യൻ പാഷണ്ഡതയായാണ് കണക്കാക്കപ്പെട്ടിരുന്നത്. മറ്റു പാഷണ്ഡതകളെ എന്നപോലെ തന്നെയാണു സഭാനേതൃത്വം ഇസ്ലാമിനെയും നേരിട്ടത്.

അറബ് ഖിലാഫത്തിൻ്റെ ആസ്ഥാനമായിരുന്ന സിറിയയിലെ ഡമാസ്കസിൽ ജനിച്ചു വളർന്ന ഡമാസ്ക‌സിലെ വിശുദ്ധ ജോൺ 'ഇസ്മായേല്യരുടെ പാഷണ്ഡത' (The Heresy of the Ishmaelites) എന്ന തന്റെ പുസ്‌തകത്തിൽ മുഹമ്മദിനെ ഒരു ആര്യൻ സന്യാസി സ്വാധീനിച്ചുവെന്നും ഇസ്ലാം ഒരു ക്രിസ്‌ത്യൻ പാഷണ്ഡതയാണ് എന്നും പ്രസ്‌താവിക്കുന്നുണ്ട്. ഖുർആനെക്കുറിച്ച് വിശുദ്ധ ജോൺ എഴുതുന്നു: “ഖുർആൻ എന്ന തൻ്റെ പുസ്‌തകത്തിനായി അദ്ദേഹം ചില നിയമനിർമ്മാണം നടത്തി; അത് 'ചിരിക്കു യോഗ്യമാണ്: അതിലെ വിചിത്രമായ അത്ഭുതങ്ങൾ 'ചിരിക്കു യോഗ്യമാണ്.''

ഡമാസ്കസിലെ വിശുദ്ധ ജോൺ മുസ്ലീങ്ങളെ 'ഇസ്‌മായേല്യർ' എന്നാണു വിളിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "ഇസ്‌മായേല്യർ/മുസ്ലീങ്ങൾ തുടക്കത്തിൽ വിഗ്രഹാരാധകർ ആയിരുന്നു. അഫ്രോഡൈറ്റ് എന്ന നക്ഷത്രത്തെയാണ് അവർ ആരാധിച്ചിരുന്നത്. പഴയതും പുതിയതുമായ നിയമങ്ങൾ (ബൈബിൾ) വായിച്ചിരുന്ന മുഹമ്മദ് ഒരു ആര്യൻ പാഷണ്ഡ സന്യാസിയുമായി സംവദിച്ചശേഷം സ്വന്തം പാഷണ്ഡത രൂപപ്പെടുത്തി. സ്വർഗത്തിൽനിന്ന് ഒരു പുസ്ത‌കം തനിക്കായി ഇറക്കപ്പെട്ടതായി അദ്ദേഹം അവകാശപ്പെട്ടു... ആ പുസ്ത‌കം ആരാധനയുടെ ഒരു വസ്‌തുവായി അദ്ദേഹം അവർക്ക് നല്കി".

9-ാം നൂറ്റാണ്ടുമുതൽ 13-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ കോൺസ്റ്റാൻ്റിനോപ്പിൾ കേന്ദ്രീകരിച്ച് ഇസ്ലാമിനെതിരെ ഒരു സംവാദം ഉടലെടുത്തു. ഇസ്ലാം 'പൊരുത്തക്കേടുകളുടെ ഒരു മത'മാണെന്ന് ആരോപിക്കപ്പെട്ടു. ഈ സംവാദങ്ങൾക്കു നേതൃത്വം കൊടുത്തത് ബൈസാൻ്റിയത്തിലെ നികേതാസ് (1155-1217) ആണ്. അദ്ദേഹം ഇസ്ലാമിനെതിരെ മൂന്നു പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് Refutation of the Book Forged by Muhammad the Arab ആണ്.

