India - 2024

കെസിബിസി ശീതകാല സമ്മേളനാനന്തര പത്രക്കുറിപ്പ്

പ്രവാചകശബ്ദം 06-12-2024 - Friday

കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങുന്നതിന് കെസിബിസി തീരുമാനിച്ചു. വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്.

മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണം. ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. മാത്രമല്ല, ഭവനനിര്‍മ്മാണത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ദേശങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്.

സഭാസംവിധാനത്തില്‍ ദുരിതബാധിതര്‍ക്കുള്ള ഭവനനിര്‍മ്മാണത്തിനായി ഇതുവരെ എട്ടുകോടി പത്തുലക്ഷത്തി ഇരുപത്തയ്യായിരും രൂപ സമാഹരിക്കപ്പെട്ടിട്ടുണ്ട്. സഹകരിച്ചവരോടുള്ള നന്ദിയായും ദുരിതബാധിതരോടുള്ള നീതിയായും ഈ മാസം തന്നെ അനുയോജ്യമായ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്ന് സമാപിച്ച കെസിബിസി യോഗം തീരുമാനിച്ചു. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് കതോലിക്കാബാവ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.

മുനമ്പം പ്രതിസന്ധി സംബന്ധിച്ച് കെസിബിസി അംഗീകരിച്ച പ്രമേയം ‍

മുനമ്പം തീരപ്രദേശത്തെ ജനങ്ങളുടെ റവന്യൂ അവകാശം അടിയന്തിരമായി നിയമവിധേയമായി തന്നെ പുനഃസ്ഥാപിക്കണം. മുനമ്പത്തും സമാനമായവിധം മറ്റിടങ്ങളിലും വഖഫ് നിയമം മൂലം ഉടലെടുത്തിട്ടുള്ള പ്രതിസന്ധികള്‍ ശാശ്വതമായി പരിഹരിക്കപ്പെടുന്നതിനാവശ്യമായ നിയമ ഭേദഗതികള്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സത്വരമായി സ്വീകരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയം വഴി ആവശ്യപ്പെട്ടു.

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ അധ്യാപകതസ്തികകള്‍ ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല ‍

കത്തോലിക്ക സഭയുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി നിയമം അനുശാസിക്കുന്ന 4% ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകള്‍ മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളതാണ്. മാറ്റിവയ്ക്കപ്പെട്ട ഭിന്നശേഷി സംവരണത്തിനുള്ള തസ്തികള്‍ക്കു ശേഷമുള്ള നിയമനങ്ങളും ദിവസവേതനാടിസ്ഥാനത്തില്‍ മാത്രം ആകണമെന്നുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ മറ്റുള്ള അധ്യാപകര്‍ക്ക് നേരെയുള്ള വലിയ നീതി നിഷേധമായി കാണുന്നു. ഇതിനു അടിയന്തിരമായി സര്‍ക്കാര്‍ പരിഹാരം കാണേണ്ടതുണ്ട്.

മാറ്റിവയ്ക്കപ്പെട്ട തസ്തികകളില്‍ ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന ജീവനക്കാരെ നിയമം അനുശാസിക്കുന്ന വിധം നിയമനം നടത്താന്‍ കത്തോലിക്ക സ്‌കൂളുകള്‍ എന്നും സന്നദ്ധമാണ്. ആയതുകൊണ്ട് മാറ്റിവച്ച തസ്തികളൊഴിച്ചുള്ള തസ്തികളിലുള്ള ജീവനക്കാര്‍ക്ക് അടിയന്തിരമായി സ്ഥിരനിയമന അംഗീകാരം നല്‍കണമെന്നും എയ്ഡഡ് സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയ നിവേദനം വഴി ആവശ്യപ്പെട്ടു.

ഭിന്നശേഷി വിഭാഗത്തിലെ ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികള്‍ക്കു ശേഷമുള്ള തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം സ്‌കൂളുകളുടെ ഉത്തമ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നതും കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കുന്നതും മറ്റുള്ള അധ്യാപകര്‍ക്ക് ഭരണഘടനയും നിയമവും നല്‍കുന്ന അവകാശങ്ങളെ ഹനിക്കുന്നതുമാണ് എന്ന് മെത്രാന്‍ സമിതി വിലയിരുത്തി.

** ദിവസവേതനടിസ്ഥാനത്തിലുള്ള നിയമനവും പ്രസവ അവധിയും ‍

ഭിന്നശേഷി വിഭാഗത്തിലെ ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ജീവനക്കാരി പ്രസവ ആവശ്യവുമായി അവധിയില്‍ പ്രവേശിക്കുമ്പോള്‍ പകരം ജീവനക്കാരെ നിയമിച്ചെങ്കില്‍ മാത്രമേ കുട്ടികളുടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ പകരം ജീവനക്കാരുടെ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം അടിയന്തിരമായി അനുവദിക്കുവാനും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെസിബിസി പ്രസ്താവിച്ചു.

** കെസിബിസി നിയമനങ്ങള്‍ ‍

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായി റവ. ഫാ. തോമസ് തറയിലിനെ നിയമിച്ചു. ഡിസംബര്‍ 21-ന് അദ്ദേഹം സ്ഥാനമേറ്റെടുക്കും. മീഡിയാ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. മില്‍ട്ടണ്‍ സെബാസ്റ്റ്യന്‍ കളപ്പുരക്കലും (ആലപ്പുഴ രൂപത) യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ. ഡിറ്റോ കൂലയും (തൃശ്ശൂര്‍ അതിരൂപത) ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായി റവ. ഫാ അരുണ്‍ വലിയതാഴത്തും (കോതമംഗലം രൂപത) വിമന്‍സ് കമ്മീഷന്‍ സെക്രട്ടറിയായി ഡോ. ജിബി ഗീവര്‍ഗീസും (തിരുവനന്തപുരം മലങ്കര അതിരൂപത) കെസിഎസ്എല്‍ ജനറല്‍ സെക്രട്ടറിയായി റവ. ഫാ. ആന്റണി ലിജോ ഒടതെക്കലിനെയും (വരാപ്പുഴ അതിരൂപത) നിയമിച്ചു.


Related Articles »