Editor's Pick
ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുമ്പോൾ വേദനിക്കാത്തവരും ലോകം തിരിച്ചറിയാതെ പോകുന്ന ചില സത്യങ്ങളും
സ്വന്തം ലേഖകന്‍ 24-04-2019 - Wednesday
സമൂഹത്തിൽ അനീതിയും അക്രമവും അഴിഞ്ഞാടുമ്പോൾ അതിൽ വേദനിക്കുന്നവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ; അതിൽ പ്രതികരിക്കുന്നതാണ് യഥാർത്ഥ മാധ്യമപ്രവർത്തനം; അതിനെ തുടച്ചുനീക്കാൻ വെമ്പൽ കൊള്ളുന്നവരാണ് യഥാർത്ഥ സാംസ്കാരിക നായകന്മാർ, അതിനെ ഇല്ലായ്മചെയ്യാൻ പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ നേതാക്കന്മാർ. മാനവചരിത്രത്തിലുടനീളം ഇത്തരം വ്യക്തികൾ നടത്തിയ ചെറുതും വലുതുമായ പ്രവർത്തനങ്ങൾ മാനവസമൂഹത്തെ ശരിയായ പാതയിൽ നയിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇപ്രകാരം, സമൂഹത്തിൽ നന്മയുടെ വിത്തുകൾ വിതക്കപ്പെടുന്നതിനും അതിനെ വളർത്തുന്നതിനും കാവൽക്കാരാകേണ്ടവരാണ് മാധ്യമങ്ങളും, സാംസ്കാരിക നായകന്മാരും, ലോകനേതാക്കളും.
എന്നാൽ അടുത്തകാലത്ത് സ്വന്തം സ്ഥാപിത താൽപര്യങ്ങൾക്കു വേണ്ടി മാത്രം പ്രവർത്തിച്ചുകൊണ്ട് ഇക്കൂട്ടർ മാനവസമൂഹത്തിൽ വിഷവിത്തുകളുടെ കാവൽക്കാരാകുന്നുവെന്നു മാത്രമല്ല, ചിലപ്പോഴൊക്കെ ഇവരിലൂടെത്തന്നെ വിഷവിത്തുകൾ വിതക്കപ്പെടുകയും ചെയ്യുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ക്രൈസ്തവ വിശ്വാസികളെ കൂട്ടക്കൊല ചെയ്യുമ്പോൾ ഇക്കൂട്ടർ നടത്തുന്ന മൗനം. ഇതിൽ ചില ക്രൈസ്തവ മാധ്യമങ്ങളും നേതാക്കളും ഉൾപ്പെടുന്നു എന്നതാണ് ഏറ്റവും ഖേദകരം.
ക്രൈസ്തവ സമൂഹത്തിലെ ചെറിയ വീഴ്ചകൾ ഉയർത്തിക്കാട്ടി മണിക്കൂറുകൾ നീളുന്ന ചാനൽ ചർച്ചകൾ നടത്തുന്നവരെയും, "ആരോടൊക്കെയോ ഒപ്പം" സോഷ്യൽ മീഡിയ ക്യാമ്പയിൻ സംഘടിപ്പിച്ച് ലൈക്കുകളും ഷെയറുകളും കൊണ്ട് സംതൃപ്തരാകുന്നവരെയും, രാജ്യത്തെ നീതിന്യായ കോടതികൾ വിധി പറയുംമുമ്പേ സോഷ്യൽ മാധ്യമങ്ങളിലൂടെ തൂക്കിക്കൊല്ലാനും വെടിവച്ചുകൊള്ളാനും ആഹ്വാനം ചെയ്യുന്ന "മനുഷ്യസ്നേഹികളെയും", സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതന്മാരായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവിൽ വരുന്ന "പ്രചോദക" പ്രഭാഷകരെയും ഒന്നും ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുമ്പോൾ കണ്ടെത്താനാവില്ല. ചില മാധ്യമങ്ങൾ അതിനെ വെറും ചരമവാർത്തകളായി ചിത്രീകരിക്കുമ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ അവരുടെ ലൈക്കുകൾ വർദ്ധിപ്പിക്കാനുതകുന്ന നിറം പിടിപ്പിച്ച വാർത്തകൾക്കായി മുഖം മിനുക്കി മൗനമായി കാത്തിരിക്കുന്നു.
