Charity

കരുണചൊരിയുന്ന കരുണാഭവന്‍ ഹോമേജ്

തോമസ്‌ ചെറിയാൻ 01-04-2016 - Friday

ചില അത്യാവശ്യ കാര്യങ്ങള്‍ക്കായി നാട്ടില്‍ ചെന്നപ്പോള്‍ ഭാര്യയുടെ ആഗ്രഹ പ്രകാരം ഞങ്ങള്‍ കരുണാഭവന്‍ ഹോമേജ് എന്ന വൃദ്ധ സദനത്തില്‍ പോകാന്‍ ഇടയായി. ഏതൊരു വൃദ്ധ സദനത്തിലേതും പോല്‍ കരച്ചിലും കണ്ണീരുമായി കഴിയുന്ന ഒരുകൂട്ടം ജീവിതങ്ങളെ പ്രതീക്ഷിച്ചായിരുന്നു പോയത്; പക്ഷെ മലര്‍ക്കെ തുറന്നുള്ള പ്രധാന വാതിലും, ആഗതരെ എതിരേല്‍ക്കാനായി കൊഞ്ചി കൊഞ്ചി ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇണ കുരുവികളുടെ വലിയ കൂടും, മുറ്റത്ത് പകിട്ടേറിയ നിറങ്ങളോടെ വിടര്‍ന്നു നില്‍ക്കുന്ന സീലിയ പുഷ്പങ്ങളും, ചെറുകാറ്റിനൊപ്പം മന്ത്രിക്കുന്നുണ്ടായിരുന്നു ഇതൊരു സ്വര്‍ഗീയ കവാടമെന്ന്.

ഊഹം തെറ്റിയില്ല, ഉമ്മറപ്പടിയിലെ കസേരമേലിരുന്ന മത്തായിച്ചേട്ടനും തോമസ് ചേട്ടനുമടക്കം എതാനം പേരുടെ മുഖത്തു നിന്നും ഒരിക്കലും നിരാശയുടെയോ ഒറ്റപ്പെടുത്തലുകളുടെയോ, കുറ്റപ്പെടുത്തലുകളുടെയോ നിഴല്‍ പോലും കാണാന്‍ പറ്റുമായിരുന്നില്ല. ആദ്യമായി ചിരിക്കുന്ന കൊച്ചു കുഞ്ഞിന്റെ പുഞ്ചിരിയുടെ വിശുദ്ധിയുണ്ടായിരുന്നു ആ മുഖങ്ങളില്‍. അതങ്ങനെത്തന്നെയേ വരൂ, സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴിയേതെന്നു ചോദിച്ചാല്‍ ഒരു പക്ഷേ ഞാനീ ഭവനത്തെ ചൂണ്ടിക്കാണിക്കും. അത്രമേല്‍ ജാഗ്രതയൊടെയാണ് ഇവർ ഇവിടെ പരിചരിക്കപ്പെടുന്നത്, രാവിലെ 6:30 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ തുടങ്ങുന്ന ഇവരുടെ ദിനചര്യയില്‍ മൂന്നു നേരത്തെ ഭക്ഷണവും രണ്ടു നേരത്തെ ചായയും കൂടാതെ 3 ജപമാലകളും ഉയരുന്നുണ്ടെന്നത് സ്വര്‍ഗമാണിവരുടെ ലക്ഷ്യമെന്നുറപ്പിക്കുന്നു. വായനക്കും, ടിവി കാണുന്നതിനും അത്യാവശ്യം ചെറിയ ജോലികള്‍ ചെയ്യാന്‍ തല്‍പര്യവും ആരോഗ്യവുമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.

ഞങ്ങളെ സ്വീകരിക്കാനായി ഓടിയെത്തിയ സിസ്റ്റര്‍ സ്വീകരണമുറിയിലേക്കു ഞങ്ങളെ കൊണ്ടുപോയി, അഗതികളുടെ സഹോദരിമാര്‍ എന്നു വിളിക്കപ്പെടാനണവര്‍ ഇഷടപ്പെടുക അതിനാല്‍ തന്നെ പേരിവിടെ ചേര്‍ക്കുന്നില്ല. കരുണാഭവന്‍-ഹോമേജിന്റെ പിറവിയെപ്പറ്റിപ്പറഞ്ഞാല്‍, സന്താനസൗഭാഗ്യമനുഭവിക്കാന്‍ കഴിയാതിരുന്ന (പരേതരായ) ജോര്‍ജ്ജ് റാഫേല്‍ കുരിശിങ്കലും ഡോക്ടര്‍ മര്‍ഗരറ്റ് ജോര്‍ജ്ജ് റാഫേലും കൂടി തങ്ങളിലെ അണയാത്ത ദൈവസ്‌നേഹവും വാത്സല്യവും സ്വന്തം കുഞ്ഞുങ്ങളാലും കുടുംബത്താലും തിരസ്‌ക്കരിക്കപ്പെടുന്നവരിലേക്ക് ചൊരിഞ്ഞു കൊണ്ട് അവരെ നന്മയുടെ മറ്റൊരു ലോകത്തേക്ക് കൈപിടിച്ചു നടത്താന്‍ ഹോമേജ് എന്ന സ്ഥാപനം തുടങ്ങുന്നു. സമൂഹത്തില്‍ ബഹുമാന്യരായ ചില വ്യക്തികള്‍ നല്ല സമരിയാക്കാരായി ഈ ഉദ്യമത്തെ മുന്‍പോട്ട് നയിക്കുന്നു.

സ്വന്തമായി മറ്റുള്ളവരുടെ കരുണക്കായി യാചിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയാത്ത ദയനീയാവസ്ഥയില്‍ കഴിയുന്ന മനുഷ്യരെ, തെരുവുകളില്‍ നിന്നും, ആശുപത്രികളില്‍ നിന്നും കണ്ടെത്തി അവരുടെ ശാരീരികവും മാനസികവുമായ മുറിവുകള്‍ പ്രാര്‍ത്ഥനയുടെയും രോഗീപരിചരണത്തിന്റെയും ഒലിവെണ്ണയാല്‍ സുഖപ്പെടുത്താനായി ദിവംഗതനായ മങ്കുഴിക്കര പിതാവ് കരുണാഭവന്‍ എന്ന സ്ഥാപനം ഇതിനു മുന്‍പേ തുടങ്ങിയിരുന്നു. ഹോമേജിലെ അന്തേവാസികള്‍ക്ക് ദൈവസ്‌നേഹത്തിന്റെ പ്രകടമായ സ്പര്‍ശനവും ലാളിത്യവും നല്‍കുവാനും കരുണാഭവനിലെ അഗതികള്‍ക്ക് സ്വര്‍ഗസ്ഥനായ പിതാവിന്റെ കരുതലിന്റെ മഹിമ മനസ്സിലാക്കിക്കൊടുക്കുവാനും സ്വര്‍ഗം തീരുമാനിച്ച സമയം, അഭിവന്ദ്യ റെമേജ്യോസ്് ഇഞ്ചനാനിയില്‍ പിതാവിന്റെ സാന്നിധ്യത്തില്‍ കരുണാഭവന്‍-ഹോമേജ് പിറവി കൊണ്ടു. കരുണാഭവന്റെ ആരംഭം മുതല്‍ പ്രാര്‍ത്ഥനയിലൂടെയും പരിചരണത്തിലൂടെയും അതിനെ ക്രിസ്തു ഗേഹമാക്കിത്തീര്‍ത്ത ദിവംഗതനായ വര്‍ഗീസ് പയ്യിപ്പിള്ളി അച്ചന്റെ എസ് ഡി കോണ്‍വെന്റിന്റെ ''അഗതികളുടെ സഹോദരിമാര്‍'' ഇവരെ എല്ലാവരെയും ഇരു കൈകളും നീട്ടി സ്വീകരിച്ചു.

ഇപ്പോള്‍ താമരശ്ശേരി രൂപതയുടെ കീഴില്‍, പാറോപ്പള്ളി ഇടവകയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ മുഖ്യ രക്ഷാധികാരി സെന്റ് ആന്റണീസ് ഫൊറോനാ പള്ളി ഇടവകാ വികാരി, ജോസ് ഓലിയക്കാട്ടില്‍ അച്ചനാണ്. വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട നാല്‍പതോളം വരുന്ന അശരണരരും അനാഥരുമായ പ്രായമായവര്‍ ഇവിടെ കഴിയുന്നത്. രണ്ടു നിലകളിലായി 4 വലിയ കിടപ്പുമുറികളും ഒരു ചെറിയ ചാപ്പലും അടുക്കളയും, രോഗികള്‍ക്കായുള്ള മുറിയും സ്വീകരണമുറിയുമടങ്ങുന്നതാണ് വേദനകളും സങ്കടങ്ങളും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളുമാക്കി മാറ്റുന്ന ഈ കൊച്ചു സ്വര്‍ഗം.

ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്യുമ്പോള്‍ എന്ന ദൈവ വചനം ഓര്‍മ്മിച്ചു കൊണ്ട് കരുണാഭവനില്‍ നിന്നും പുണ്യം വാരിക്കൂട്ടുന്നവര്‍ അനേകരാണ്. അന്നന്നുവേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരണമേ എന്നുള്ള ഇവരുടെ പ്രാര്‍ത്ഥനകള്‍ പലപ്പോഴും സ്വര്‍ഗം കേട്ടുത്തരം നല്‍കുന്നത് ഈ ഇടവകയിലും തൊട്ടടുത്ത ഇടവകയിലുമുള്ള വീടുകളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ ഇവര്‍ക്കായി മാറ്റി വെക്കുന്ന ഒരു നേരത്തെ ഭക്ഷണമായായിട്ടായിരിക്കും. ബഹുമാനപ്പെട്ട ഇടവകാ വികാരിയുടെ നേത്രുത്വത്തില്‍ ഇടവകയിലെ 33വാര്‍ഡുകളില്‍ നിന്നും വിധവയുടെ കാണിക്കയായി സമര്‍പ്പിക്കുന്ന പണമാണ് പലപ്പോഴും ഇവരുടെ ദൈന്യം ദിന ചിലവുകള്‍ക്കായി ഉപകാരപ്പെടാറ്. "ഞാന്‍ രോഗിയായിരുന്നപ്പോള്‍..." എന്നുള്ള ദൈവ വചനത്തിനുത്തരം നല്‍കാനായി നഗരത്തിലെ ചില പ്രമുഖ ആശുപത്രികളും പലപ്പോഴും രംഗത്തുവരാറുണ്ട്.

കാരുണ്യവാനായ ദൈവം നമ്മില്‍ ചൊരിഞ്ഞിരിക്കുന്ന കൃപകളും അനുഗ്രഹങ്ങളും അനേകമായിരിക്കുന്നതുപോലെ നന്മ ചെയ്യാനായി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനേകം സാഹചര്യങ്ങളുമിവിടെയുമുണ്ട്. അല്പവിലയറിയാതെ വലിച്ചെറിയപ്പെടുന്ന രത്‌നങ്ങളെ - അനുഗ്രഹങ്ങളുടെ കാവല്‍ക്കാരായ പ്രായമാവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ അഗതികളുടെ സഹോദരിമാര്‍ തയ്യാറാണ്, പക്ഷെ ഇപ്പോള്‍ ഉള്ളവരില്‍ രോഗികളെ മാറ്റിപ്പാര്‍പ്പിക്കാനും മറ്റുമായി അത്യാവശ്യമായി ബില്‍ഡിംഗ് ഒരു നിലകൂടിയെങ്കിലും ഉയര്‍ത്തണം - വീടു മോടിപിടിപ്പിക്കാനും ഫര്‍ണീച്ചറുകള്‍ മാറ്റാനുമായി നാം ചിലവഴിക്കുന്നതില്‍ ഒരു പങ്കു മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍ സ്വര്‍ഗത്തില്‍ നമുക്കായി ഒരുക്കപ്പെടുന്ന ഭവനങ്ങളില്‍ അതു പ്രതിഫലിക്കുംല്പ വ്യക്തമായ ഇടവേളകളില്‍ നമ്മുടെ ഫര്‍ണ്ണീച്ചറുകള്‍ മാറ്റാറുണ്ടെങ്കില്‍ ഒരിക്കലതു മാറ്റെണ്ടന്നു വെച്ചവര്‍ക്കായി ചെയ്താല്‍, തീര്‍ച്ചയായും നമുക്കായി ഒരു സ്വര്‍ഗീയ മഞ്ചല്‍ നാം തീര്‍ക്കുകയാകും. നമ്മുടെ ആഘോഷങ്ങള്‍ ഒന്നു ലളിതമാക്കി- അതില്‍ ഇവരുടെ ഒരു ദിവസത്തെ ആഹാരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ നമുക്കായി ഒരുക്കപ്പെടുന്ന സ്വര്‍ഗീയ വിരുന്നില്‍ നമുക്കതു കാണാം എന്നതില്‍ സംശയിക്കേണ്ട.

