News - 2025
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06
ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 12-04-2025 - Saturday
ഈശോ തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു എന്ന വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗത്തെ കുറിച്ചു വിശുദ്ധ ക്രിസോസ്തോം, വിശുദ്ധ ഇരണേവൂസ്, നൊവേഷ്യൻ, വിശുദ്ധ അംബ്രോസ്, അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ ക്ലെമൻ്റ്, പീറ്റർ ക്രിസോലോഗസ്, വിശുദ്ധ ആഗസ്തീനോസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: ഈശോ തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു - മര്‍ക്കോസ് 2: 1-12 (മത്തായി 9: 1-8 ) (ലൂക്കാ 5 : 17- 26 )
1 കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു. 2 വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. 3 അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു. 4 ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി. 5 അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. 6 നിയമജ്ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു: 7 : എന്തുകൊണ്ടാണ് ഇവന്‍ ഇപ്രകാരം സംസാരിക്കുന്നത്? ഇവന്‍ ദൈവദൂഷണം പറയുന്നു. ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കാന്‍ സാധിക്കുക? 8 അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്‌സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്? 9 : ഏതാണ് എളുപ്പം? തളര്‍വാതരോഗിയോട് നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ? 10 : എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് - അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: 11 : ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക. 12 : തത്ക്ഷണം അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി
****************************************************************
➤ വിശുദ്ധ ക്രിസോസ്തോം:
സാബത്തു ലംഘിച്ചതു കൊണ്ടുമാത്രമല്ല, ദൈവത്തെ തൻറെ പിതാവെന്ന് വിളിച്ചു തന്നെത്തന്നെ ദൈവതുല്യനാക്കിയതു കൊണ്ടുമാണ് (യോഹ 5,16-18) നിയമജ്ഞർ ഈശോയെ ദ്വേഷിച്ചത്. അവരെ സംബന്ധിച്ച് ദുസ്സ ഹമായ ഈ പ്രഖ്യാപനം പ്രവൃത്തികൾ വഴി ഈശോ സാധൂകരിച്ചു. വാസ്‌തവത്തിൽ, ദൈവ ത്തിനു മാത്രമേ പാപം ക്ഷമിക്കാനാവൂ എന്നത് നിയമജ്ഞരുടെ തന്നെ ഒരു വ്യാഖ്യാനവും കണ്ടുപിടുത്തവുമായിരുന്നു. സ്വയം ചമച്ച നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് അവർ ഈശോയ്ക്കെതിരെ ദൈവദൂഷണക്കുറ്റമാരോപിച്ചത് (The Paralytic Let Down Through the Roof 6).
ഹൃദയരഹസ്യങ്ങളറിയുന്നവന്‍:
ദൈവത്തിനു മാത്രമേ പാപം മോചിക്കാനാവു എന്ന് ഫരിസേയർ ശഠിച്ചു. ഈശോയാകട്ടെ, പാപം മോചിക്കുക മാത്രമല്ല, ദൈവത്തിനു മാത്രം കഴിയുന്നവിധത്തിൽ ഹൃദയ രഹസ്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്തു (The Gospel of St. Matthew Homily 29.1).
സ്വന്തം നിലയ്ക്കുള്ള അധികാരം
ശിക്ഷിക്കാനോ പ്രശംസിക്കാനോ ക്ഷമിക്കാനോ നിയമം കൽപ്പിച്ചുണ്ടാക്കാനോ തുടങ്ങി എന്തിനുമുള്ള അധികാരം മിശിഹായ്ക്കുണ്ടായിരുന്നു (മത്താ 28,18). ഈ ഉന്നത കൃത്യങ്ങളിലേതെങ്കിലും ചെയ്യുന്ന സമയത്ത് മിശിഹാ പ്രാർത്ഥിക്കുന്നതായോ പിതാവിന്റെ സഹായം തേടുന്നതായോ നമ്മൾ കാണുന്നില്ല. ഇക്കാര്യങ്ങൾ അവിടുന്ന് സ്വാധികാരത്താൽ നിർവഹിച്ചു (On the Incomprehensible Nature of God, Homily 10.19).
__________________________________
➤ വിശുദ്ധ ഇരണേവൂസ്:
ആർക്കെതിരെ പാപം ചെയ്തുവോ അവൻ ക്ഷമ നൽകിയെങ്കിൽ മാത്രമേ പാപം യഥാർത്ഥത്തിൽ മോചിക്കപ്പെടുന്നുള്ളൂ. (Against Heresies 5.17.1).
