Youth Zone - 2024

സ്കൂളുകളെ സ്വവര്‍ഗ്ഗാനുരാഗ ആശയങ്ങളിൽ നിന്നും മോചിപ്പിക്കാൻ ബ്രസീൽ പ്രസിഡന്റ്

സ്വന്തം ലേഖകന്‍ 12-09-2019 - Thursday

സാവോപോളോ: പ്രൈമറി സ്കൂളുകളിൽ സ്വവര്‍ഗ്ഗാനുരാഗ എൽ.ജി.ബി.ടി ആശയങ്ങൾ വ്യാപിക്കുന്നതിന് തടയിടാൻ നിയമ നിർമ്മാണം നടത്താൻ ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൾസെനാരോ. ലോകത്തെ ഗ്രസിച്ചിരിക്കുന്ന എൽ.ജി.ബി.ടി ആശയങ്ങൾ നിന്നും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ സംരക്ഷിക്കാനായി കരട് ബില്ല് തയ്യാറാക്കാൻ താൻ വിദ്യാഭ്യാസ വകുപ്പിനോട് നിർദേശിച്ചതായി ട്വിറ്റർ പേജിലൂടെയാണ് ബൊൾസെനാരോ വെളിപ്പെടുത്തിയത്. പ്രസ്തുത വിഷയത്തിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് അവകാശമുണ്ടോ എന്നറിയാൻ അറ്റോർണി ജനറലിനെ ബന്ധപ്പെട്ടിരുന്നതായും, അറ്റോർണി ജനറലിൽ നിന്നും അനുകൂലമായ നിയമോപദേശമാണ് ലഭിച്ചതെന്നും സെപ്റ്റംബർ മൂന്നാം തീയതി മറ്റൊരു ട്വിറ്റർ പോസ്റ്റിൽ ബൊൾസെനാരോ വ്യക്തമാക്കിയിരുന്നു.

എൽ.ജി.ബി.ടി ആശയങ്ങൾ സമൂഹത്തിൽനിന്ന് തുടച്ചു നീക്കുമെന്ന് ബൊൾസെനാരോ ഇലക്ഷൻ കാലഘട്ടത്തിൽ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു. അതിന്റെ പൂർത്തീകരണമെന്നോണമാണ് കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. ബ്രസീലില്‍ പത്തിൽ, 9 പേർ എൽ.ജി.ബി.ടി ചിന്താഗതികൾ വിദ്യാലയങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നതിനെ എതിർക്കുന്നതായി കഴിഞ്ഞ ഒക്ടോബർ മാസം നടത്തിയ ഒരു പൊതു സർവ്വേയിൽ നിന്നും വ്യക്തമായിരുന്നു. ജനുവരി ഒന്നാം തീയതി ബ്രസീലിയൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ജയിർ ബൊൾസെനാരോ ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിക്കുന്ന നേതാവാണ്.

ധാര്‍മ്മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുള്ള ആശയങ്ങളുടെ പേരിൽ ലിബറൽ മാധ്യമങ്ങളും ഇടതുപക്ഷ സംഘടനകളും ബൊൾസെനാരോയെ ശക്തമായി വിമർശിക്കാറുണ്ടെങ്കിലും വോട്ടിനുവേണ്ടി ക്രൈസ്തവ ആശയങ്ങൾ തള്ളിക്കളയാൻ അദ്ദേഹം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. താൻ ബ്രസീലിയൻ പ്രസിഡന്റായിരിക്കുന്ന കാലത്തോളം എൽ.ജി.ബി.ടി ആശയങ്ങളും, സെക്സ് ടൂറിസവും ബ്രസീലിന്റെ മണ്ണിൽ വളരാൻ അനുവദിക്കുകയില്ലെന്ന് ശക്തമായ ഭാഷയിൽ ബൊൾസെനാരോ വ്യക്തമാക്കിയിരിന്നു.


Related Articles »