ലോകത്തെ നടുക്കി ശ്രീലങ്കയില്‍ ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ക്രൈസ്തവ നരഹത്യയിൽ പിഞ്ചു കുട്ടികളടക്കം 321 നിരപരാധികളാണ് കൊല്ലപ്പെട്ടത്. നാഷനൽ തൗഹീദ് ജമാഅത്ത് (എൻടിജെ) എന്ന സംഘടനയിൽപ്പെട്ട 7 ലങ്കൻ തീവ്രവാദികളാണ് ചാവേറുകളായി ഈ ഭീകരകൃത്യം നടത്തിയത്. താരതമ്യേന ചെറിയ സംഘടനകളായ ഇവർക്ക് രാജ്യാന്തര സംഘടനകളുടെ പിന്തുണ ലഭിക്കാതെ ഇത്തരം സ്ഫോടനങ്ങൾ നടത്തുക സാധ്യമല്ല. നിരപരാധികളായ ഈ മനുഷ്യരുടെ മരണം പോലെതന്നെ സാമൂഹ്യമനഃസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു ഈ വിഷയത്തിൽ മാധ്യമങ്ങളും, സാംസ്കാരിക നായകന്മാരും, നേതാക്കന്മാരും നടത്തിയ മൗനം.
ഇസ്ളാം മതം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവോ?
മതചിന്തകൾക്ക് അതീതമായി സമാധാനം ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന നിരവധി മുസ്‌ലീം നേതാക്കൾ ഈ ലോകത്തുണ്ട് എന്നത് സത്യമാണ്. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ്സ് പോലുള്ള തീവ്രവാദി സംഘടനകളെ അവരുടെ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നതിനും ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനും ഇസ്ളാം മതത്തിനും അവരുടെ നേതാക്കന്മാർക്കും വലിയ പങ്കു വഹിക്കുവാൻ കഴിയും. എന്നാൽ അതിന് അവർ ശ്രമിക്കുന്നുണ്ടോ എന്നത് ലോകം ഗൗരവത്തോടെ കാണേണ്ടതാണ്.
നൂറ്റാണ്ടുകളായി ക്രൈസ്തവ വിശ്വാസം നിലനിന്നിരുന്ന യൂറോപ്യൻ രാജ്യങ്ങൾ കരുണയും സഹാനുഭൂതിയും മൂലം മുസ്‌ലിം അഭയാർത്ഥികളെ അവരുടെ രാജ്യത്തേക്കു സ്വീകരിക്കുകയും, ഈ രാജ്യങ്ങൾ നൽകുന്ന ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും ചികിത്സാ സൗകര്യങ്ങളും മറ്റും സൗജന്യമായി സ്വീകരിച്ച ശേഷം ഇവരിൽ ചിലർ തീവ്രവാദ സംഘടനകളുടെ ഉപകരണങ്ങളായി മാറുകയും ചെയ്യുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒരു വസ്തുതയാണ്. ഈ സത്യം തിരിച്ചറിഞ്ഞിട്ടും ശത്രുക്കളെ സ്നേഹിച്ചുകൊണ്ട് വീണ്ടും ഇത്തരം അഭയാർത്ഥികൾക്കായി വാതിൽ തുറന്നുകൊടുക്കുന്നത് യൂറോപ്പിന്റെ ബലഹീനതയായി ആരും കണക്കാക്കരുത്, പിന്നെയോ ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച ക്രൈസ്തവ വിശ്വാസം വിതച്ച നന്മകൾ യൂറോപ്പിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് അത്.
ഓരോ ഇസ്ളാം മതവിശ്വാസിയെയും ബാല്യം മുതലേ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വചനങ്ങൾ പഠിപ്പിക്കുന്നതിനുപകരം, ഇവരുടെ ഏതെങ്കിലും മതബോധനസംവിധാനങ്ങൾ വർഗ്ഗീയതയുടെ വിത്തുകൾ കുരുന്നു മനസ്സിൽ വിതയ്ക്കുന്നതിന് കാരണമാകുന്നുണ്ടോ? എങ്കിൽ അതിൽ കാതലായ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ലോകസമാധാനത്തിനു വിരുദ്ധമായി കുരുന്നുമനസ്സുകളിൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കുകയും പിന്നീട് അതു വളർന്ന് തീവ്രവാദപ്രവർത്തനങ്ങളായി മാറുകയും ചെയ്യാൻ ഏതെങ്കിലും മതബോധന സംവിധാനങ്ങൾ കാരണമാകുന്നെങ്കിൽ അതിനെ നിരീക്ഷിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ഓരോ ഗവൺമെന്റുകളുടെയും കടമയാണ്.
എന്തുകൊണ്ടാണ് ഈസ്റ്റർ ദിനത്തിൽ ആക്രമണങ്ങൾ?
സത്യദൈവവും ലോകരക്ഷകനുമായ യേശുക്രിസ്തു പിശാചിനെയും മരണത്തെയും പരാജയപ്പെടുത്തിക്കൊണ്ട് കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്തതിന്റെ ഓർമ്മ ആചരിക്കുന്ന വിശുദ്ധവാരത്തിൽ ലോകത്തിന്റെ പല ഭാഗത്തും ഭീകരാക്രമണങ്ങൾ നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ്സ് പോലുള്ള സംഘടനകൾ പദ്ധതിയിടാറുണ്ട്. എന്നാൽ ചില രാജ്യങ്ങളിലെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ മൂലം അവരുടെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുന്നു.
നിരപരാധികളെ കൂട്ടക്കൊല ചെയ്യാൻ വേണ്ടി ഈസ്റ്റർ ദിനം തന്നെ തിരഞ്ഞെടുക്കുമ്പോൾ, സാത്താനും അവന്റെ കൂട്ടാളികളും അവരുടെ ആധിപത്യത്തിലുള്ള മരണവും തങ്ങളുടെ പരാജയത്തിന്റെ ഓർമ്മ പുതുക്കി അലറിവിളിച്ചുകൊണ്ട് ഇത്തരം സംഘടനകളിലൂടെ പ്രവർത്തിക്കുന്നു എന്ന സത്യമാണ് വെളിപ്പെടുന്നത്. ഇത്തരം തീവ്രവാദ സംഘടനകൾക്ക് പ്രേരണയും മൗനാനുവാദവും നൽകുന്ന മതവിശ്വാസങ്ങളും, മതഗ്രന്ഥങ്ങളും ഈ ലോകത്തിൽ വിതക്കുന്ന വിഷവിത്തുകൾ ലോകം തിരിച്ചറിയുന്നില്ല എന്നതാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ദുരന്തം.
ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നതിലൂടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കാം എന്നത് തീവ്രവാദികളുടെ വ്യാമോഹം മാത്രമാണ്. രണ്ടായിരം വർഷത്തെ ക്രൈസ്തവ ചരിത്രം പരിശോധിച്ചാൽ ഓരോ ക്രൈസ്തവ വിശ്വാസി കൊല്ലപ്പെടുമ്പോഴും പതിനായിരങ്ങൾ ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു സത്യവിശ്വാസം സ്വീകരിക്കുന്നു. കാരണം ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് മനുഷ്യനിർമ്മിത ദൈവങ്ങളിലല്ല പിന്നെയോ മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിലാണ്.