News - 2024

പാപ്പയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി അബുദാബിയില്‍ 'സഹിഷ്ണുതാ സത്യപ്രതിജ്ഞ'

സ്വന്തം ലേഖകന്‍ 02-02-2019 - Saturday

അബുദാബി: ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി അബുദാബി എഡ്യൂക്കേഷന്‍ അഫയേഴ്സ് ഓഫീസിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തിഅഞ്ഞൂറോളം കുട്ടികള്‍ 'സഹിഷ്ണുത പ്രതിജ്ഞ' നടത്തി. ഷെയിഖ് സയിദ് ബിന്‍ സുല്‍ത്താന്‍ ആന്‍ നഹ്യാന്‍ വിഭാവനം ചെയ്ത സഹിഷ്ണുതാപരമായ മൂല്യങ്ങളെ ദൃഢീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സഹിഷ്ണുതാ സത്യപ്രതിജ്ഞ നടത്തിയത്. ആഗോള സഭ തലവനായ ഫ്രാന്‍സിസ് പാപ്പായുടേയും, അല്‍ അസ്ഹര്‍ അല്‍ ഷരീഫ് ഗ്രാന്‍ഡ്‌ ഇമാമായ ഡോ. അഹ്മദ് എല്‍ തയേബിന്റേയും ചരിത്രപരമായ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് സഹിഷ്ണുതാ സത്യ പ്രതിജ്ഞ സംഘടിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ ഓഫീസ് പ്രസ്താവിച്ചു.

കള്‍ച്ചര്‍ യൂത്ത് & സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ തലവനായ ഷെയിഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ചടങ്ങില്‍ സന്നിഹിതനായിരുന്നു. മറ്റുള്ളവരെ ബഹുമാനിക്കുക, അക്രമത്തിനും വിദ്വേഷത്തിനുമെതിരെ കടുത്ത നിലപാട് സ്വീകരിക്കുക, സമാധാനം പുനസ്ഥാപിക്കുന്നതില്‍ ഭാഗഭാഗാക്കുക തുടങ്ങിയ ഒമ്പത് പ്രസ്താവനകളായിരുന്നു പ്രതിജ്ഞയുടെ കാതല്‍. 2019നെ സഹിഷ്ണുതയുടെ വര്‍ഷമായി കഴിഞ്ഞ വര്‍ഷം തന്നെ പ്രസിഡന്റ് ഷെയിഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചിരുന്നു.

കലാ-സാംസ്കാരിക പരിപാടികളിലൂടെയും, വിവിധ പദ്ധതികളിലൂടെയും യു.എ.ഇ. യെ സഹിഷ്ണുതയുടെ ആഗോള തലസ്ഥാനമാക്കി മാറ്റുകയുമാണ് സഹിഷ്ണുതാ വര്‍ഷത്തിന്റെ മുഖ്യ പ്രമേയത്തിന്റെ പിന്നിലെ ആശയം. നാളെ പാപ്പായുടെ സന്ദര്‍ശനം ആരംഭിക്കുവാനിരിക്കെ അറബ് മേഖലയില്‍ പുതിയ സമാധാനാന്തരീക്ഷവും, മതസൗഹാര്‍ദ്ദവും, പരസ്പര ബഹുമാനവും ഉടലെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Related Articles »