News - 2024
കൽദായ സുറിയാനി സഭാധ്യക്ഷനെ ആദരിച്ച് ലോസ് ആഞ്ചലസ്
സ്വന്തം ലേഖകന്‍ 23-09-2019 - Monday
ലോസ് ആഞ്ചലസ്: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പാത്രിയർക്കീസ് മാർ ഗീവർഗീസ് മൂന്നാമനെ അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാന ഭരണകേന്ദ്രമായ ലോസ് ആഞ്ചലസ് സിറ്റി ഹാളില്‍ ആദരിച്ചു. സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച സിറ്റി കൗണ്‍സില്‍ അംഗങ്ങളായ ബോബ് ബ്ലൂമെന്‍ഫീല്‍ഡും, പോള്‍ കോറെറ്റ്സുമാണ് പിതാവിനെ സിറ്റി ഹാളിലേക്ക് സ്വാഗതം ചെയ്തത്. തിങ്ങി നിറഞ്ഞ ജനങ്ങള്‍ക്ക് നടുവില്‍ വെച്ചാണ് ബ്ലൂമെന്‍ഫീല്‍ഡും, കോറെറ്റ്സും മാര്‍ ഗെര്‍വാജിസ് III-നെ ആദരിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം കൈമാറിയത്.
2015-ലാണ് കിഴക്കന്‍ അസീറിയന്‍ സഭയുടെ 121-മത് കാതോലിക്കോസായി മാർ ഗീവർഗീസ് അവരോധിതനാകുന്നത്. അന്നുമുതല്‍ സമാധാനത്തിന്റെ വക്താവായാണ് പിതാവ് അറിയപ്പെടുന്നത്. മധ്യപൂര്‍വ്വേഷ്യ കഴിഞ്ഞാല്‍ പൗരസ്ത്യ അസീറിയന്‍ സഭാംഗങ്ങള്‍ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് ലോസ് ആഞ്ചലസ്. വെസ്റ്റ് വാലി ഫീല്‍ഡിലെ പ്രമുഖ സംസ്കാരിക കേന്ദ്രമായ ടാര്‍സാനയിലെ സെന്റ് മേരീസ് അസ്സീറിയന്‍ ദേവാലയം നിരവധി അസ്സീറിയന്‍ സഭാംഗങ്ങള്‍ ഒത്തുകൂടുന്ന സ്ഥലമാണ്.