Social Media - 2024

പെന്തക്കുസ്താ തിരുനാളിന് ഒരുങ്ങാം

മാര്‍ ജോസഫ് പെരുന്തോട്ടം 13-05-2018 - Sunday

തിരുസഭയിലെ പ്രധാന തിരുനാളുകളിലൊന്നായ പെന്തക്കുസ്താ സമാഗതമായിരിക്കുന്നു. ഈ വര്‍ഷം ഈ തിരുനാള്‍ മെയ് 20-.നായതിനാല്‍ നമ്മുടെ അതിരൂപതയുടെ ജന്മദിനവും പെന്തക്കുസ്താതിരുനാളും ഒരുമിച്ചു വന്നിരിക്കുകയാണ്. റൂഹാദ്ക്കുദശായാല്‍ നിറഞ്ഞ് ശ്ലീഹന്മാരും അവരുടെ സുവിശേഷസാക്ഷ്യംവഴി മറ്റുള്ളവരും ഏകമനസ്സോടെ ഒരു കൂട്ടായ്മയായി രൂപപ്പെടുകയും ദൃശ്യസഭയായി ഈ ലോകത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. സത്യത്തിന്റെയും ഐക്യത്തിന്റെയും വിശുദ്ധീകരണത്തിന്റെയും ദൈവികശക്തിയുടെയും ആത്മാവാണ് റൂഹാദ്ക്കുദശാ. ഈശോ വാഗ്ദാനം ചെയ്ത റൂഹാദ്ക്കുദശായെ സ്വീകരിക്കുന്നതിനുവേണ്ടി ശ്ലീഹന്മാര്‍ പരിശുദ്ധ മറിയത്തോടും മറ്റുള്ളവരോടുംകൂടി തിരുവത്താഴശാലയില്‍ പ്രാര്‍ത്ഥനാനിരതരായി കഴിഞ്ഞു. പത്താംദിവസം റൂഹാദ്ക്കുദശാ അവരുടെമേല്‍ ഇറങ്ങിവരികയും അവര്‍ ശക്തിയോടെ കര്‍ത്താവിനു സാക്ഷ്യം വഹിക്കുകയും ചെയ്തു.പ്രതികൂല ശക്തികളെയും പീഡനങ്ങളെയും അതിജീവിച്ചു മുന്നേറാന്‍ സഭയ്ക്ക് ശക്തി പകര്‍ന്നത് റൂഹാദ്ക്കുദശായായിരുന്നു.

ആന്തരികവും ബാഹ്യവുമായ എതിര്‍ശക്തികള്‍ ഇന്ന് സഭയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നുണ്ട്. അവയെ വിജയപൂര്‍വ്വം നേരിടാനും ഏകമനസ്സോടെ മിശിഹായ്ക്കു സാക്ഷ്യം വഹിക്കാനും റൂഹാദ്ക്കുദശായുടെ കൃപാവരത്തിനായി നമുക്കും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാം. ഈശോയുടെ സ്വര്‍ഗ്ഗാരോഹണം മുതല്‍ പെന്തക്കുസ്താവരെയുള്ള ദിനങ്ങളില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന ശ്ലീഹാന്മാരെപ്പോലെ ഈ വര്‍ഷം സ്വര്‍ഗ്ഗാരോഹണത്തിരുനാളായ മെയ് 10 മുതല്‍ പെന്തക്കുസ്താതിരുനാളായ മെയ് 20 വരെയുള്ള 10 ദിവസം കഴിയുന്നിടത്തോളം പ്രാര്‍ത്ഥനാരൂപിയില്‍ ചെലവഴിക്കാന്‍ നമുക്കു പരിശ്രമിക്കാം. ഈ ദിവസങ്ങളില്‍ ഓരോ മണിക്കൂറെങ്കിലും പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് താല്പര്യപ്പെടുന്നു. താഴെപ്പറയുന്ന നിയോഗങ്ങള്‍ക്കായി എല്ലാവരും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

1. നുണ പറഞ്ഞും വ്യാജാരോപണങ്ങള്‍ ഉന്നയിച്ചും സത്യം മറച്ചുവച്ചും സഭയില്‍ തെറ്റിദ്ധാരണയും അനൈക്യവും ഭിന്നതയും ശത്രുതയും വളര്‍ത്തി സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തിന്മയുടെ ശക്തിയെ പരാജയപ്പെടുത്തി സ്‌നേഹവും ഐക്യവും സമാധാനവും വളര്‍ത്താന്‍ സത്യത്തിന്റെയും ഐക്യത്തിന്റെയും അരൂപിയാല്‍ എല്ലാവരും നയിക്കപ്പെടുന്നതിന്.

2. അധികാരികളെ ധിക്കരിച്ചും അനാദരിച്ചും സഭാപ്രബോധനങ്ങളെ അവഗണിച്ചും സഭയില്‍ അച്ചടക്കരാഹിത്യം വളര്‍ത്തുന്നതിനെതിരേ ദൈവാരൂപിയുടെ പ്രചോദനത്തിന് വിധേയപ്പെട്ട് അച്ചടക്കവും അനുസരണയും വിനയവും സഭാമക്കളില്‍ വളര്‍ത്താന്‍ റൂഹാദ്ക്കുദശായുടെ കൃപ ലഭിക്കുന്നതിന്.

3. ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും

മനുഷ്യജീവനെതിരെയുള്ള ഭീഷണികളും അരങ്ങേറുന്ന സമൂഹത്തില്‍ ശരിയായ മനുഷ്യബന്ധങ്ങളും ധാര്‍മ്മികതയും പരസ്പരസ്‌നേഹവും ജീവനോടുള്ള ആദരവും സംജാതമാക്കാന്‍ ദൈവകൃപ ലഭിക്കുന്നതിന്.

4. കുടുംബങ്ങളെയും സമൂഹത്തെയും താറുമാറാക്കുന്ന മദ്യ-മയക്കുമരുന്നുകള്‍, മാധ്യമങ്ങളുടെ ദുരുപയോഗങ്ങള്‍ തുടങ്ങിയ വിപത്തുകളില്‍നിന്ന് മോചിതരായി സമാധാനപരമായ ജീവിതം നയിക്കുന്നതിനു കര്‍ത്താവിന്റെ അരൂപിയാല്‍ നിറയുന്നതിന്.

പഞ്ചവത്സര അജപാലനപദ്ധതിയുടെ ഭാഗമായി, ശ്ലീഹാന്മാരുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ ചിന്താവിഷയമാക്കുന്ന ശ്ലീഹാക്കാലത്ത്, പ്രത്യേകം ശ്രദ്ധവയ്‌ക്കേണ്ട അജപാലന മേഖലകളായ പ്രേഷിതദൗത്യം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടപ്പിലാക്കേണ്ട കാര്യങ്ങള്‍ പഞ്ചവത്സര അജപാലന മാര്‍ഗ്ഗരേഖയില്‍ പറഞ്ഞിരിക്കുന്നവ ചുവടെ ചേര്‍ക്കുന്നു:

പ്രേഷിത ദൗത്യം

1. അല്മായര്‍ അവരുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ സത്യം, നീതി, കരുണ തുടങ്ങിയ സുവിശേഷ മൂല്യങ്ങളിലടിയുറച്ചു പ്രവര്‍ത്തിച്ച്

സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തിന്റെ മുഖമാകണം.

2. അതിരൂപതയിലെ തെക്കന്‍മേഖലയ്ക്ക് പ്രത്യേകം അജപാലന പദ്ധതി തയ്യാറാക്കുക.

3. വീടുകളിലെയും ഇടവകയിലെയും ആഘോഷാവസരങ്ങള്‍ ക്രൈസ്തവ സാക്ഷ്യത്തിനുള്ള അവസരമായി മാറ്റി പരിപാടികള്‍ ക്രമീകരിക്കാനും ചടങ്ങുകളിലുടനീളം ലാളിത്യം പുലര്‍ത്താനും ശ്രദ്ധിക്കുക.

4. സമര്‍പ്പിത ദൈവവിളി, പ്രത്യേകിച്ച് സന്ന്യാസിനീസമൂഹങ്ങളിലേക്കുള്ള ദൈവവിളി പ്രോത്സാഹിപ്പിക്കാന്‍ ഇടവകകളും കുടുംബങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

5. നവമാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രഘോഷണത്തിനു ഇന്ന് ഏറെ പ്രാധാന്യമുണ്ട്. അതിനാല്‍ നവമാധ്യമങ്ങളില്‍ കാര്യക്ഷമമായും വിവേകത്തോടെയും ഇടപെടാനുള്ള പ്രായോഗിക പരിശീലനം യുവജനങ്ങള്‍ക്കു നല്കണം.

വിദ്യാഭ്യാസം

1. എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം; കാലോചിതമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും പരിശീലന ക്ലാസുകളും കരിയര്‍ ഓറിയന്റേഷന്‍ പരിപാടികളും ക്രമീകരിച്ചും സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുക.

2. എയ്ഡഡ് സ്‌കൂളുകള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ ഇടവകകളും സന്ന്യാസസമൂഹങ്ങളും പുതുതായി അണ്‍എയ്ഡഡ് സ്‌കൂളുകള്‍ തുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.

3. വിദ്യാഭ്യാസസ്ഥാപനങ്ങളുടെമേലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ചെറുക്കുന്നതിനും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കു സഭയ്ക്കുള്ള അവകാശസംരക്ഷണത്തിനുമായി ഇടവകകളില്‍ ജാഗ്രതാസമിതികള്‍ ഉണ്ടാകണം.

4. നമ്മുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിശ്വാസപരിശീലനവേദികളാണ്. അതിനാല്‍ ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വാര്‍ഷികധ്യാനവും ഇതരമതസ്ഥര്‍ക്ക് ധാര്‍മ്മികമൂല്യ പരിശീലനത്തിനുള്ള പ്രത്യേക പരിപാടികളും ഉണ്ടാകണം.

5. സാമ്പത്തിക പരാധീനതമൂലം ചില കുട്ടികള്‍ക്കെങ്കിലും ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കി വേണ്ടവിധം സഹായിക്കുന്നതിന് ഇടവകകള്‍ നടപടികള്‍ സ്വീകരിക്കുക.

പ്രിയപ്പെട്ട സഹോദരങ്ങളേ പ്രിയമക്കളേ, ഈ വര്‍ഷത്തെ പെന്തക്കുസ്താ നമുക്കു വ്യക്തിപരമായും കുടുംബങ്ങള്‍ക്കും ഇടവകകള്‍ക്കും ഒരു പുതിയ പെന്തക്കുസ്താ അനുഭവമാകാന്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചൊരുങ്ങാം. കര്‍ത്താവിന്റെ കൃപ നമ്മോടൊപ്പം ഉണ്ടായിരിക്കട്ടെ.

സ്‌നേഹത്തോടെ,

ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം

ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത


Related Articles »