Youth Zone - 2024

കാറു വിറ്റ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ബെയ്റൂട്ട് മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 18-09-2019 - Wednesday

ബെയ്റൂട്ട്: ലെബനോനിലെ ബെയ്റൂട്ട് മാരോണൈറ്റ് അതിരൂപതയുടെ കീഴിലുള്ള സ്കൂളുകളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയേയും ഫീസ്‌ നല്‍കുവാന്‍ കഴിവില്ലാത്തിന്റെ പേരില്‍ ക്ലാസുകളില്‍ നിന്നും ഒഴിവാക്കരുതെന്ന് ബെയ്റൂട്ടിലെ മാരോണൈറ്റ് മെത്രാപ്പോലീത്ത ബൗലോസ് അബ്ദേല്‍ സാടെറിന്റെ നിര്‍ദ്ദേശം. കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു സ്കൂളുകളുടെ സാമ്പത്തിക നില പരുങ്ങലിലായ സാഹചര്യവും, പല കുടുംബങ്ങള്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന കണ്ടെത്തലിന്റേയും അടിസ്ഥാനത്തിലാണ് ഇക്കഴിഞ്ഞ ജൂണില്‍ അഭിഷിക്തനായ മെത്രാപ്പോലീത്ത ശക്തമായ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്

അതിരൂപതയുടെ കീഴിലുള്ള ഡെല്‍ സാഗെസ്സെ സ്കൂളുകളില്‍ വാര്‍ഷിക ഫീസടക്കുവാന്‍ കഴിവില്ലാത്ത കുടുംബങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുട്ടികളുടേയും വിദ്യാഭ്യാസം ഫീസടക്കാത്തതിന്റെ പേരില്‍ നഷ്ടപ്പെടരുതെന്ന കാര്യം ഉറപ്പുവരുത്തണമെന്നാണ് മെത്രാപ്പോലീത്ത നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമൂലം സ്കൂളുകള്‍ക്ക് നേരിടേണ്ടി വരുന്ന സാമ്പത്തിക ബാധ്യതക്കുള്ള പരിഹാരവും ഫണ്ടും കണ്ടെത്തുവാന്‍ അതിരൂപത ബാധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫണ്ട് കണ്ടെത്തുവാനായി തന്റെ പഴയ കാറില്‍ യാത്ര ചെയ്തുകൊണ്ട് അതിരൂപതയുടെ വിലകൂടിയ കാറുകള്‍ വില്‍ക്കുവാനാണ് മെത്രാപ്പോലീത്തയുടെ തീരുമാനമെന്ന്‍ പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'ഏജന്‍സിയ ഫിദേസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

2017-ല്‍ സ്കൂള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പൊതുമേഖലാ സെക്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ശമ്പള പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ലെബനോനിലെ പല സ്വകാര്യ സ്ഥാപനങ്ങളുടേയും, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളുടെ സാമ്പത്തിക നില പരിതാപകരമായ അവസ്ഥയിലാണ്. സ്കൂളുകളുടെ സാമ്പത്തിക നില ഭദ്രമാക്കുവാനുള്ള പൊതുസമാഹരണ പദ്ധതികള്‍ക്ക് വേണ്ടിയുള്ള മുറവിളി സജീവമാണെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ല. ക്രിസ്ത്യന്‍ സ്കൂളുകള്‍ക്കായി ദേശീയ ഫണ്ട് രൂപീകരിക്കുകയും ഈ ഫണ്ടുപയോഗിച്ച് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്കൂളുകളെ സഹായിക്കണമെന്ന നിര്‍ദ്ദേശം സജീവമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് ആര്‍ച്ച് ബിഷപ്പ് ബൗലോസ് അബ്ദേല്‍ സാടെറിന്റെ ശക്തമായ നിര്‍ദ്ദേശം.


Related Articles »