Youth Zone - 2024
“ഇതാ ഞാന്‍! എന്നെ അയച്ചാലും”: പാക്ക് സഭയുടെ യുവജന വര്‍ഷ പ്രമേയം
സ്വന്തം ലേഖകന്‍ 08-04-2019 - Monday
കറാച്ചി: 2020 യുവജനവര്‍ഷമായി ആചരിക്കുവാന്‍ പാക്ക് കത്തോലിക്ക സഭ തീരുമാനിച്ചതിന് പിന്നാലെ ആചരണത്തിന്റെ പ്രമേയം ദേശീയ മെത്രാന്‍ സമിതി പുറത്തുവിട്ടു. “ഇതാ ഞാന്‍ എന്നെ അയച്ചാലും!” (ഏശയ്യ 6:8) എന്ന സുവിശേഷഭാഗമാണ് യുവജന വര്‍ഷാചരണത്തിന്റെ മുഖ്യ പ്രമേയം. 2019ലെ ക്രിസ്തുരാജന്റെ തിരുനാള്‍ ദിനം മുതല്‍ 2020 ക്രിസ്തുരാജന്റെ തിരുനാള്‍ ദിനം വരെയായിരിക്കും യുവജനദിനാചരണം നടക്കുക. തങ്ങളുടെ ദൈവവിളി തിരിച്ചറിയുവാനും, അതിനനുസരണമായി പുരോഹിതന്‍, സന്യാസി, അത്മായന്‍ എന്നീ നിലകളില്‍ സഭയെ സേവിക്കുവാനും യുവാക്കളെ സഹായിക്കുക എന്നതാണ് “ഇതാ ഞാന്‍ എന്നെ അയച്ചാലും!” എന്ന പ്രമേയം സ്വീകരിച്ചതിന്റെ പിന്നിലെ കാരണമെന്ന് ഹൈദരാബാദ് മെത്രാനായ സാംസണ്‍ ഷുക്കാര്‍ഡിന്‍ വ്യക്തമാക്കി.
യുവജനതയെ പരിപാലിക്കുവാനും, അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുവാനും, വിശുദ്ധിയിലേക്കുള്ള വിശ്വാസ യാത്രയില്‍ അവരെ അനുഗമിക്കുവാനും യുവജന വര്‍ഷം ഏറ്റവും അനുയോജ്യമായ സമയമാണെന്നും കറാച്ചിയിലെ സെന്റ് പാട്രിക്സ് കത്തീഡ്രലില്‍ വെച്ച് നടന്ന മെത്രാന്‍ സമിതിയുടെ കൂടിയാലോചനക്കിടയില്‍ ഹൈദരാബാദ് മെത്രാനായ സാംസണ്‍ ഷുക്കാര്‍ഡിന്‍ പറഞ്ഞു. വിശ്വാസത്തില്‍ വളരുവാനും സമൂഹത്തില്‍ സന്തോഷമായി ജീവിക്കുവാനും യുവജനതയെ സഹായിക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവജനവര്‍ഷാചരണത്തിനു വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും, വിവിധ പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യുനതിനായി ഒരു അഡ് ഹോക്ക് കമ്മിറ്റിക്ക് ഇതിനോടകം രൂപം നല്‍കിയിട്ടുണ്ട്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനിലെ മുഴുവന്‍ രൂപതകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. “യുവജനം, വിശ്വാസം, ദൈവവിളിയുടെ തിരിച്ചറിവ്” എന്ന വിഷയത്തെ ആസ്പദമാക്കി കഴിഞ്ഞ വര്‍ഷം നടന്ന മെത്രാന്‍ സിനഡിന്റെ പ്രാമാണിക രേഖകള്‍ ഉള്‍കൊള്ളുന്ന “ക്രിസ്റ്റസ് വിവിറ്റ്” എന്ന ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക പ്രബോധനത്തെക്കുറിച്ചുള്ള സെമിനാറും പരിപാടിയുടെ ഭാഗമാണ്.