ഉമയ്യദ് ഖലീഫ അബ്ദുൾ അർ-റഹ്മാൻ രണ്ടാമൻ്റെ മന്ത്രിമാർ ക്രിസ്ത്യാനികളോട് ഇസ്ലാംമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മറുപടിയായി, ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്പെയിനിലെ കോർഡോബയിലെ രക്തസാക്ഷികളായ ഹബെനിറ്റസ്. ജെറമിയ, പീറ്റർ, സബീനിയൻ, വാലാബോൻസസ്, വിമുണ്ടസ് എന്നിവർ, തങ്ങളുടെ രക്തസാക്ഷിത്വത്തിനുമുമ്പ് ഇപ്രകാരം പറഞ്ഞതായി, "മെമ്മോറിയൽ സാങ്റ്റോറ' (Memoriale Sanctorum) ത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു: “ക്രിസ്തു‌ യഥാർത്ഥ ദൈവമാണെന്നും നിങ്ങളുടെ പ്രവാചകൻ, എതിർക്രിസ്തുവിൻ്റെയും മറ്റ് അശുദ്ധമായ സിദ്ധാന്തങ്ങളുടെയും മുൻഗാമിയാണെന്നും ഞങ്ങൾ അവകാശപ്പെടുന്നു."

ഈ രേഖയിൽ തന്നെ, സ്പെയിനിലെ കോർഡോബയിലെ രക്തസാക്ഷികളായ ഓറേലിയസ്, ഫെലിക്‌സ് ജോർജ്ജ്, ലിലിയോസ, നതാലിയ എന്നിവർ നല്‌കുന്ന മറുപടിയും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവർ ഇസ്ലാം മതത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: “ക്രിസ്‌തുവിന്റെ ദൈവികതയെ നിഷേധിക്കുന്ന, പരിശുദ്ധ ത്രിത്വത്തിന്റെ അസ്‌തിത്വം പ്രഖ്യാപിക്കാത്ത, സ്നാനത്തെ നിരാകരിക്കുന്ന, ക്രിസ്ത്യാനികളെ അപമാനിക്കുന്ന, പൗരോഹിത്യത്തെ അപകീർത്തിപ്പെടുത്തുന്ന ഏതൊരു ആരാധനക്രമവും ശപിക്കപ്പെട്ടതായി ഞങ്ങൾ കരുതുന്നു".

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ദൈവശാസ്ത്രജ്ഞനും വേദപാരംഗതനുമായ വിശുദ്ധ തോമസ് അക്വിനാസ് 'വിശ്വാസത്തിന്റെ കാരണങ്ങളെക്കുറിച്ച്: മുസ്ലീങ്ങൾ, ഗ്രീക്കുകാർ, അർമേനിയക്കാർ എന്നിവർക്കെതിരെ' (Rationibus Fidel Contra Saracenos, Graecos et Armenos) എന്ന തൻ്റെ പുസ്‌തകത്തിൽ ഇപ്രകാരം അഭിപ്രായപ്പെടുന്നു: "... ജഡികസുഖത്തിൻ്റെ വാഗ്‌ദാനങ്ങൾ നല്കി അവൻ (മുഹമ്മദ്) ജനങ്ങളെ വശീകരിച്ചു... ജഡികരായ മനുഷ്യർ അവനെ അനുസരിച്ചു. അവൻ പഠിപ്പിച്ച കാര്യങ്ങൾ, പല കെട്ടു കഥകളും അസത്യത്തിൻ്റെ സിദ്ധാന്തങ്ങളുമായി ഇടകലർന്നവയായിരുന്നു. പ്രകൃത്യാതീതമായ രീതിയിൽ സംഭവിച്ച ഒരു അട യാളവും അവൻ കൊണ്ടുവന്നില്ല. ദൈവിക പ്രചോദനത്തിന് ഉചിതമായ സാക്ഷ്യം നല്‌കാൻ പ്രകൃത്യാതീതമായ അടയാളങ്ങൾ ആവശ്യമാണ്... തന്റെ ആയുധങ്ങളുടെ ശക്തിയിലാണ് താൻ അയയ്ക്ക പ്പെട്ടതെന്ന് മുഹമ്മദ് പറഞ്ഞു; അത് കൊള്ളക്കാർക്കും സ്വേച്ഛാധിപതികൾക്കുമുള്ള അടയാളങ്ങളാണ്.”

