News

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ: "ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോലൻ"

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 22-10-2024 - Tuesday

വിശുദ്ധ കുർബാനയോടുള്ള ആഴമായ സ്നേഹത്താലും കത്തോലിക്ക സഭയിൽ ദിവ്യകാരുണ്യത്തോടുള്ള ഭക്തി പുനർജ്ജീവിപ്പിക്കുന്നതിലും നിരന്തരം ശ്രദ്ധ ചെലുത്തിയിരുന്ന മഹാനായ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ '' ദിവ്യകാരുണ്യത്തിന്റെ അപ്പസ്തോലൻ" എന്നുവിളിക്കുന്നതിൽ യാതൊരു അതിശയോക്തിയും ഇല്ലെന്നു എനിക്കു തോന്നുന്നു. ഇരുപത്തിയേഴുവർഷം (1978-2005) നീണ്ടുനിന്ന ക്രിസ്തുവിന്റെ വികാരി ശുശ്രൂഷയിൽ പാപ്പ നിരന്തരം വിശുദ്ധ കുർബാനയെ സഭയുടെയും വ്യക്തിജീവിതത്തിൻ്റെയും കേന്ദ്രമായി പാപ്പ പഠിപ്പിക്കുകയും ജീവിച്ചുകാണിക്കുകയും ചെയ്തു.

മാർപാപ്പയുടെ സാക്ഷ്യവും എഴുത്തുകളും പ്രബോധനങ്ങളും ആരാധനക്രമപരമായ നേതൃത്വവും എല്ലാ വിശ്വാസികൾക്കും പ്രത്യേകിച്ച് വരും തലമുറയ്ക്കുവേണ്ടി വിശുദ്ധ കുർബാന എന്ന മഹാസമ്പത്തിനെ മനസ്സിലാക്കാൻ സഭയുടെ വാതായനങ്ങൾ തുറന്നു. ജോൺപോൾ രണ്ടാമൻ ദിവ്യകാരുണ്യത്തിൻ്റെ അപ്പസ്തോലൻ ആയിരുന്നു എന്നു വെളിവാക്കുന്ന ചില വസ്തുകൾ നമുക്കു പരിശോധിക്കാം.

1) വിശുദ്ധ കുർബാന ജീവിത കേന്ദ്രമാക്കിയവൻ ‍

സഭ അവളുടെ ജീവൻ വിശുദ്ധ കുർബാനയിൽ നിന്നു സ്വീകരിക്കുന്നു. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വ്യക്തി ജീവിതം പരിശുദ്ധ കുർബാനയിൽ വേരൂന്നിയതായിരുന്നു. പോളണ്ടിൽ ഒരു യുവ വൈദീകനായിരിക്കത്തന്നെ മണിക്കൂറുകൾ അദ്ദേഹം വിശുദ്ധ കുർബാനയുടെ മുമ്പിൽ ചെലവഴിച്ചിരുന്നു. മെത്രാനും മാർപാപ്പയും ആയപ്പോഴും ജോൺ പോൾ ഈ വിശുദ്ധ പതിവ് തുടർന്നു.അവസാനകാലങ്ങളിൽ പാർക്കിസൻസ് രോഗത്താൽ ക്ലേശിക്കുമ്പോഴും അനുദിനം ബലി അർപ്പിക്കാൻ അദ്ദേഹം കാണിച്ച ആർജ്ജവത്വം അനേകരെ വിശുദ്ധ കുർബാനയുടെ സ്നേഹിതരാക്കി.

1997ൽ പാരീസിൽ വച്ചു നടന്ന ലോക യുവജനസമ്മേളനത്തിൽ ക്ഷീണം വകവയ്ക്കാതെ ജോൺപോൾ രണ്ടാമൻ പാപ്പ നയിച്ച ദിവ്യകാരുണ്യ ആരാധന ധാരാളം യുവതിയുവാക്കന്മാരെ സ്വാധീനിച്ചു. പരിശുദ്ധ കുർബാനയുടെ മുമ്പിൽ മുട്ടുകുത്തി നിന്നു പ്രാർത്ഥിക്കുന്ന മാർപാപ്പയുടെ ജീവിത സാക്ഷ്യം യുവജനതയെ പരിശുദ്ധ കുർബാനയിലേക്കു അടുപ്പിച്ചു.

2) ദിവ്യകാരുണ്യ ആരാധനയുടെ പ്രചാരകൻ ‍

ദിവ്യകാരുണ്യത്തിൽ ഈശോ നമുക്കായി കാത്തിരിക്കുന്നു. വ്യക്തി ജീവിതത്തിൻ്റെയും സമൂഹജീവിതത്തിൻ്റെയും ശക്തി വിശുദ്ധ കുർബാനയാണന്നു തിരിച്ചറിഞ്ഞ ജോൺ പോൾ പാപ്പ ദിവ്യകാരുണ്യ ആരാധനകളെ വളരെയധികം പ്രോത്സാഹിച്ചു. 1980 ൽ വി.കുർബാനയെക്കുറിച്ച് അദ്ദേഹം എഴുതിയ ഡോമിനികേ ചേനേ എന്ന പ്രബോധനത്തിൽ ആരാധനയ്ക്കായി വി.കുർബാനയുടെ മുമ്പിൽ സമയം ചിലവഴിക്കേണ്ടതിൻ്റെ പ്രാധാന്യത്തെപ്പറ്റി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

2004-ൽ മെക്സിക്കോയിൽവെച്ചുനടന്ന ദിവ്യകാരുണ്യ കോൺഗ്രസ്സിൽ ശാരീരികമായി പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും നൽകിയ വീഡിയോ സന്ദേശത്തിൽ ദിവ്യകാരുണ്യ ആരാധന ക്രിസ്തുവുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനുള്ള " വിശേഷാവകാശമുള്ള നിമിഷമായി" (Privilaged moment) പഠിപ്പിക്കുന്നു.

3) വിശുദ്ധ കുർബാനയുടെ തിരുനാളിൻ്റെ ആഘോഷം സജീവമാക്കിയ വ്യക്തി ‍

1983-ൽ ജോൺ പോൾ രണ്ടാമൻ ലോകമെമ്പാടുമുള്ള രൂപതകളിൽ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കോർപ്പസ് ക്രിസ്റ്റി തിരുനാൾ( ഈശോയുടെ തിരുശരീരത്തിൻ്റെയും രക്തത്തിൻ്റെയും തിരുനാൾ) ആഘോഷം സഭയിൽ പുനരുജ്ജീവിപ്പിച്ചു. കുർബാനയുമായുള്ള സഭയുടെ ബന്ധം ദൃഢമാക്കുന്നതിനും ക്രിസ്തുവിൻ്റെ സാന്നിധ്യം ലോകത്തിൽ ദൃശ്യമാക്കുന്നതിനും ഇത്തരത്തിലുള്ള പൊതു വിശ്വാസപ്രകടനങ്ങൾ സുപ്രധാനമാണെന്ന് അദ്ദേഹം വീക്ഷിച്ചു.

സഭയും വിശുദ്ധ കുർബാനയും (2003) എന്നചാക്രിക ലേഖനത്തിൽ കുർബാന വ്യക്തിപരമായ ഭക്തിയുടെ കൂദാശ മാത്രമല്ല, വിശ്വാസത്തിൻ്റെ പൊതു സാക്ഷ്യം കൂടിയാണ് എന്ന സത്യം പാപ്പ ഊന്നിപറയുന്നു.

കോർപ്പസ് ക്രിസ്റ്റി ദിനത്തിലെ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളിൽ സഭയുടെ ദിവ്യകാരുണ്യ വിശ്വാസം ദൃശ്യപരമായി പ്രകടിപ്പിക്കുന്നതിന് കൂടുതൽ വ്യാപകമായ പങ്കാളിത്തം ലഭിക്കണമെന്നു ജോൺ പോൾ രണ്ടാമൻ പാപ്പ ആഹ്വാനം ചെയ്തു. താൻ മാർപാപ്പയായിരുന്ന സമയങ്ങളിൽ ജോൺ പോൾ രണ്ടാമൻ പാപ്പ കോർപ്പസ് ക്രിസ്റ്റി തിരുനാളിൽ റോമിലെ തെരുവുകളിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തി. ഈ പാരമ്പര്യത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത അദ്ദേഹത്തിൻ്റെ പിന്നീടുള്ള വർഷങ്ങളിലും ലോകം അനുഭവിച്ചറിഞ്ഞു. രോഗ പീഢകളുടെ നടുവിലും ഒരു മൊബൈൽ പ്ലാറ്റ്‌ഫോമിൽ നിന്ന് അദ്ദേഹം ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ പങ്കെടുത്തപ്പോൾ വിശ്വാസികൾക്ക് അത് ജീവസാക്ഷ്യമായി മാറി.

4. ദിവ്യകാരുണ്യ വർഷം (2004–2005) ‍

"അപ്പത്തിൻ്റെയും വീഞ്ഞിൻ്റെയും എളിയ സാദൃശ്യങ്ങളിൽ, തൻ്റെ ശരീരത്തിലേക്കും രക്തത്തിലേക്കും മാറിയ ഈശോ , നമ്മുടെ ശക്തിയായും യാത്രയ്ക്കുള്ള ഭക്ഷണമായും നമ്മുടെ അരികിൽ നടക്കുന്നു." – നാഥാ ഞങ്ങളോട് ഒത്തു വസിച്ചാലും (2004). വി. കുർബാനയോടുള്ള ഭക്തി സഭയിൽ വർധിപ്പിക്കുന്നതിനായി ജോൺ പോൾ രണ്ടാമൻ 2004 ഒക്ടോബർ മുതൽ 2005 ഒക്‌ടോബർ വരെ വി. കുർബാന വർഷം പ്രഖ്യാപിച്ചു.

ഈ പ്രത്യേക വർഷം ക്രൈസ്തവ ജീവിതത്തിൽ കുർബാനയുടെ കേന്ദ്ര സ്ഥാനത്തെകുറിച്ച് വിശ്വാസികളെ ഓർമ്മിപ്പിക്കാനും കുർബാനയോടുള്ള ഭക്തി പുനരുജ്ജീവിപ്പിക്കാനും പാപ്പായുടെ ഇടപെടലുകൾ വഴി ഒരുപരിധിവരെ സഭയ്ക്കു സാധിച്ചു. കുർബാന വർഷത്തിൽ പുറത്തിറങ്ങിയ നാഥാ ഞങ്ങളോട് ഒത്തുവസിച്ചാലും എന്ന അപ്പസ്തോലിക കത്തിൽ ജോൺ പോൾ രണ്ടാമൻ കത്തോലിക്കരെ പ്രകാശത്തിൻ്റെ രഹസ്യമായി കുർബാനയെ പ്രതിഫലിപ്പിക്കാൻ ക്ഷണിക്കുകയും കുർബാനയുടെയും ദിവ്യകാരുണ്യ ആരാധനയുടെയും ആഘോഷത്തോടുള്ള പുതുക്കിയ പ്രതിബദ്ധതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കുർബാന വർഷത്തിൽ ജോൺ പോൾ രണ്ടാമൻ വളരെ രോഗബാധിതനായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ ദിവ്യകാരുണ്യ സന്ദേശങ്ങളുടെ അനുരണനങ്ങൾ ലോകം മുഴുവൻ ഏറ്റുവാങ്ങി. 2005-ലെ ഈസ്റ്റർ കുർബാനയിലാണ് അദ്ദേഹം അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്, അന്ന്അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ദിവ്യകാരുണ്യ ആഘോഷവേളയിൽ തൻ്റെ കഷ്ടപ്പാടുകൾ അർപ്പിക്കുന്ന അദ്ദേഹത്തിൻ്റെ നിശബ്ദ സാക്ഷ്യം ലോകത്തെ ആഴത്തിൽ സ്വാധീനിച്ചു എന്നു പറയാതെവയ്യാ.'

