Editor's Pick

ടോം അച്ചന്റെ മോചനത്തിനായി നമ്മുക്ക് കൈകോര്‍ക്കാം

സ്വന്തം ലേഖകന്‍ 27-12-2016 - Tuesday

മനുഷ്യ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തി കൊണ്ടാണ് ഫാ. ടോം ഉഴുന്നാലിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നത്. ഈ വീഡിയോയില്‍ അവശനിലയില്‍ കഴിയുന്ന ഫാ. ടോമിന്റെ വാക്കുകള്‍ ഓരോരുത്തരേയും മുറിപ്പെടുത്തി കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. "ഞാൻ വളരെയധികം ദു:ഖിതനും നിരാശനുമാണ്. എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഉടൻ തന്നെ എന്നെ ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരും. എന്റെ സഹായത്തിനായി വേഗം വരിക". ഒരു വൈദികന്‍ എന്നതിലുപരി ഒരു നിസ്സഹായനായ മനുഷ്യന്റെ കേഴുന്ന ഈ വാക്കുകള്‍ക്കു മുന്‍പില്‍ നമ്മുക്ക് നിശ്ബ്ദത പാലിക്കാന്‍ കഴിയുമോ?

ഫാ. ടോമിനെ കാണാതായി 9 മാസം പിന്നിടുമ്പോള്‍ വിശ്വാസികളും അവിശ്വാസികളും ചില ചോദ്യങ്ങൾ മനുഷ്യ മനസ്സാക്ഷിക്ക് മുന്‍പില്‍ ഉയര്‍ത്തുന്നു. ഫാദര്‍ ടോം എവിടെ? അദ്ദേഹത്തെ രക്ഷപ്പെടുത്തുവാന്‍ സഭയും ഗവണ്‍മെന്റും എന്തു ചെയ്തു? അദ്ദേഹത്തെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയക്കാരുടെ വെറും 'പ്രസ്താവനകള്‍' മാത്രമായിരിന്നോ? സഭാധികാരികള്‍ അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ ഗവണ്‍മെന്റിന്റെ മേല്‍ എത്ര മാത്രം സമ്മര്‍ദ്ധം ചെലുത്തി?

ഉത്തരം തീര്‍ത്തും നിരാശാജനകമായിരിക്കും. തീര്‍ച്ച. കാരണം അദ്ദേഹത്തെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടന്നിരിന്നുവെങ്കില്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്ന്‍ കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിനെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അധികാരികള്‍ ശ്രമിക്കുമായിരിന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇത്രയധികം പുരോഗമിച്ച ഈ കാലത്ത് ഈ ഫേസ്ബുക്ക് എവിടെ നിന്ന്‍ ആരാണ് നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തുവാന്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. എന്നിട്ടും എന്ത്കൊണ്ട് ഇന്ത്യന്‍ ഭരണകൂടം അതിനു ശ്രമിച്ചില്ല? ഫാദര്‍ ടോമിനെ രക്ഷപെടുത്താൻ ഇന്ത്യാ ഗവൺമെൻറ് യാതൊന്നും ചെയ്യുന്നില്ലെന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ തന്നെ ആരോപണമുണ്ടായിരിന്നു.

നേരത്തെ ഒരു ചിത്രം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിന്നു. ഈ ചിത്രത്തില്‍ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെടുന്നു. തന്നെ മോചിപ്പിക്കുവാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള രീതിയിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് കൂടാതെ ഫാദര്‍ ടോമിനെ കണ്ണുകള്‍ കെട്ടി ആരോ മര്‍ദ്ദിക്കുന്നതായുള്ള വീഡിയോയും പുറത്തു വന്നു.

പുറത്തു വന്നിരിക്കുന്ന വീഡിയോയും ഫോട്ടോയും ഫാദര്‍ ടോമിന്‍റേത് തന്നെയാണെന്നു അദ്ദേഹത്തിന്റേ സഹോദരനും ബന്ധുക്കളും ദക്ഷിണ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യുഎഇയിലെ ബിഷപ് ഡോ. പോള്‍ ഹിന്‍ഡറും പിന്നീട് സ്ഥിരീകരിച്ചു. താടിരോമങ്ങള്‍ ഷേവ് ചെയ്യാത്ത വൈദികന്റെ ഫോട്ടോയുടെ കാര്യത്തില്‍ കാര്യമായ സംശയത്തിനു കാരണമില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രാലയവും സൂചന നല്‍കി. ഇതിനിടെ ഫാദര്‍ ടോമിന്റെ ഫേസ്ബുക്ക് പേജും അപ്രത്യക്ഷമായി..!

ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി 5 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം (26/12/2016) അദ്ദേഹത്തിന്റെ യാചനയോടെയുള്ള പുതിയ വീഡിയോ പുറത്തു വന്നിരിക്കുന്നു. കേവലം വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത ഒരു നിരാലംബനായ മനുഷ്യന്റെ ഹൃദയവേദനയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഒരു നിസ്സഹായനായ മനുഷ്യന്‍റെ നിലവിളി കണ്ട നാം ഇനിയും നമ്മള്‍ മൗനം പാലിക്കണമോ?

ഇത് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഫാദര്‍ ടോമിന്റെ മോചനത്തിനായി ഓരോ മനുഷ്യ സ്നേഹിയും കൈകോര്‍ക്കുക. നമ്മുടെ മനസാക്ഷി മരവിച്ച് പോയിട്ടില്ലെങ്കില്‍, നമ്മുടെ മനസ്സില്‍ കാരുണ്യത്തിന്റെ അംശം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഫാദര്‍ ടോമിന്റെ മോചനത്തിന് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ പങ്ക് ചേരുക.

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി #SaveFrTom എന്ന ഹാഷ് ടാഗ് നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക.

അതോടൊപ്പം യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

#SaveFrTom

താഴെ നല്‍കുന്ന ചിത്രം, നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിന്റെ കവര്‍ പിക്ചറാക്കി മാറ്റി കൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ ക്യാംപയിന്‍ എത്തിക്കുക.

More Archives >>

Page 1 of 4