Faith And Reason - 2024

സഭ പ്രേഷിതയാകുമ്പോഴാണു വിശ്വാസത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുക: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

28-11-2019 - Thursday

കൊച്ചി: കെട്ടിക്കിടക്കാതെ പുറത്തേയ്‌ക്കൊഴുകുന്ന ജലം കടന്നുപോകുന്ന വഴികളെ ഫലഭൂയിഷ്ഠമാക്കി ജീവന്‍ നല്‍കുന്നതുപോലെ സഭ പ്രേഷിതയാകുന്‌പോഴാണു വിശ്വാസത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുകയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിവിധ സീറോ മലബാര്‍ രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും അല്മായപ്രേഷിത മുന്നേറ്റങ്ങളുടെയും പ്രതിനിധികള്‍ക്കായി സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന മിഷന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ ജീവിതം സുവിശേഷവത്കരണമാണെന്നും അതിന്റെ വികാസമാണു പ്രേഷിതപ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കമ്മീഷനും സീറോ മലബാര്‍ മിഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച മിഷന്‍ കോണ്‍ഫറന്‍സില്‍ 250 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ സമഗ്ര പ്രേഷിതവളര്‍ച്ചയ്ക്കു സഹായകരമായ പങ്കുവയ്ക്കലുകളും ചര്‍ച്ചകളും സമ്മേളനത്തില്‍ നടന്നു. സഭയുടെ പുതിയ പ്രേഷിത സാധ്യതകളെക്കുറിച്ചു കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യപ്രഭാഷണം നടത്തി.

കമ്മീഷന്‍ എപ്പിസ്‌കോപ്പല്‍ അംഗം ബിഷപ്പ് മാര്‍ ജോസഫ് പണ്ടാരശേരില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, സീറോ മലബാര്‍ മിഷന്‍ സെക്രട്ടറി ഫാ. സിജു അഴകത്ത്, ഓഫീസ് സെക്രട്ടറിമാരായ സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ നമ്രത, വിവിധ അല്മായപ്രേഷിത മുന്നേറ്റങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »