Youth Zone - 2024

ആൻറി ഡ്രഗ്സ് സ്റ്റുഡൻസ് യൂണിയന്‍ മുഖ്യമന്ത്രിക്കു ഭീമ ഹർജി നല്‍കി

20-11-2019 - Wednesday

തിരുവനന്തപുരം/ തലശ്ശേരി: പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും മദ്യ ഉൽപ്പാദനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ആൻറി ഡ്രഗ്സ് സ്റ്റുഡൻസ് യൂണിയന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് വിദ്യാർഥികള്‍ ഭീമ ഹർജി നല്‍കി. കണ്ണൂർ കാസർകോട് ജില്ലകളിലെ എ ഡി എസ് യു പ്രവർത്തിക്കുന്ന ഇരുന്നൂറിൽപ്പരം വിദ്യാലയങ്ങളിൽ നിന്നായി കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച പ്രതിഷേധസൂചകമായ ഒപ്പുകൾ സമാഹരിച്ചാണ് ഈ ഭീമ ഹർജി മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമർപ്പിച്ചത്.

പ്രത്യക്ഷത്തിൽ ജനക്ഷേമകരമായി തോന്നുമെങ്കിലും ഗുരുതരമായ ഭവിഷ്യത്തുകൾ കുടുംബത്തിലും സമൂഹത്തിലും പ്രത്യേകിച്ച് കുട്ടികളിലും ഉണ്ടാകുമെന്ന വിദ്യാർത്ഥികളുടെ ആശങ്കയിൽ നിന്നാണ് എ ഡി എസ് യു ഇത്തരമൊരു നീക്കത്തിന് നേതൃത്വം നൽകിയത്. സുലഭമായി മദ്യം ഉൽപാദിപ്പിക്കാനും ഉപയോഗിക്കുവാനും സാധ്യത നൽകപ്പെടുമ്പോൾ മദ്യത്തിനും മറ്റു ലഹരി പദാർത്ഥങ്ങൾക്കും വിദ്യാർത്ഥികൾ വേഗത്തിൽ അടിമപ്പെടാനുള്ള സാധ്യതയുണ്ട്. ചെറുപ്പകാലം മുതൽ ലാഘവത്വത്തോടെ മദ്യപാനത്തെ നോക്കിക്കാണുമ്പോൾ തെറ്റായ പ്രവണതകൾ ശീലിക്കുവാൻ നിർദ്ദിഷ്ട മദ്യനയം കാരണമായേക്കാം.

ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന ആവശ്യമാണ് കുട്ടികൾ സർക്കാരിന് മുൻപിൽ സമർപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എം എൽ എ മാരായ കെ സി ജോസഫ്, സണ്ണി ജോസഫ്, എന്നിവരുടെ സാന്നിധ്യത്തിൽ എ ഡി എസ് യു ഡയറക്ടർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം, കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡണ്ട് ഡോ. ജോസ് ലെറ്റ്‌ മാത്യു, എ ഡി എസ്‌ യു ഓർഗനൈസർ അഡ്വ.മനോജ് എം കണ്ടത്തിൽ, ചീഫ് ആനിമേറ്റർ ആൽബിൻ മണ്ടുംപാല, എ ഡി എസ് യു ജനറൽ സെക്രട്ടറി എബിൻ മാത്യൂസ്, എന്നിവരുടെ നേതൃത്വത്തിലാണ് നിവേദന സമർപ്പണം നടന്നത്.


Related Articles »