News

ബൈസെസ്റ്ററിലെ ആന്റണി എബ്രഹാം ഹൃദയാഘാതം മൂലം മരിച്ചു; നടുക്കം വിട്ടുമാറാതെ ഒക്സ്ഫൊർഡിലെയും പരിസരപ്രദേശത്തെയും മലയാളികൾ.

സ്വന്തം ലേഖകൻ 24-07-2015 - Friday

1 : ഒക്സ്ഫൊർഡ്: യുകെ മലയാളികളെ ദുഖത്തിലാഴ്ത്തി മറ്റൊരു മരണം കൂടി. ഓക്‌സ്‌ഫോർഡിനു സമീപം ബൈസെസ്റ്ററിൽ താമസിക്കുന്ന ആന്റണി എബ്രഹാം(53) ആണ് ഇന്നലെ രാത്രി ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യ റീത്തയും മക്കളും അവധിക്ക് നാട്ടിൽ പോയിരുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി മരണം തേടിയെത്തിയത്. കോതമംഗലം സ്വദേശികളാണിവര്‍. ഈ ദമ്പതികൾക്ക് മരിയ(14), ക്രിസ്റ്റി(13) എന്നീ രണ്ട് മക്കളാണുള്ളത്.

ഭാര്യയും മക്കളും കഴിഞ്ഞയാഴ്ചയാണ് അവധിക്കു നാട്ടിലേക്കു പോയത്. ഏതാനും നാളുകളായി അലട്ടിയിരുന്ന ശ്വാസതടസമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബൈസെസ്റ്ററിലെ ജോണ്‍ റെഡ്ക്ലിഫ് ആശുപത്രിയിലെ ജീവനക്കാരായിരുന്നു ആന്ററണിയും റീത്തയും. ഇലെ രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ജോണ്‍ റെഡ്ക്ലിഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫാ സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ ആശുപത്രിയിലെത്തി നടത്തിയ പ്രാർത്ഥനകൾക്കു ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ആന്റണിയുടെ അപ്രതീക്ഷിതമരണം ഉറ്റബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമല്ല, യു.കെയിലെ മലയാളികൾക്കാകെ ആഘാതമായിരിക്കുകയാണ്. ബൈസെസ്റ്ററില്‍ എട്ടുവർഷമായി താമസിക്കുന്ന ആന്റണിയും കുടുംബവും മലയാളി അസോസിയേഷന്റെ സജീവപ്രവർത്തകനായിരുന്നു. ബൈസെസ്റ്ററിലെ മലയാളി കുടുംബങ്ങൾക്ക് ആന്റംണിയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇദ്ദേഹത്തിന്റെ മരണം മൂലം വേദനിക്കുന്ന കുടുംബാഗംങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പ്രവാചക ശബ്ദവും പ്രാർത്ഥനയോടെ പങ്കുചേരുന്നു.