പതിനഞ്ചാം നൂറ്റാണ്ടിൽ കോൺസ്റ്റാൻ്റിനോപ്പിളിന്റെ പതനത്തിനുശേഷം ക്രിസ്‌ത്യാനികൾ പീഡിപ്പിക്കപ്പെട്ടിരുന്ന കാലഘട്ട ത്തിൽ അവരുടെ പാത്രിയാർക്കീസ് ആയിരുന്ന ജെന്നാ ഡിയോസ് സ്കോളാരിയോസ്, ഇസ്ലാമിനെക്കുറിച്ച് ഇപ്രകാരം എഴുതി: “സുവിശേഷത്തിലെ നിയമങ്ങളെക്കാൾ ശ്രേഷ്‌ഠമായ ഒരു നിയമവും ഇതുവരെ നല്കപ്പെട്ടിട്ടില്ല. പ്രവാചകനായ മുഹമ്മദിന്റെ പഠിപ്പി ക്കലുകൾക്കും നിയമങ്ങൾക്കും, യാതൊരു സ്ഥാനവുമില്ല. ആളുകളെ തെറ്റിലേക്ക് നയിക്കാൻ, വ്യാജപ്രവാചകന്മാർ പ്രത്യക്ഷപ്പെടുമെന്നും, ക്രിസ്ത്യാനികളുടെ വിശ്വാസം പരീക്ഷിക്കപ്പെടുമെന്നും മിശിഹാ മുന്നറിയിപ്പു നല്കിയിട്ടുണ്ട്."

ഇതേ കാലഘട്ടത്തു ജീവിച്ചിരുന്ന വട്ടോപൈഡിയിലെ വിശുദ്ധ മാക്സിമോസ് (മാക്‌സിമോസ് ദി ഗ്രീക്ക് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്) മിശിഹായെയും മുഹമ്മദിനെയും താരതമ്യപ്പെടുത്തി വിശദമായി എഴുതുന്നുണ്ട്.

പതിനാറാം നൂറ്റാണ്ടിൽ സ്പെയിനിൽ ജീവിച്ചിരുന്ന, വലൻസിയയിലെ ആർച്ച് ബിഷപ്പായിരുന്ന വിശുദ്ധ ജുവാൻ ഡി റിബേറ (മരണം 1611) തൻ്റെ 1599 ലെ Catechismo para la Instrucion de los Nuevos Convertidos de los Moros എന്ന പുസ്‌തകത്തിൽ ഇപ്രകാരം എഴുതുന്നു: "...മുഹമ്മദിന് അമാനുഷിക സിദ്ധികളോ തന്റെ വിഭാഗക്കാരെ അനുനയിപ്പിക്കാനുള്ള, സ്വാഭാവിക കാരണങ്ങളോ ന്യായങ്ങളോ ഒന്നുമില്ലായിരുന്നു... അവൻ മൃഗീയവും പ്രാകൃതവുമായ മാർഗങ്ങൾ സ്വീകരിച്ചു; കവർച്ചകളും, കൊലപാതകങ്ങളും, രക്തച്ചൊരിച്ചിലുമായി, തന്റെ സന്ദേശം അവതരിപ്പിക്കുകയും പ്രഖ്യാപിക്കുകയും, വ്യാപിപ്പിക്കുകയും ചെയ്തു. അതു സ്വീകരിക്കാൻ വിസമ്മതിച്ചവരെ നശിപ്പിച്ചു. അതേ മാർഗത്തിലൂടെ, അവൻ്റെ ശുശ്രൂഷകർ, ഇന്നും ഈ മതത്തെ സംരക്ഷിക്കുകയും, വളർത്തുകയും ചെയ്യുന്നു. ദൈവം, ഭൂമിയിൽ നിന്ന് ഈ മഹാമാരിയെ നശിപ്പിക്കുകയും ചെയ്യുന്നതുവരെ അവർ അതു തുടരും... മുഹമ്മദ് എതിർക്രിസ്‌തുവിന്റെ മുൻഗാമിയും സാത്താന്റെ പ്രവാചകനും അഹങ്കാരത്തിൻ്റെ പുത്രന്മാരുടെ പിതാവുമാണ്... ഒരു മതം എന്ന പേരിനുപോലും ഇസ്ലാമിന് അർഹതയില്ല."

