India - 2024
ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കണം: ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍
സ്വന്തം ലേഖകന്‍ 20-05-2018 - Sunday
കോഴിക്കോട്: അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്ക്കണമെന്ന് കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍. ഭരണഘടന നല്കിയ ഏറ്റവും വലിയ അവകാശമാണ് ന്യൂനപക്ഷ അവകാശങ്ങളെന്നും ഒരുമിച്ച് നില്ക്കാതെ ഒറ്റയ്ക്കു നിന്നാല്‍ ഒന്നുമല്ലാതായി തീരുമെന്നും അദ്ദേഹം പറഞ്ഞു. അണ്‍ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് കണ്‍സോര്‍ഷ്യം (അസ്മാക്ക്) മലബാര്‍ റീജണല്‍ മീറ്റും വിദ്യാഭ്യാസ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന നല്കിയ ഏറ്റവും വലിയ അവകാശമാണ് ന്യൂനപക്ഷ അവകാശങ്ങള്‍. ഈ അവകാശങ്ങള്‍ എടുത്തുകളഞ്ഞാല്‍ ന്യൂനപക്ഷങ്ങളും അവരുടെ സ്ഥാപനങ്ങളും ഒന്നുമല്ലാതായി തീരും. സമൂഹത്തില്‍ വിഭാഗീയത ഉണ്ടാവാന്‍ പാടില്ല. ജാതിമത ഭേദമന്യേ എല്ലാവരേയും സ്നേഹിക്കുകയും സ്വീകരിക്കുകയുമാണ് വേണ്ടത്. ജാതിമതവിത്യാസമില്ലാതെ എല്ലാവരേയും സ്വീകരിക്കുന്ന മനോഭാവമാണ് ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അസ്മാക്ക് സംസ്ഥാന പ്രസിഡന്റ് ഫാ.ഡോ. ജി. ഏബ്രഹാം തളോത്തില് അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് പ്രൊവിന്‍സ് പ്രൊവിന്‍ഷല്‍ ഫാ. തോമസ് തെക്കേല്‍, അസ്മാക് ജനറല്‍ സെക്രട്ടറി ഫാ. ജോര്ജ്പുഞ്ചായില്, തലശേരി രൂപത അണ്‍എയ്ഡഡ് സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ചേമ്പ്കണ്ടത്തില്, കണ്ണൂര്‍ രൂപതാ ചാന്‍സലര്‍ ഫാ. റോയ് നെടുന്താനം, അസ്മാക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജില്‍സണ്‍ ജോസഫ് തയ്യില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എം. മാത്യു, പ്രഫ. കെ.വി. തോമസ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.