അതിശക്തനായിരുന്ന സാക്സണ്‍ രാജാവ് തിയോഡോറിക്കിന്റെ മകളായിരുന്നു, രാജകുമാരിയായിരുന്ന വിശുദ്ധ മെറ്റില്‍ഡ. വളരേ ചെറുപ്പത്തില്‍ തന്നെ അവളുടെ മാതാപിതാക്കള്‍ അവളെ എര്‍ഫോര്‍ഡ് ആശ്രമത്തില്‍ ചേര്‍ത്തു. അവളുടെ മുത്തശ്ശിയായിരുന്ന മൌദ് ആയിരുന്നു അവിടത്തെ ആശ്രമാധിപ. സകല സത്ഗുണങ്ങളുടേയും വിളനിലമായിരുന്ന വിശുദ്ധ, മറ്റുള്ളവര്‍ക്കെല്ലാം മാതൃകവ്യക്തിത്വത്തിന് ഉടമയായിരുന്നു. 913-ല്‍ മെറ്റില്‍ഡയുടെ മാതാപിതാക്കള്‍ അവളെ, സാക്സോണിലെ പ്രഭുവായിരുന്ന ഒത്തോയുടെ മകനും പില്‍ക്കാലത്ത് ജെര്‍മ്മനിയിലെ രാജാവുമായി തീര്‍ന്ന ഹെന്‍റിയുമായി വിവാഹ ഉടമ്പടിയിലേര്‍പ്പെട്ടു. വിവാഹം ജീവിതം ആരംഭിക്കുന്നത് വരെ അവള്‍ ആ ആശ്രമത്തില്‍ കഴിഞ്ഞു. വളരെ സമര്‍ത്ഥനും, ദൈവഭക്തിയുള്ളവനുമായ ഒരു രാജകുമാരനായിരുന്നു ഹെന്‍റ്റി, മാത്രമല്ല അദ്ദേഹം തന്റെ പ്രജകളോട് വളരെയേറെ ദയയുള്ളവനുമായിരുന്നു. അല്‍പ്പകാലത്തിനുള്ളില്‍ തന്നെ ഹെന്‍റ്റി ഹംഗറിയക്കാരുടേയും, ഡെന്‍മാര്‍ക്ക് കാരുടേയും അധിനിവേശം തടയുകയും, ആ ഭൂപ്രദേശങ്ങള്‍ തന്റെ ഭരണപ്രദേശത്തോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
ഈ സമയമത്രയും വിശുദ്ധ തന്റെ ആത്മീയ ശത്രുക്കളുടെ മേല്‍ വിജയം വരിക്കുവാന്‍ ശ്രമിച്ചുകൊണ്ട് ഒരു നല്ല ക്രിസ്ത്യാനിയും, സ്വര്‍ഗ്ഗീയ പിതാവിന്റെ മുന്‍പില്‍ വലിയവളുമായിതീര്‍ന്നു. കഠിനമായ പ്രാര്‍ത്ഥനകളും, ധ്യാനവും വഴി വിശുദ്ധ തന്റെ മനസ്സില്‍ ഭക്തിയുടേയും, എളിമയുടേയും അമൂല്യമായ വിത്തുകള്‍ പാകി. രോഗികളേയും, പീഡിതരേയും സന്ദര്‍ശിക്കുക, അവര്‍ക്ക് ആശ്വാസം പകരുക, പാവപ്പെട്ടവരെ സേവിക്കുക, അവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ വിശുദ്ധക്ക് വളരെയേറെ ആനന്ദമുണ്ടാക്കുന്നവയായിരുന്നു. അവളുടെ കാരുണ്യ പ്രവര്‍ത്തികളുടെ ഫലങ്ങള്‍ തടവ് പുള്ളികള്‍ക്ക് വരെ ലഭിച്ചിരുന്നു. വിശുദ്ധയുടെ ഇത്തരം നല്ല പ്രവര്‍ത്തനങ്ങളില്‍ പ്രചോദിതനായ ഹെന്‍റ്റിയാകട്ടെ അവളുടെ എല്ലാ പദ്ധതികളിലും അവളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
936-ല്‍ അവരുടെ വിവാഹം കഴിഞ്ഞു 23 വര്‍ഷമായപ്പോള്‍ ദൈവം ഹെന്‍റ്റിയെ തിരികെ വിളിച്ചു. അദ്ദേഹം രോഗശയ്യയിലായിരുന്നപ്പോള്‍, വിശുദ്ധ ദേവാലയത്തില്‍ പോവുകയും അള്‍ത്താരയുടെ കീഴില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക പതിവായിരുന്നു. ജനങ്ങളുടെ കരച്ചിലും, അലമുറയിടലും കണ്ട് അദ്ദേഹം മരിച്ചുവെന്നു മനസ്സിലാക്കിയ അവള്‍ ഉടന്‍തന്നെ ഒരു പുരോഹിതനെ വിളിപ്പിക്കുകയും തന്റെ ഭര്‍ത്താവിന്റെ ആത്മാവിനു വേണ്ടിയുള്ള തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. അവള്‍ക്ക് മൂന്ന് ആണ്‍കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് ചക്രവര്‍ത്തിയായി തീര്‍ന്ന ഒട്ടോ, ബാവരിയായിലെ പ്രഭുവായിരുന്ന ഹെന്‍റ്റി, കൊളോണിലെ മെത്രാപ്പോലീത്തയായിരുന്ന ബ്രണ്‍ എന്നിവരായിരുന്നു അവര്‍.