➤ നൊവേഷ്യൻ:
മിശിഹാ പാപം മോചിച്ചെങ്കിൽ അവൻ സത്യമായും ദൈവമാണ്. എന്തെന്നാൽ, ദൈവത്തിനു മാത്രമേ പാപം മോചിക്കാൻ കഴിയൂ (മത്താ 9,2; മർക്കോ 2,5; ലൂക്കാ 5,20-21) (The Trinity 13).
➤ വിശുദ്ധ അംബ്രോസ്:
പാപമോചനശുശ്രൂഷയിൽ ഇടയന്മാർ (കാർമ്മികർ) സ്വന്തം നിലയ്ക്കുള്ള അധികാരമല്ല ഉപയോഗിക്കുന്നത്. എന്തെന്നാൽ സ്വന്തം നാമത്തിലല്ല, പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാരൂപിയുടെയും നാമത്തിലാണ് അവർ പാപം മോചിക്കുന്നത്. മനുഷ്യരാണ് പാപ മോചനശുശ്രൂഷ നടത്തുന്നത്; എന്നാൽ കൃപാ വരം ഉന്നതത്തിലുള്ള ശക്തിയിൽനിന്നു വരുന്നു (The Holy Spirit 3.18.137).
ആരോഗ്യം പ്രകടമാക്കുന്ന പ്രവര്‍ത്തി:
തളർവാതരോഗി സൗഖ്യം കാത്ത് യാചനാപൂർവ്വം കിടക്കുമ്പോൾത്തന്നെ അവന്റെ ആരോഗ്യം പ്രകടമാക്കാനുള്ള ഒരു പ്രവൃത്തി ചെയ്യാൻ ഈശോ കൽപ്പിക്കുന്നു. തന്നിൽനിന്നു സൗഖ്യം സ്വീകരിച്ചവരിൽനിന്ന് വിശ്വാസത്തിന്റ പ്രതികരണമോ പ്രവൃത്തിയോ ആവശ്യപ്പെടുക കർത്താവിന്റെ പതിവായിരുന്നു ( യോഹ 5,8; 8,11) (On the Christian Faith 4.8.54-55).
___________________
➤ അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ ക്ലെമൻ്റ് :
ഡെമോക്രിറ്റസിൻ്റെ ശാസ്ത്രപ്രകാരം ശരീരത്തിന്റെ രോഗങ്ങളെ സുഖപ്പെടുത്തുന്നതിലാണ് വൈദ്യന്റെ സിദ്ധി തെളിയുന്നത്. ദുഷിച്ച തഴക്കങ്ങളിൽനിന്ന് അറിവ് ആത്മാവിനെ മോചിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, മനുഷ്യശരീരമെടുത്ത ദൈവവചനം, നിത്യവിജ്ഞാനമായവൻ, സൃഷ്‌ടികളെ അവയുടെ സമഗ്രതയിൽ പരിപാലിക്കുന്നു. മനുഷ്യ വംശത്തിൻ്റെ സർവ്വസിദ്ധിയുമുള്ള വൈദ്യനും രക്ഷകനുമായവൻ ആത്മാവിനെയും ശരീരത്തെയും ഒരുമിച്ച് സുഖപ്പെടുത്തുന്നു. “എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് വീട്ടിലേക്കു പോകുക" എന്ന് തളർവാതരോഗിയോട് അവിടുന്ന് പറഞ്ഞ ഉടനെ തളർവാതരോഗി ബലവാനായിത്തീർന്നു (Christ the Educator 1.4).
➤ പീറ്റർ ക്രിസോലോഗസ്:
നിന്റെ കിടക്കയെടുക്കുക. ഇതുവരെ അത് നിന്നെ വഹിച്ചിരുന്നു. ഇപ്പോൾ നീ അതിനെ വഹിക്കുക. നടന്നുനീങ്ങുക. നിന്റെ രോഗാവസ്ഥയുടെ അടയാളമായിരുന്നത് ഇപ്പോൾ നിന്റെ ആരോഗ്യത്തിന് സാക്ഷ്യം നൽക ട്ടെ. നിന്റെ സഹനക്കിടക്ക നിൻ്റെ സൗഖ്യത്തിന്റെ ചിഹ്നമാകട്ടെ. അതിന്റെ ഭാരം നിനക്കു വീണ്ടുകിട്ടിയ ആരോഗ്യത്തിന്റെ സമൃദ്ധിയെ വെളിവാക്കട്ടെ (Homily 50.6).
➤ ആഗസ്തീനോസ്:
നീ ആന്തരികമായി തളർച്ച ബാധിച്ചവനായിരുന്നു. നിന്റെ ശയ്യ നിന്റെ വരുതിയിലായിരുന്നില്ല; നീ ശയ്യയുടെ വരുതിയിലായിരുന്നു (On the Psalms 41.4).
(....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05
********** സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
