Life In Christ

കയ്‌ല മുള്ളര്‍: ഐ‌എസ് തലവനെ വധിച്ച ഓപ്പറേഷന് നല്‍കിയ പേര് ക്രൈസ്തവ രക്തസാക്ഷിയുടേത്

സ്വന്തം ലേഖകന്‍ 28-10-2019 - Monday

വാഷിംഗ്ടണ്‍ ഡി‌സി: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ വധിച്ച അമേരിക്കൻ സൈനിക ഓപ്പറേഷന് നൽകിയത് ക്രൈസ്തവ രക്തസാക്ഷിയായ കയ്‌ല മുളളറിന്റെ പേര്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശകൻ, റോബർട്ട് ഒബ്രെയനാണ് ഓപ്പറേഷന് കയ്‌ല മുള്ളര്‍ എന്ന പേരു നല്‍കിയതായി മാധ്യമങ്ങളെ അറിയിച്ചത്. തീവ്രവാദികളുടെ പിടിയിലായ സമയത്ത് ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ചു ഇസ്ലാം മതം സ്വീകരിക്കാന്‍ വന്‍ സമ്മര്‍ദ്ധങ്ങള്‍ നടത്തിയെങ്കിലും അതിനു വഴങ്ങാതെ യേശുവിലുള്ള വിശ്വാസം മുറുകെ പിടിച്ച വ്യക്തിയായിരിന്നു കയ്‌ല മുള്ളര്‍. അമേരിക്കയിലെ അരിസോണയിൽ നിന്നുള്ള ഒരു മനുഷ്യാവകാശ പ്രവർത്തകയായിരുന്നു അവര്‍.

അനാഥാലയങ്ങളില്‍ സേവനം ചെയ്യാനായി 2009 ഡിസംബറില്‍ കയ്‍ല ഇന്ത്യയിലേക്കു തിരിച്ചു. എന്നാല്‍ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പറ്റാതിരുന്നതിനാൽ സഞ്ചാരം തുടർന്നു ടിബറ്റന്‍ അഭയാർഥികളെ ഇംഗ്ലിഷ് പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ഇസ്രയേല്‍, പലസ്തീന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു. പലസ്തീനില്‍ നിന്നും വീട്ടിലേക്കു പോകവേ കണ്ടുമുട്ടിയ സിറിയന്‍ സ്വദേശി പങ്കുവച്ച വിവരങ്ങളാണു അവളെ സിറിയയിലേക്കു പോകാനുള്ള ആഗ്രഹമുളവാക്കിയത്. സിറിയയിൽ ആഭ്യന്തരയുദ്ധം ശക്തമായ വേളയിൽ അഭയാർത്ഥികളെ സഹായിക്കാന്‍ അവള്‍ നേരിട്ടു ഇറങ്ങുകയായിരിന്നു.

ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെടുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്ത സ്ത്രീകളെ ശാക്തീകരിക്കാനായി ഒരു സംഘടന തന്നെ അവള്‍ രൂപീകരിച്ചു. 2013 ജൂണിലാണു കയ്‍ല അവസാനമായി അമേരിക്കയിലെത്തി മാതാപിതാക്കളായ മാർഷ– കാൾ മുള്ളർ ദമ്പതികളെ കണ്ടത്. മാതാപിതാക്കള്‍ സ്വദേശത്തു തുടരാന്‍ അവളെ നിര്‍ബന്ധിച്ചുവെങ്കിലും കയ്‍ല തന്റെ നിലപാടില്‍ ഉറച്ചുനിന്നു. 2013 ഓഗസ്റ്റ് മാസം തുർക്കിയിൽ നിന്നും ആലപ്പോ നഗരത്തിലെ ഒരു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് കയ്‍ല ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലാകുന്നത്. ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങൾക്ക് അവൾ ഇരയായി.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായിരുന്ന സമയത്ത് ക്രൈസ്തവ വിശ്വാസത്തെ അവൾ ശക്തമായി മുറുകെ പിടിച്ചിരുന്നുവെന്ന് ഐഎസ് തടവിൽ കയ്‌ലയോടൊപ്പം കഴിഞ്ഞിരുന്ന നാല് തടവുകാർ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇത് പിന്നീട് അവളുടെ പിതാവ് സ്ഥിരീകരിച്ചിരിന്നു. ഇസ്ലാം മതം സ്വീകരിക്കാനുള്ള വലിയ സമ്മർദ്ധം തീവ്രവാദികളുടെ പക്കൽ നിന്നും ഉണ്ടായെങ്കിലും, മരണം വരിച്ചാലും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കില്ല എന്ന ധീരമായ തീരുമാനമാണ് അവളെ മുന്നോട്ട് നയിച്ചത്. ഇതിനിടെ അബൂബക്കർ അൽ ബഗ്ദാദി അടക്കം നിരവധി തീവ്രവാദികള്‍ അതിക്രൂരമായി കയ്‌ലയെ മാനഭംഗപ്പെടുത്തിയെന്നും പീഡനങ്ങള്‍ക്ക് വിധേയയാക്കിയിരിന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിന്നു.

2015ൽ കയ്‌ല മുളളറിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടു. മരണസമയത്ത് 26 വയസ്സായിരുന്നു കയ്‌ലയുടെ പ്രായം. മരണത്തെ മുഖാമുഖം കണ്ടപ്പോഴും യേശുവിലുള്ള വിശ്വാസം മുറുകെ പിടിച്ച കയ്‌ലയുടെ ക്രിസ്തു സാക്ഷ്യമായിരിക്കാം ലോകത്തെ ഏറ്റവും ക്രൂരനായ തീവ്രവാദിയെ പിടികൂടാൻ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷന് അവളുടെ തന്നെ പേര് കൊടുക്കാൻ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന് നിരീക്ഷിക്കപ്പെടുന്നു.


Related Articles »