Faith And Reason - 2024
ഐഎസ് പീഡനം: മുസ്ലീങ്ങളെ യേശുവിലേക്ക് അടുപ്പിച്ചുവെന്ന് ഇറാഖി മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ 05-12-2019 - Thursday
ബുഡാപെസ്റ്റ്: ഇറാഖില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനം ആയിരക്കണക്കിന് മുസ്ലീങ്ങളെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന്‍ മൊസൂളിലെ പുതിയ കല്‍ദായ മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തല്‍. ഇറാഖില്‍ ക്രൈസ്തവര്‍ നേരിട്ട ആക്രമണങ്ങളിലൂടെ അനേകം മുസ്ലീങ്ങള്‍ യേശുവിനെ കണ്ടെത്തിയെന്നും, മതപീഡനം ക്രൈസ്തവരെ തങ്ങളുടെ വിശ്വാസത്തില്‍ കൂടുതല്‍ ശക്തരാക്കിയെന്നും ആര്‍ച്ച് ബിഷപ്പ് നജീബ് മിഖായേല്‍ മൗസ്സാ പറഞ്ഞു. ആഗോളതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനം സംബന്ധിച്ച് ഹംഗറി സര്‍ക്കാര്‍ ബുഡാപെസ്റ്റില്‍ സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷമായിരുന്ന മേഖലയില്‍ ഇപ്പോള്‍ വളരെക്കുറച്ച് ക്രിസ്ത്യാനികള്‍ മാത്രമാണുള്ളതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മൗലീകവാദത്തിന്റെ അടിമത്വത്തില്‍ കഴിയുന്ന ഇസ്ലാമിസ്റ്റുകളെ അടിമത്വത്തില്‍ മോചനത്തിനായി സഹായിക്കണമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. മേഖലയുടെ രണ്ടായിരം വര്‍ഷത്തില്‍പരം പഴക്കമുള്ള ക്രിസ്തീയ പൈതൃകത്തെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഒന്നും സംഭവിക്കാത്തപോലെ ലോക നേതാക്കള്‍ നിശബ്ദരാകരുതെന്ന് ബുഡാപെസ്റ്റ്-എസ്റ്റര്‍ഗോം അതിരൂപതാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ പറഞ്ഞു. രണ്ടാംതരം പൗരന്‍മാര്‍ എന്ന വിവേചനമില്ലാതെ മനുഷികാവകാശങ്ങളോടുള്ള ബഹുമാനവും, തുല്ല്യ പൗരത്വവും, മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങളും ക്രൈസ്തവര്‍ക്ക് നല്‍കണമെന്ന് സിറിയന്‍ ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കീസ് ഇഗ്നേഷ്യസ് എഫ്രേം രണ്ടാമന്‍ പറഞ്ഞു.
പീഡിപ്പിക്കപ്പെടുന്നവരെ സഹായിക്കുകയും അവരില്‍ നിന്നും സഹായം സ്വീകരിക്കുകയും ചെയ്തുകൊണ്ട് തങ്ങള്‍ ഒരു വിത്ത് വിതക്കുകയാണെന്ന്‍ ഹംഗറി പ്രസിഡന്റ് വിക്ടര്‍ ഒര്‍ബാന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ സമ്മേളനങ്ങളില്‍ ക്രിസ്ത്യാനികളുടെ കാര്യം പറയുമ്പോള്‍ മതന്യൂനപക്ഷങ്ങളുടെ കാര്യം സംസാരിക്കുവാന്‍ മറ്റുള്ള മന്ത്രിമാര്‍ തന്നോടാവശ്യപ്പെട്ടിരുന്ന കാര്യം ഹംഗറി വിദേശകാര്യമന്ത്രി പീറ്റര്‍ സിജാര്‍ട്ടോയും വെളിപ്പെടുത്തി. മൈദുഗുരി രൂപതയുടെ മെത്രാന്‍ ഒലിവര്‍ ഡാഷേ ഡോയമാണ് നൈജീരിയയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനത്തെക്കുറിച്ച് വിവരിച്ചത്. കോണ്‍ഫറന്‍സിന് ആശംസ അറിയിച്ച് ഡൊണാള്‍ഡ് ട്രംപ് സന്ദേശം കൈമാറിയിരിന്നു.