ഇനിയും അശരണരിലും അനാഥരിലും തന്നെ ദര്‍ശിക്കാന്‍ പറഞ്ഞ നല്ല നാഥന്റെ മുന്‍പാകെയിരിക്കുമ്പോള്‍ നമുക്കു മുന്‍പേ കടന്നു പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക്, മാതാ പിതാക്കള്‍ക്ക്, ബന്ധു മിത്രാദികള്‍ക്ക് നന്മ ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ടോ - വിഷമങ്ങളും സങ്കടങ്ങളുമല്ല പ്രത്യുത ദാനധര്‍മ്മങ്ങളും പ്രാര്‍ത്ഥനകളുമാണ് അവര്‍ക്കായി നമുക്കുയര്‍ത്താന്‍ കഴിയുക, അപ്പോള്‍ നമുക്കായി സ്വര്‍ഗം വിട്ടിറങ്ങി കാലിത്തൊഴുത്തില്‍ ജനിച്ചവന്‍ പറയും "അതെനിക്കായി തന്നെയായിരുന്നു നീ ചെയ്തത്" എന്ന്.

പ്രവൃത്തിയില്ലാതെ വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമായിരിക്കുന്നെന്നറിയുന്ന നമുക്ക്, ഇടതു കൈ അറിയാതെ വലതുകൈ ഇവര്‍ക്ക് നേരെ നീട്ടാന്‍ ശ്രമിക്കാം.ഒന്നുറപ്പാണ് നമ്മുടെയിടയില്‍ സ്‌നേഹം തിരസ്‌ക്കരിക്കപ്പെടുന്നവരുടെയെണ്ണം കൂടിവരികയാണ്, കറിവേപ്പിലകളായി മാറുന്ന പ്രായമായവരുടെയും, അതിനാല്‍ തന്നെ ഇതുപോലുള്ള ഭവനങ്ങളുടെ ഉറപ്പും വിസ്താരവും കൂട്ടുവാന്‍ സ്വര്‍ഗം തീര്‍ച്ചയായും തീരുമാനമെടുക്കും, കള്ളന്മാര്‍ മോഷ്ടിക്കാത്ത, നിറച്ചു കുലുക്കി തിരിച്ചു തരുമെന്നുറപ്പുള്ള ഇത്തരം നിക്ഷേപങ്ങളില്‍ നമുക്കെത്ര പങ്കു ചേരാനാകുമെന്നു നമ്മോടു തന്നെ ചോദിക്കാം.

ഏതെങ്കിലും ആവശ്യത്തിന് കോഴിക്കോടുവരെ പോകുന്നെങ്കില്‍ ടൗണില്‍ നിന്നും ഏതാണ്ട് 8 കിലോമീറ്ററോളം സഞ്ചരിച്ചാല്‍, ഈ ഭവനത്തില്‍ വരാം, ഒറ്റപ്പെടുത്തലുകളും, തിരസ്‌കാരങ്ങളും ദൈവത്തിനു സ്വീകാര്യമായ ജപമാല മണികളാക്കി മാറ്റുന്ന അനേകരെ കണ്ടു മടങ്ങാം; അബ്രഹാം ചേട്ടനും ഭവാനിചേച്ചിയും പാടുന്ന സ്വര്‍ഗീയ സംഗീതം കേള്‍ക്കാം, ഭാഗ്യമുണ്ടെങ്കില്‍ അഗതികളുടെ സഹോദരിമാര്‍ ഇവര്‍ക്കായി വിളമ്പുന്ന വിരുന്നില്‍ പങ്കുകാരാകാം.

ഫോണ്‍ നമ്പര്‍ :91 495 273 00022.

സിസ്റ്റര്‍ ആന്‍ മരിയ : 91 95 26 352103.

------------------------------------------------------------

Bank Account Details.

കരുണാഭവന്‍ - ഹൊമേജ്.

കാത്തൊലിക് സിറിയന്‍ ബാങ്ക്.

മലാപറമ്പ്

Account No : 0342016 33930 190001.

IFSC Code : CSBK0000342