News
"മാര്‍പാപ്പയുടെ കത്തീഡ്രലില്‍" വിശുദ്ധ വാതില്‍ തുറന്നു
പ്രവാചകശബ്ദം 30-12-2024 - Monday
വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ കത്തീഡ്രലും റോമിലെ മാര്‍പാപ്പയുടെ ഭദ്രാസന ദേവാലയവുമായ ജോൺ ലാറ്ററൻ ബസിലിക്കയില്‍ വിശുദ്ധ വാതില്‍ ഇന്നലെ ഡിസംബർ 29ന് തുറന്നു. റോം രൂപതയുടെ വികാരി ജനറലും വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റുമായ മോൺസിഞ്ഞോർ റെയ്‌ന ബാൽദാസരെയേയാണ് 2025 ജൂബിലി വര്‍ഷത്തില്‍ പൂര്‍ണ്ണ ദണ്ഡവിമോചന യോഗ്യതയുള്ള വിശുദ്ധ വാതില്‍ തുറന്നത്. 2025 ഡിസംബർ 28ന് ഔദ്യോഗികമായി അടയ്ക്കുന്നത് വരെ കത്തീഡ്രലിൻ്റെ വലതുവശത്തുള്ള ജൂബിലി വാതില്‍ തീർത്ഥാടകർക്കായി തുറന്നിരിക്കും.
2016 ലെ കരുണയുടെ അവസാന ജൂബിലി വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി, 2025 ജൂബിലിക്ക് ഫ്രാൻസിസ് മാർപാപ്പ പ്രധാന റോമൻ ബസിലിക്കകളുടെ എല്ലാ വിശുദ്ധ വാതിലുകളും തുറക്കുന്നില്ല. ക്രിസ്മസിന് തൊട്ടുമുമ്പ് ഡിസംബർ 24-ന് സെൻ്റ് പീറ്റര്‍ ബസിലിക്കയുടെ വിശുദ്ധ വാതിൽ മാത്രമാണ് അദ്ദേഹം തുറന്നത്. ഡിസംബർ 26ന് റെബിബിയയിലെ റോമൻ ജയിലിൽ അസാധാരണമായി സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ വാതിലും റോമ നഗരത്തിലെ മറ്റ് മൂന്ന് പ്രധാന ബസിലിക്കകളും തുറക്കുവാന്‍ അദ്ദേഹം കർദ്ദിനാളുമാരെ നിയോഗിക്കുകയായിരിന്നു.
എ.ഡി 324 നവംബര്‍ 9ന് സില്‍വസ്റ്റര്‍ പാപ്പ കൂദാശ ചെയ്ത സെന്റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്ക ദേവാലയത്തിന്റെ ആയിരത്തിഎഴുനൂറാമത് വാര്‍ഷികം നവംബറിലാണ് സമാപിച്ചത്. പതിനാലാം നൂറ്റാണ്ടു വരെ പള്ളിയോടു ചേര്‍ന്നുള്ള അരമന പാപ്പയുടെ ഔദ്യോഗിക വസതിയായിരുന്നു. സ്നാപക യോഹന്നാനും, സുവിശേഷകനായ വിശുദ്ധ യോഹന്നാനുമാണ് ഈ പള്ളിയുടെ മധ്യസ്ഥര്‍. റോമന്‍ സാമ്രാജ്യകാലത്ത് പ്ലവൂട്ടി ലാറ്റെരാനി കുടുംബം ദാനമായി നല്‍കിയ ഭൂമിയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്ന കാരണത്താലാണ് ഇതിനെ സെന്റ് ജോണ്‍ 'ലാറ്ററന്‍' ദേവാലയം എന്ന് വിളിക്കുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