ഇവരില്‍ ഒട്ടോ 937-ല്‍ ജര്‍മ്മനിയിലെ രാജാവാകുകയും പിന്നീട് 962-ല്‍ ബൊഹേമിയരുടേയും, ലൊമ്പാര്‍ഡുകളുടേയും മേല്‍ വിജയം നേടുകയും തുടര്‍ന്ന് റോമിലെ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. ഇതിനിടെ മൂത്ത രണ്ടു മക്കള്‍ ഗൂഡാലോചന നടത്തുകയും വിശുദ്ധയുടെ സ്വത്തു മുഴുവന്‍ അവളില്‍ നിന്നും അപഹരിക്കുകയും ചെയ്തു. ഈ നീച പ്രവര്‍ത്തിയില്‍ കോപാകുലയായ മെറ്റില്‍ഡ രാജ്യത്തിന്റെ വരുമാനം മുഴുവനും പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. പിന്നീട് ആ രാജകുമാരന്‍മാര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തിയില്‍ പശ്ചാത്താപം തോന്നുകയും അവളില്‍ നിന്നും അപഹരിച്ചതു മുഴുവന്‍ അവള്‍ക്ക് തിരികെ നല്‍കുകയും ചെയ്തു.
വിശുദ്ധ തന്റെ കാരുണ്യ പ്രവര്‍ത്തികള്‍ പൂര്‍വ്വാധികം ഭംഗിയായി തുടര്‍ന്നു. നിരവധി ദേവാലയങ്ങള്‍ കൂടാതെ അഞ്ചോളം ആശ്രമങ്ങളും വിശുദ്ധ പണികഴിപ്പിച്ചു. അവസാനമായി വിശുദ്ധ രോഗിണിയായപ്പോള്‍ തന്റെ പേരക്കുട്ടിയും, മെന്റ്സിലെ മെത്രാപ്പോലീത്തയുമായിരുന്ന വില്ല്യമിനോടു കുമ്പസാരിച്ചു. വിശുദ്ധ മരിക്കുന്നതിനു 12 ദിവസം മുന്‍പേ, വീട്ടിലേക്കുള്ള യാത്രക്കിടയില്‍ വൈദികനായ വില്ല്യം മരണത്തിനു കീഴ്പ്പെട്ടു. പിന്നീട് വിശുദ്ധ ആ പ്രദേശത്തെ സന്യാസിമാരേയും, പുരോഹിതരേയും വിളിച്ചു വരുത്തി അവര്‍ക്ക് മുന്‍പില്‍ രണ്ടാമതായി ഒരു പൊതു കുമ്പസാരം കൂടി നടത്തി. 968 മാര്‍ച്ച് 14ന് തന്റെ തലയില്‍ ചാരം പൂശി, ചണംകൊണ്ടുള്ള തുണിയില്‍ കിടന്നുകൊണ്ട് അവള്‍കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
ഇതര വിശുദ്ധര്‍
1. ആഫ്രിക്കയിലെ പീറ്ററും അഫ്രോഡിസൂസും
2. റോമയിലെ ഒരു ബിഷപ്പായ ബോണിഫസ് കുരിറ്റന്‍
3. ഇറ്റലിയിലെ ഡിയാക്കൊഞ്ഞുസ്
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക