News
ISIS നശിപ്പിച്ച ആശ്രമത്തിൽ നിന്നും വിശുദ്ധന്റെ ഭൗതികാവശിഷ്ടം കണ്ടെത്തി.
അഗസ്റ്റസ് സേവ്യർ 07-04-2016 - Thursday
കഴിഞ്ഞ വർഷം മുസ്ലീം ഭീകരർ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ച സിറിയയിലെ ഖൊറാട്ടെയ്ൻ പട്ടണത്തിലെ മാർ എലയ്ൻ ആശ്രമത്തിലാണ് വിശുദ്ധ ജൂലിയന്റെത് എന്നു കരുതപ്പെടുന്ന തിരുശേഷിപ്പുകൾ കണ്ടെത്തിയത്. പട്ടണം ഇതിനകം തീവ്രവാദികളിൽ നിന്നും ഗവൺമെന്റ് തിരിച്ചുപിടിച്ചിട്ടുണ്ട്.
ചാനൽ 4 ന്യൂസ് റിപ്പോർട്ടർ ലിൻഡ്സെ ഹിൽസം എടുത്ത ചിത്രങ്ങളിലാണ് AD 284-ൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി രക്ത സാക്ഷിത്വം വഹിച്ച വിശുദ്ധ ജൂലിയന്റെത് എന്നു കരുതപ്പെടുന്ന ഭൗതിക അവശിഷ്ടങ്ങൾ കണ്ടത്.
ഗവൺമെന്റ് സേന പട്ടണം മോചിപ്പിച്ചതിനു ശേഷം അവിടെയെത്തിയ അസോസിയേറ്റഡ് പ്രസിന്റെ പത്രപ്രവർത്തകർ, അഞ്ചാം നൂറ്റാണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ ആശ്രമത്തിൽ ഏതാനും മാസങ്ങൾ കൊണ്ട് ഭീകരന്മാർ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ ചിത്രീകരിച്ചു. തീർത്ഥാടന കേന്ദ്രമായിരുന്ന ആശ്രമം ഇപ്പോൾ ഒരു കൽകൂമ്പാരമായി മാറിയിരിക്കുന്നു.
ഖൊറാട്ടെയ്ൻ പട്ടണത്തിലെങ്ങും ഭീകരന്മാർ ശേഖരിച്ചിട്ടുള്ള സ്ഫോടകവസ്തുക്കളുടെ ഭീഷണി ഉള്ളതുകൊണ്ട്, പത്രപ്രവർത്തകരുടെ പ്രവേശനം മൂന്നു കിലോമീറ്ററിന് അപ്പുറത്തേക്ക് അനുവദിച്ചിരുന്നില്ല. പത്രപ്രവർത്തകർ സന്ദർശിച്ച ഭാഗങ്ങളിലെല്ലാം തകർന്ന കെട്ടിടങ്ങളും റോഡുകളും ദൃശ്യമായിരുന്നു.
കഴിഞ്ഞയാഴ്ച്ച ഗവൺണ്മെന്റ് സേന പൗരാണിക നഗരമായ പാൽമീറ തിരിച്ചുപിടിച്ചിരുന്നു. ഈ ഞായറാഴ്ച്ച ഖൊറാട്ടെയ്ൻ പട്ടണം തിരിച്ചുപിടിച്ചതോടെ ഇസ്ലാമിക് ഭീകരർക്ക് മധ്യസിറിയയിൽ പ്രവർത്തനകേന്ദ്രം ഇല്ലാതായി. റഷ്യയുടെ വ്യേമാക്രമണങ്ങളുടെ പിൻബലത്തിൽ സിറിയൻ സേന ഭീകരർക് നേരെ നടത്തുന്ന ആക്രമണങ്ങൾ ഇനി കൂടുതൽ ശക്തമായി തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രൈസ്തവ സമൂഹം വളരെ പ്രവർത്തനനിരതമായിരുന്ന ഒരു പട്ടണമാണ് ഖൊറാട്ടെയ്ൻ. കഴിഞ്ഞ ആഗസ്റ്റിൽ ISIS പട്ടണം പിടിച്ചെടുത്തതോടെ ക്രൈസ്തവർ പലായനം തുടങ്ങി. അനവധി ക്രൈസ്തവർ ഭീകരരുടെ പടിയിൽപ്പെട്ടു. എട്ടു മാസത്തെ ISIS ഭരണത്തിൽ ആയിരങ്ങൾ അഭയാർത്ഥികളായി പാലായനം ചെയ്തതു. കൂടാതെ അനവധി ക്രൈസ്തവർ ഭീകരരുടെ പിടിയിൽ പെടുകയും അപ്രത്യക്ഷരാകുകയും ചെയ്തു.
ISIS-നെ പൂർണ്ണമായും തുടച്ചു നീക്കി തങ്ങളുടെ പട്ടണങ്ങൾ തിരിച്ചുപിടിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സിറിയൻ സേന.