India - 2024

പാഞ്ചാലിമേട്ടിലെ കുരിശ് തകര്‍ക്കാനുള്ള നീക്കം: മതസൗഹാർദം ഇല്ലാതാക്കാനുള്ള ശ്രമമെന്ന് ക്ഷേത്ര ഭാരവാഹികള്‍

സ്വന്തം ലേഖകന്‍ 18-06-2019 - Tuesday

ഇടുക്കി: പാഞ്ചാലിമേട്ടിലെ കുരിശുകൾ നീക്കം ചെയ്യണമെന്ന ബജ്റംഗ്ദൾ പ്രവർത്തകരുടെ ആവശ്യം മതസൗഹാർദം തകർക്കാനുള്ള ശ്രമമെന്ന് പ്രദേശത്തെ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും. റവന്യൂഭൂമിയിലാണ് കുരിശുകളും അമ്പലവും ഉള്ളതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്ന് ജില്ലാ കളക്ടർ എച്ച്.ദിനേശ് ഇന്നലെ പറഞ്ഞു. ഇതിനിടെ പ്രദേശത്ത് വര്‍ഗ്ഗീയത പരത്താന്‍ കുരിശിന് സമീപം ബജ്റംഗ്ദൾ പ്രവർത്തകർ ശൂലം സ്ഥാപിച്ച സംഭവത്തിൽ പെരുവന്താനം പോലീസ് കേസെടുത്തു. മതസ്പർധ ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് കേസ്.

ഭൂപരിഷ്കരണത്തിന് ശേഷം സർക്കാർ മിച്ചഭൂമിയായി കണ്ടെത്തിയ പാഞ്ചാലിമേട്ടിലെ സ്ഥലത്താണ് കുരിശുകളും അമ്പലവും സ്ഥിതി ചെയ്യുന്നത്. എന്നാൽ അതിനും മുമ്പ് 1956ലാണ് കുരിശ് സ്ഥാപിച്ചതാണെന്നാണ് യാഥാര്‍ത്ഥ്യം. അമ്പലത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. റവന്യൂ ഭൂമിയെങ്കിലും സർക്കാർ രണ്ടിടത്തേക്കുമുള്ള തീർത്ഥാടനം അനുവദിച്ചിരുന്നു. പിന്നീട് ടൂറിസത്തിനായി ഡിടിപിസി സ്ഥലമേറ്റെടുത്തപ്പോഴും ഈ ആനുകൂല്യം ലഭിച്ചു. നിലവിലെ വിവാദം മതസൗഹാർദം തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും ഒരുപോലെ വ്യക്തമാക്കുന്നത്. ഇപ്പോഴുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനാവില്ലെന്നു ഇടുക്കി ജില്ലാ കളക്ടർ എച്ച് ദിനേശൻ വ്യക്തമാക്കി.


Related Articles »