5. ക്രിസ്തീയ ജീവിതത്തിൻ്റെ ഉറവിടവും ഉച്ചകോടിയും ആയി കുർബാനയെ മനസ്സിലാക്കിയവൻ ‍

"സഭയും വിശുദ്ധ കുർബാനയും" എന്ന പ്രബോധനത്തിൽ ജോൺ പോൾ രണ്ടാമൻ കുർബാനയാണ് ക്രിസ്തീയ ജീവിതത്തിൻ്റെ ഉറവിടവും ഉച്ചകോടിയും എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഉപദേശം ആവർത്തിച്ച് ഉപയോഗിക്കുന്നു. കുർബാന വിശ്വാസികളെ പോഷിപ്പിക്കുകയും അവരെ ക്രിസ്തുവിനോടും സഭയിൽ പരസ്പരം ഒന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കുർബാന കേവലം വ്യക്തിപരമായ ഭക്തിയുടെ ഒരു നിമിഷമല്ല, മറിച്ച് ക്രിസ്തീയ അസ്തിത്വത്തിൻ്റെ ഹൃദയമാണ് എന്നു പഠിപ്പിക്കുന്നു.

6. ദിവ്യകാരുണ്യ ധർമാനുസാരിത്വത്തിൻ്റെ (Orthodoxy) സംരക്ഷകൻ ‍

സഭയും വിശുദ്ധ കുർബാനയും എന്ന ചാക്രിക ലേഖനത്തിൽ ജോൺ പോൾ പാപ്പ വിശുദ്ധ കുർബാനയെ സഭയുടെ ഏറ്റവും വലിയ നിധിയായി അവതരിപ്പിച്ചിരിക്കുന്നു: "സഭ തൻ്റെ കർത്താവായ ക്രിസ്തുവിൽ നിന്ന് കുർബാന സ്വീകരിച്ചത് കേവലം ഒരു സമ്മാനമായിട്ടുമാത്രമല്ല അത്ര അമൂല്യവും അതി ശ്രേഷ്ഠമായ നിധിയായിട്ടാണ്." തൻ്റെ ശുശ്രൂഷാകാലം മുഴുവൻ വിശുദ്ധകുർബാനയിലുള്ള ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള സിദ്ധാന്തത്തെ അദ്ദേഹം പ്രതിരോധിച്ചു. അപ്പവും വീഞ്ഞും ക്രിസ്തുവിൻ്റെ യഥാർത്ഥ ശരീരവും രക്തവുമായി മാറുമെന്ന സഭയുടെ പഠിപ്പിക്കലിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. 1995-ൽ, പാപ്പ അമേരിക്കൻ ഐക്യനാടുകൾ സന്ദർശിക്കുമ്പോൾ വിശുദ്ധ കുർബാനയിലുള്ള ക്രിസ്തു യഥാർത്ഥ സാന്നിധ്യത്തിലുള്ള വിശ്വാസം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ പ്രാധാന്യം തറപ്പിച്ചു പറഞ്ഞു.

ബാൾട്ടിമോറിൽ ആയിരക്കണക്കിനു വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ വിശുദ്ധ കുർബാനയെ ബഹുമാനത്തോടെ സമീപിക്കാനുള്ള അവരുടെ കടമയെക്കുറിച്ച് കത്തോലിക്കരെ ഓർമ്മപ്പെടുത്തുകയും വിശുദ്ധ കൂദാശയിൽ ക്രിസ്തു യഥാർത്ഥത്തിൽ ഉണ്ടെന്ന് ഉറക്കെ പ്രഘോഷിക്കുകയും ചെയ്തു.

7. ഐക്യത്തിനും ദൗത്യത്തിനുമുള്ള ആഹ്വാനമാണ് വി.കുർബാനയെ തിരിച്ചറിഞ്ഞവൻ ‍

ജോൺ പോൾ രണ്ടാമൻ കുർബാനയെ വ്യക്തിപരമായ പരിവർത്തനത്തിൻ്റെ കൂദാശയായി മാത്രമല്ല, സഭയ്ക്കുള്ളിലെ ഐക്യത്തിൻ്റെ നിദാനമായും ലോകത്തിലുള്ള നമ്മുടെ ശുശ്രൂഷ ദൗത്യത്തിനുള്ള നിയോഗമായും കണ്ടു. ശുശ്രൂഷയിലൂടെയും സുവിശേഷവൽക്കരണത്തിലൂടെയും തങ്ങളുടെ ദിവ്യകാരുണ്യ വിശ്വാസം നിലനിറുത്താൻ കത്തോലിക്കരെ പ്രേരിപ്പിക്കുന്ന കുർബാന സഭയെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്നുവെന്ന് പാപ്പ പലതവണ ഊന്നിപ്പറഞ്ഞു.

1993-ൽ കൊളറാഡോയിലെ ഡെൻവറിൽ നടന്ന ലോക യുവജനദിന സമ്മേളനത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധ കുർബാനയെ ശുശ്രൂഷാ ദൗത്യത്തിനുള്ള ആഹ്വാനമായി ലോകത്തിനു മനസ്സിലാക്കി നൽകി. തങ്ങളുടെ ജീവിതങ്ങളിലൂടെ ക്രിസ്തുവിനെ ലോകത്തിലേക്ക് കൊണ്ടുവന്നുകൊണ്ട് ദിവ്യകാരുണ്യമായി ജീവിക്കാൻ അദ്ദേഹം യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു. 1980 എഴുതിയ ഡോമിനികേ ചേനയിൽ, ജോൺ പോൾ രണ്ടാമൻ പാപ്പ കുർബാന എങ്ങനെയാണ് സഭയെ ഐക്യത്തിലേക്കും ശുശ്രൂഷയിലേക്കും വിളിക്കുന്നതെന്ന് വിശദീകരിച്ചിട്ടുണ്ട്.

വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ നമ്മൾ ലോകത്തിൽ ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ ഏജൻ്റുമാരാക്കുന്നുവെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശുശ്രൂഷകളിലൂടെയും അവ മാംസം ധരിപ്പിക്കുന്നുവെന്നും പാപ്പ പഠിപ്പിക്കുന്നു. വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വി. കുർബാനയോടുള്ള അഗാധമായ ഭക്തിയും സ്നേഹവും വിശുദ്ധ കുർബാനയെ സഭയുടെ ജീവിതത്തിൻ്റെ ഹൃദയമായി അംഗീകരിക്കാൻ കത്തോലിക്കരെ പ്രചോദിപ്പിക്കുന്നു. ദിവ്യകാരുണ്യ ആരാധനയിലൂടെയും വിശുദ്ധ കുർബാനയിലുള്ള ഈശോയുടെ യഥാർത്ഥ സാന്നിധ്യത്തിൻ്റെ പ്രബോധനങ്ങളിലുടെയും പുതിയൊരു ദിവ്യകാരുണ്യ സംസ്കാരം കെട്ടിപ്പടുക്കുവാൻ പ്രചോദനമേകിയ പത്രോസിൻ്റെ പിൻഗാമി മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പ എല്ലാ അർത്ഥത്തിലും കുർബാനയുടെ അപ്പോസ്തലനാണ് .


Related Articles »