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ അൽഫോൻസ് ലിഗോരി (മരണം 1787), 'പാഷണ്ഡതകളുടെ ചരിത്രവും അവയുടെ നിരാകരണവും' (The History of Heresies and their Refutation) എന്ന പുസ്‌തകത്തിൽ പറയുന്ന കാര്യവും ഇവിടെ പ്രസക്തമാണ്. “മുഹമ്മദിന്റെ പറുദീസ, മൃഗങ്ങൾക്കു മാത്രമേ അനുയോജ്യമാകൂ: എന്തെന്നാൽ, വൃത്തികെട്ട ഇന്ദ്രിയസുഖം മാത്രമാണ് വിശ്വാസി അവിടെ പ്രതീക്ഷിക്കേണ്ടത്."

2006 സെപ്റ്റംബർ 12 ന് ബെനഡികട് പതിനാറാമൻ മാർപാപ്പ ജർമ്മനിയിലെ റേഗൻസ്ബെർഗിൽ ഒരു അക്കാദമിക് പ്രഭാഷണം നടത്തി. വിശ്വാസത്തിന്റെ 2006 സെപ്റ്റംബർ 12 ന് ബെനഡികട് പതിനാറാമൻ മാർപാപ്പ ജർമ്മനിയിലെ ദേഗൻസ്‌ബർഗിൽ ഒരു അക്കാദമിക് പ്രഭാഷണം നടത്തി.

ന്യായയുക്തിയെക്കുറിച്ചായിരുന്നു ആ പ്രഭാഷണം. യുക്തിയിൽ നിന്നു വേർപിരിഞ്ഞ വിശ്വാസം ദൈവഹിതത്തിനു വിരുദ്ധമായ പെരുമാറ്റങ്ങളിലേക്കു നയിച്ചേക്കാമെന്ന് അദ്ദേഹം സ്ഥാപിച്ചു. പതിനാലാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ ചക്രവർത്തിയായിരുന്ന മനുവേൽ രണ്ടാമൻ പാലയോലോസിൻ്റെ വാക്കുകളെ ഉദ്ധരിച്ചാണ് മാർപാപ്പ സംസാരിച്ചത്.

മനുവേൽ രണ്ടാമൻ്റെ വാക്കുകൾ ഇപ്രകാര മായിരുന്നു: “താൻ പ്രഘോഷിച്ച വിശ്വാസം വാളുപയോഗിച്ചു പ്രചരിപ്പിക്കാൻ നടത്തിയ കല്‌പനയിൽ മാനവവിരുദ്ധതയും തിന്മയുമല്ലാതെ എന്താണു മുഹമ്മദ് പുതുതായി കൊണ്ടുവന്നതെന്ന് എന്നെ കാണിക്കുക. യുക്തിയ്ക്കനുസൃതം പ്രവർത്തിക്കാതിരിക്കുന്നത് ദൈവത്തിൻ്റെ സ്വഭാവത്തിനു വിരുദ്ധമാണെന്നും അക്രമമാർഗങ്ങൾ ഉപയോഗിച്ചു മതപരിവർത്തനം നടത്തുന്നത് മതത്തിന്റെ യുക്തിരഹിതമായ സ്വഭാവമാണു വ്യക്തമാക്കുന്നത്" എന്നുമുള്ള ചക്രവർത്തിയുടെ അഭിപ്രായമാണ് മാർപാപ്പ ഉദ്ധരിച്ചത്. ഇതിന്റെ പേരിൽ മാർപാപ്പയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ഇസ്ലാമികരാജ്യങ്ങളിൽ നിന്നുയർന്ന പ്രതിഷേധം എത്രയോ ശക്തമായിരുന്നു.

ഉപസംഹാരം ‍

ക്രിസ്തീയ വിശ്വാസവുമായി ഇസ്ലാംമതത്തിനുള്ള ഉപരിപ്ലവമായ ചില സാമ്യങ്ങൾ ഉയർത്തിക്കാട്ടി ഈ രണ്ടു മതങ്ങളും തമ്മിൽ വ്യത്യാസമൊന്നുമില്ല എന്നു തെറ്റുദ്ധരിപ്പിച്ച് ക്രിസ്‌തീയ വിശ്വാസികളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ദൈവപുത്രനും രക്ഷകനുമായ നസ്രായൻ ഈശോയുടെ വ്യക്തിത്വം, സ്വഭാവം, പ്രവൃത്തികൾ, ധാർമിക പ്രബോധനങ്ങൾ എന്നിവയുടെ വെളിച്ചത്തിൽ മുഹമ്മദിനെയും ഖുർആനെയും വിശകലനം ചെയ്യുമ്പോഴാണ് ഇരുമതങ്ങളും തമ്മിൽ ഒരിക്കലും പൊരുത്തപ്പെടാനാവാത്ത കാതലായ വ്യത്യാസങ്ങൾ ഉണ്ടെന്നു വ്യക്തമാകുന്നത്.

തിരുസഭയുടെ കാലാകാലങ്ങളിലുള്ള വിലയിരുത്തലുകൾ ഈ തിരിച്ചറിവിലെത്തുന്നതിനു നമ്മെ സഹായിക്കും. തിരുസഭ ഇസ്ലാംമതത്തെ എപ്രകാരം മനസ്സിലാക്കിയിരുന്നു എന്നറിയുന്നത് ഇന്ന് അവരോടുള്ള മനോഭാവങ്ങൾ രൂപീകരിക്കുന്നതിൽ നമുക്കു മാർഗദർശകമാവുകയും ചെയ്യും.

➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

➤➤ (തുടരും...)

➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ പന്ത്രണ്ടു ഭാഗങ്ങള്‍ ഈ ലേഖനത്തിന് ഏറ്റവും താഴെ നല്‍കുന്നു: ➤➤➤

കുറിപ്പുകൾ ‍

1. John Damascene, On Heresies under the section On the Heresy of the Ishmaelites' (in The Fathers of the Church. Vol, 37. Washington DC 1958, 153-160.

2. John Damascene, On Heresies, 153-160.

3. Quoted by Peter Mavimenus: "your false prophet" | Dover Beach, https://lifeondoverbeach.wordpress.com/2017/06/01/peter-mavimenus our-false-prophet/, consulted on 12 January 2022.

4. The Fathers of the Church and Islam (3 of 5) John..., https:// www.johnsanidopoulos.com/2015/05/the-fathers-of-church-and-islam 3-of-5.html, consulted on 21 January 2022.

5. Quoted by: "What Did the Saints Say about Islam?" By Andrew Bieszad, appearing on the fine site One Peter Five on August, 12, 2014, What Did the Saints Say about Islam? OnePeter Five, https:// onepeterfive.com/what-did-the-saints-say-about-islam/, consulted on 10 January 2022.

6. Sts. Aurelius, Felix, George, Liliosa, and Natalia, martyrs of Cordoba, Spain. Reported in the, Memoriale Sanctorum in response to Spanish Umayyad Caliph 'Abd Ar-Rahman II's ministers demand that they con- vert to Islam on pain of death. They were slain in 852 A.D. Quoted by, "What Did the Saints Say about Islam?" One Peter Five, https:// onepeterfive.com/what-did-the-saints-say-about-islam/, consulted on 10 January 2022.

7. St. Thomas Aquinas, De Rationibus Fidei Contra Saracenos, Graecos, et Armenos, and translated from Fr. Damian Fehlner's Aquinas on Reasons for the Faith: Against the Muslims, Greeks, and Armenians, Academy of the Immaculate, 2002, P. 85.

8. The Fathers of the Church and Islam (3 of 5) John..., https: www.johnsanidopoulos.com/2015/05/the-fathers-of-church-and-islam-3-of-5.html, consulted on 21 January 2022.

9. The Fathers of the Church and Islam (4 of 5) John, https://www.johnsanidopoulos.com/2015/05/the-fathers-of-church-and-islam- 4-of-5.html, consulted on 22 January 2022.

10. St. Juan de Ribera (d.1611), quoted in several locations from his, Catechismo para la Instruccion de los Nuevos Convertidos de los Morus (1599).

11. St. Alfonsus Liguori (d. 1787). Quoted from his book, The History of Heresies and their Refutation, From the Italian of St. Alphonsus M.

ഈ ലേഖനപരമ്പരയുടെ ആദ്യ പന്ത്രണ്ടു ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു:

ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍

വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍

പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍

ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍

വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍

ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 ‍

ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 ‍

വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09 ‍

സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10 ‍

സ്വർഗ്ഗം: ഇസ്ലാമിക വീക്ഷ്ണത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 11 ‍

ഇസ്ലാമിന്റെ ആഗമനവും മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ സഭകളുടെ തിരോധാനവും | ലേഖനപരമ്പര 12 ‍

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 8