Title News
ഭാരതത്തിന് അഭിമാനമായി കേരളത്തില്‍ നിന്നും വീണ്ടുമൊരു പുണ്യപുഷ്പം; മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
പ്രവാചകശബ്ദം 15-04-2025 - Tuesday
വരാപ്പുഴ: കേരളത്തിലെ ആദ്യ സന്യാസിനിയും കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് (സിടിസി ) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമായ ദൈവദാസി മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍ണ്ണായക ഘട്ടം പൂര്‍ത്തിയായി. ധന്യയായ മദര്‍ ഏലീശ്വയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച അദ്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും കാനോനികമായും വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയോഗിക്കുന്ന വിദഗ്ധര്‍ അംഗീകരിച്ചതു ഫ്രാന്‍സിസ് പാപ്പയ്ക്കു സമര്‍പ്പിച്ചതിന് പാപ്പ സ്ഥിരീകരണം നല്‍കിയതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് മദർ ഏലീശ്വ ഉയര്‍ത്തപ്പെടുന്നതിന് വഴി തെളിഞ്ഞിരിക്കുന്നത്.
1831 ഒക്ടോബർ 15ന് കേരളത്തിൽ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് കുരിശിങ്കൽ ക്രൂസ് മിലാ ഗ്രസ് ഇടവകയിലെ സമ്പന്നമായ കപ്പിത്താൻ കുടുംബത്തിൽ തൊമ്മൻ - താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യ പുത്രിയായാണ് ഏലീശ്വയുടെ ജനനം. ബാല്യം മുതൽ പ്രാർത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പ പ്രകടിപ്പിച്ചിരിന്നു. കുട്ടിക്കാലം മുതല്‍ അവള്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തയായിരുന്നു. ജീവിതാവസാനം വരെ മാതാവിന്റെ തിരുസ്വരൂപം പൂക്കള്‍കൊണ്ട് അലങ്കരിച്ചു. മരിയന്‍ ആത്മീയതയെ നിരന്തരം സാക്ഷ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം 1847ൽ വറീത് എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവര്‍ക്ക് അന്ന എന്ന കുഞ്ഞ് പിറന്നു.
എന്നാൽ ഒന്നര വർഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. രണ്ടാം വിവാഹത്തിന് വിസമ്മതിച്ച ഏലിശ്വ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത ധ്യാനവും അവളെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇറ്റാലിയൻ വൈദീകനും കർമ്മലീത്ത മിഷ്ണറിയുമായിരുന്ന ഫാ. ലെയോപോൾഡ് ഒ.സി.ഡിയായിരിന്നു അവളുടെ ആത്മീയ ഗുരു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച ആത്മീയ പരിശീലനം ഏലീശ്വയിൽ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹത്തെ ജ്വലിപ്പിക്കുകയായിരിന്നു.
ഇത് അവളെ ആദ്യത്തെ തദ്ദേശീയ സന്യാസിനീ സമൂഹമായ നിഷ്പാദുക കർമ്മലീത്ത മൂന്നാം സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചു. 1866 ഫെബ്രുവരി 13-നാണ് കേരളത്തിലെ തദ്ദേശിയ പ്രഥമ സന്യാസിനി സമൂഹത്തിന് മദർ ഏലീശ്വ രൂപം നൽകിയത്. മദർ ഏലിശ്വായോടൊപ്പം സഹോദരി ത്രേസ്യയും മകൾ അന്നയും സമർപ്പിത വഴി സ്വീകരിച്ചു. തന്റെ ജീവിതത്തില്‍ കടന്നുപോകേണ്ടി വന്ന കഠിന വഴികളെ പ്രാർത്ഥനയിലൂടെയും എളിമയിലൂടെയും മദർ ഏലിശ്വ അതിജീവിച്ചു.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും, പെൺകുട്ടികൾക്ക് വേണ്ടി ബോർഡിംഗ് സ്കൂൾ ആരംഭിക്കുകയും ചെയ്തുകൊണ്ട് കേരളത്തിൽ സ്ത്രീ നവോത്ഥാനത്തിനായി മദർ എലീശ്വ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി. കേരളത്തിലെ ആദ്യത്തെ കോൺവെന്റ് സ്കൂളും ബോർഡിംഗ് ഹൗസും പെൺകുട്ടികൾക്കായി അനാഥാലയവും സ്ഥാപിച്ചത് മദർ എലീശ്വയായിരിന്നു. ദൈവത്തെ മാത്രം സ്നേഹിച്ച് ദൈവം അല്ലാതെ മറ്റൊന്നും തനിക്കില്ലെന്ന് വിളിച്ചുപറഞ്ഞ് തന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും ദൈവാരാധനയാക്കി മദർ ഏലീശ്വ മാറ്റി. 1913 ജൂലൈ 18നു ഭൂമിയിലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി അവള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി.
വരാപ്പുഴ സ്വദേശിനിയായ മദര്‍ ഡാഫ്നി സിടിസി സുപ്പീരിയര്‍ ജനറലായിരിക്കെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലാണ് നാമകരണ നടപടികള്‍ക്കായി വിശുദ്ധര്‍ക്കായുള്ള റോമിലെ കാര്യാലയത്തിന്റെ അനുമതി തേടിയത്. 2008 മേയ് 30ന് ആര്‍ച്ച്ബിഷപ് അച്ചാരുപറമ്പില്‍ ഏലീശ്വാമ്മയെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2023 നവംബര്‍ എട്ടാം തീയതി വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ഡോ. മാർസെലോ സെമറാരോ ഫ്രാൻസിസ് പാപ്പയുമായി നടത്തിയ കൂടികാഴ്ചയ്ക്കു പിന്നാലെ ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പ അംഗീകരിച്ച് ധന്യപദവിയിലേക്ക് ഉയര്‍ത്തിയിരിന്നു.
റോമിലെ തെരേസ്യന്‍ കാര്‍മല്‍ ഡിസ്‌കാല്‍സ്ഡ് കാര്‍മലൈറ്റ്സ് ജനറല്‍ കൂരിയയില്‍ കര്‍മലീത്തരുടെ വിശുദ്ധപദ നാമകരണത്തിനായുള്ള പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. മാര്‍ക്കോ കിയെസ ഒസിഡിയാണ് ധന്യയായ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള റോമിലെ നടപടികള്‍ ഏകോപിപ്പിക്കുന്നത്.
