Faith And Reason - 2024
ആഫ്രിക്കന്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത് ക്രൂരമായ ‘പുതിയ യുദ്ധം’: ഒടുവില്‍ മൗനം വെടിഞ്ഞ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍
സ്വന്തം ലേഖകന്‍ 01-01-2020 - Wednesday
ന്യൂയോര്‍ക്ക്: ആഫ്രിക്കയിലെ ക്രൈസ്തവര്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അതിക്രൂരമായ ആക്രമണങ്ങളില്‍ മൗനം പാലിച്ച് കൊണ്ടിരിന്ന മാധ്യമ നിലപാടില്‍ ഒടുവില്‍ മാറ്റത്തിന്റെ അലയൊലി. നിസ്സഹായരായ ക്രൈസ്തവര്‍ ക്രൂരവും പൈശാചികവുമായ ‘പുതിയ യുദ്ധ’ത്തിനിരയായി കൊണ്ടിരിക്കുകയാണെന്ന്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ദിനപത്രമായ വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ (വൈ.എസ്.ജെ) റിപ്പോര്‍ട്ട് വന്നതോടെയാണ് മാധ്യമ നിലപാടില്‍ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമുമായി ബന്ധമുള്ള ഫുലാനി ഗോത്രക്കാര്‍ ക്രൈസ്തവര്‍ക്കെതിരെ പൈശാചികമായ യുദ്ധമാണ് നടത്തി വരുന്നതെന്നു വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ ഒപ്പീനിയന്‍ കോളത്തില്‍ വ്യക്തമായി സൂചിപ്പിക്കുന്നു.
ബൊക്കോഹറാം നൈജീരിയയുടെ വെറും അഞ്ച് ശതമാനം ഭൂപ്രദേശങ്ങളിലായി ചുരുങ്ങിയപ്പോള്‍, ഫുലാനികള്‍ ക്രൈസ്തവര്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ട് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ലേഖകനായ ബെര്‍ണാര്‍ഡ് ഹെന്രി ലെവി തന്റെ റിപ്പോര്‍ട്ടിലൂടെ പറയുന്നു. ബൊക്കോഹറാമിനേക്കാള്‍ കടുത്ത ഭീഷണിയാണ് ഫുലാനി ജിഹാദികള്‍ ആഫ്രിക്കയില്‍ ഉയര്‍ത്തികൊണ്ടിരിക്കുന്നത്. കൂട്ടക്കൊലയും കൂട്ട മാനഭംഗങ്ങളും പീഡനങ്ങളും കവര്‍ച്ചകളുമായി ജിഹാദി ആക്രമണങ്ങളാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ലേഖകന്‍ നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്നത് ‘സ്ലോ മോഷന്‍ യുദ്ധം’ ആണെന്നും സൂചിപ്പിക്കുന്നു.
ലോകം അവഗണിക്കുന്ന ഈ യുദ്ധം ഭയാനകവും, പൈശാചികവുമാണ്. സ്ത്രീകളുടെ വികൃതമാക്കപ്പെട്ട ശവശരീരങ്ങള്‍, വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെടുകയും അലറും വരെ അരിവാള്‍ കൊണ്ട് മുറിവേല്‍പ്പിച്ചതും, ക്രൂശിത രൂപമുള്ള ചെയിന്‍ കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ചതും തുടങ്ങി നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്സില്‍ 2018-ല്‍ രേഖപ്പെടുത്തിയിട്ടുള്ള 2040 ആക്രമണങ്ങളില്‍ ഭൂരിഭാഗവും ഫുലാനി ജിഹാദികളാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഫുലാനികളെ തീവ്രവാദികളെന്നു മുദ്ര കുത്താന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ഭയമാണ്. ഇസ്ലാമിക വിരുദ്ധരെന്ന് മുദ്രകുത്തപ്പെടുമെന്ന ഭയത്താല്‍ മുന്‍നിര പത്രങ്ങള്‍ ഈ വിഷയം അവഗണിക്കുകയും നിശബ്ദത പാലിക്കുകയും ചെയ്യുമ്പോള്‍ കാര്യഗൗരവത്തോടെ വിഷയത്തെ തുറന്നുക്കാണിച്ച പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ നിലപാട് കൈയടി നേടുകയാണ്.