Meditation. - March 2024
കുരിശിലെ യേശുവിന്‍റെ സഹനങ്ങളില്‍ പങ്ക് ചേര്‍ന്ന പരിശുദ്ധ അമ്മ
സ്വന്തം ലേഖകന്‍ 25-03-2024 - Monday
"അങ്ങിനെ, അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചു കയറും" (ലൂക്കാ 2:35).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 25
കാൽവരിയിലെ കുരിശിൻ ചുവട്ടിൽ, അത്യഗാധമായ വേദനയുടെ സമയത്ത് തന്റെ അമ്മയ്ക്കും ഏറ്റം സ്നേഹിക്കുന്ന ശിഷ്യനും യേശു നൽകിയ കുരിശിന്റെ സന്ദേശത്തിൽ ഉദാത്തമായ സ്നേഹത്തിന്റെ വാക്കുകൾ ഉണ്ട്. വി. യോഹന്നാൻ താനെഴുതിയ സുവിശേഷത്തിൽ ഇങ്ങിനെ ഓർക്കുന്നു, "യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും നില്‍ക്കുന്നുണ്ടായിരുന്നു" (യോഹന്നാന്‍ 19;25). അതായത് അവിടെ ഒരു സ്ത്രീയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
വർഷങ്ങൾക്കു മുൻപേ വിധവയായ, തന്റെ ഏക മകനെയും ഏതാണ്ട് നഷ്ടപെടുവാൻ പോകുന്ന അവസ്ഥയിൽ മനസ്സ് മുഴുവന്‍ തകര്‍ന്ന ഒരമ്മ. താൻ കണ്ടതും അനുഭവിച്ചതുമായ പീഢാനുഭവ സംഭവവികാസങ്ങളുടെ ആഘാതത്താൽ, ആ കുരിശു മരണ സമയത് അവളുടെ ശരീരത്തിലെ ഓരോ അണുവും അല്ലെങ്കിൽ കോശവും തരിച്ചു നിന്ന സമയത്ത് ആര്‍ക്ക്, എന്ത് പറഞ്ഞു സമാധാനിപ്പിക്കുവാൻ ആവും?
യേശുവും പരിശുദ്ധ അമ്മയും തമ്മിലുള്ള ബന്ധമെന്നത് 'മാംസരക്തങ്ങളുടെ' കേവലം ഒരു ബന്ധം മാത്രമായിരുന്നില്ല. എന്നാൽ തികച്ചും മാനുഷികമായിരുന്ന ഒരു ബന്ധമായിരിന്നു അത്. 'കുരിശിനരികിലെ മറിയത്തിന്റെ സാന്നിദ്ധ്യം' സൂചിപ്പിക്കുക മകന്റെ രക്ഷാകര പ്രവർത്തിയിലെ അവളുടെ പൂർണമായ അര്‍പ്പണ മനോഭാവത്തെയാണ്. അത് കൊണ്ടാണ് ഈശോയുടെ അതി തീവ്ര സഹനത്തിൽ താനും പങ്കാളിയാവും എന്ന് മറിയം തീരുമാനിച്ചത്;
'നിന്‍റെ ഹൃദയത്തിലൂടെ ഒരു വാൾ കടക്കും' എന്നുള്ള ശിമയോന്റെ ആ പ്രവചനം പൂര്‍ത്തീകരിച്ച് കൊണ്ട് യേശുവിനോടൊപ്പം പിതാവിന്റെ ആ നിഗൂഡമായ പദ്ധതി പരിശുദ്ധ അമ്മ സ്വീകരിച്ചു. രക്ഷാകര പദ്ധതിയിൽ വ്യവസ്ഥയില്ലാതെ പങ്കു ചേരുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പരിശുദ്ധ അമ്മ മാതൃക കൂടിയാവുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.11.88)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.