News

പെറുവില്‍ ജീവന്റെ പ്രഘോഷണവുമായി രണ്ടുലക്ഷത്തോളം വിശ്വാസികളുടെ റാലി

പ്രവാചകശബ്ദം 31-03-2025 - Monday

ലിമ: ദക്ഷിണ അമേരിക്കൻ രാജ്യമായ പെറുവില്‍ ഗര്‍ഭസ്ഥ ശിശുക്കളെയും അമൂല്യമായ ജീവനെയും പ്രഘോഷിച്ച് രണ്ടുലക്ഷത്തിലധികം ആളുകളുടെ പങ്കാളിത്തതോടെ പ്രോലൈഫ് റാലി. മാർച്ച് 29 ശനിയാഴ്ച അരെക്വിപയിൽ നടന്ന 18-ാമത് ലൈഫ് ആൻഡ് ഫാമിലി പരേഡില്‍ ക്രൈസ്തവ വിശ്വാസികള്‍ ഒരേഹൃദയത്തോടെ ഒന്നിച്ചുകൂടുകയായിരിന്നു. 2006 മുതൽ അൺബോൺ ചൈൽഡ് ഡേ എന്ന പേരില്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേക ദിനാചരണം നടത്തിവരുന്നുണ്ട്. 2025 റാലിയിലും പതിനായിരങ്ങള്‍ പങ്കെടുത്തു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ എല്ലാ മനുഷ്യജീവനും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു നടന്ന റാലിയില്‍ ബാനറുകൾ, മുദ്രാവാക്യ വിളികളുമായി കുട്ടികളും സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ അണിചേര്‍ന്നു.

മിറാഫ്ലോറസ് ജില്ലയിലെ മെയ്റ്റ കാപാക് സ്ക്വയറിൽ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആരംഭിച്ച റാലി അരെക്വിപയുടെ ചരിത്രപരമായ പ്രധാന തെരുവുകളിലൂടെ പര്യടനം നടത്തി സാന്താ കാറ്റലീന സ്ട്രീറ്റിൽ അവസാനിച്ചു. കത്തോലിക്ക ഇടവകകൾ, ക്രൈസ്തവ പ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സിവിൽ അസോസിയേഷനുകൾ, മുനിസിപ്പാലിറ്റികൾ, പ്രൊഫഷണൽ അസോസിയേഷനുകൾ, സർവകലാശാല എന്നിവയില്‍ നിന്നുള്ളവരെല്ലാം ജീവന്റെ മഹത്വം പ്രഘോഷിച്ച് റാലിയില്‍ അണിചേര്‍ന്നു.

അരെക്വിപ്പ ആർച്ച് ബിഷപ്പ് ജാവിയർ ഡെൽ റിയോ റാലിയില്‍ പങ്കെടുത്തവരെ അഭിവാദ്യം ചെയ്തു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ ഓരോ വ്യക്തിയുടെയും മനുഷ്യ ജീവന്റെ അന്തസ്സ് സംരക്ഷിക്കുന്ന ഒരു നഗരത്തിന്റെ പൊതു സാക്ഷ്യമാണിതെന്നു അദ്ദേഹം പറഞ്ഞു. പരേഡിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ബിഷപ്പ് അഭിനന്ദിച്ചു. "ജീവന്‍ നീണാള്‍ വാഴട്ടെ, കുടുംബം നീണാള്‍ വാഴട്ടെ, യേശുക്രിസ്തു നീണാള്‍ വാഴട്ടെ" എന്ന വാക്കുകളോടെയാണ് ആർച്ച് ബിഷപ്പ് സന്ദേശം ചുരുക്കിയത്.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »