Life In Christ

'എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം': ബുര്‍ക്കിനാ ഫാസോയില്‍ ജീവന്‍ പണയപ്പെടുത്തി സന്യസ്തരുടെ സേവനം

സ്വന്തം ലേഖകന്‍ 27-01-2020 - Monday

ഔഗഡോഗോ: തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ഭീതി വിതച്ച ബുര്‍ക്കിനാ ഫാസോയില്‍ മരണത്തിന്റെ മുന്നിലും അടിപതറാതെ നിരാലംബരായ ജനങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്ത് സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ (എസ്.ഐ.സി) എന്ന തദ്ദേശീയ സഭാംഗങ്ങളായ സന്യസ്തര്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ആണ് ഈ സന്യസ്തരുടെ ധീരമായ പ്രവര്‍ത്തനങ്ങളുടെ കഥ പുറം ലോകത്തെത്തിച്ചത്. അരക്ഷിതാവസ്ഥ നേരിടുന്ന സാഹചര്യത്തിലാണ് തങ്ങളുടെ ജീവിതമെന്നും, തീവ്രവാദികള്‍ കൊലപ്പെടുത്തിയവരുടെ ഭാര്യമാരും, മക്കളും ഉള്‍പ്പെടെ നിരവധിപേര്‍ തങ്ങളുടെ കീഴില്‍ കഴിയുന്നുണ്ടെന്നും എസ്.ഐ.സി യുടെ ജെനറല്‍ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ പോളിന്‍ സവാഗാഡോയും അവരുടെ മുന്‍ഗാമിയായിരുന്ന സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ റൌമ്പായും അഭിമുഖത്തില്‍ വെളിപ്പെടുത്തി.

രാജ്യത്തെ വര്‍ദ്ധിച്ചു വരുന്ന തീവ്രവാദി ആക്രമണങ്ങള്‍ക്കു നിങ്ങള്‍ സാക്ഷികളായിട്ടുണ്ടോ എന്ന ചോദ്യത്തിനു രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള തങ്ങളുടെ സിസ്റ്റേഴ്സ് നിത്യവും സാക്ഷ്യം വഹിക്കുന്നുണ്ടെന്നും, ബാമിലെ സിസ്റ്റേഴ്സ് താമസിക്കുന്നിടത്തുനിന്നും വെറും 2 മൈല്‍ ദൂരത്താണ് തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് മുപ്പതു മുതല്‍ അറുപതോളം അഭയാര്‍ത്ഥികളെയാണ് തങ്ങളുടെ സിസ്റ്റേഴ്സ് പരിപാലിക്കുന്നത്. തലസ്ഥാന നഗരമായ ഔഗാദൌഗുവില്‍ മാത്രം അറുന്നൂറോളം ഭവനരഹിതര്‍ തങ്ങളുടെ കീഴില്‍ കഴിയുന്നുണ്ട്. ഭക്ഷണവും, വെള്ളവും, സോപ്പും, കരുണാര്‍ദ്രമായ പെരുമാറ്റവും അവര്‍ക്കാവശ്യമാണെന്നും സന്യാസിനികള്‍ കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കരും, അനിമിസ്റ്റുകളും, മുസ്ലീമുകളും, പ്രൊട്ടസ്റ്റന്റുകാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും, ജാതിയോ മതമോ നോക്കാതെ എല്ലാവര്‍ക്കും തങ്ങള്‍ അഭയം കൊടുക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്ക് എന്തും സംഭവിക്കാം. പക്ഷേ ദൈവീക സംരക്ഷണയിലാണ് തങ്ങള്‍ കഴിയുന്നതെന്ന വിശ്വാസമുള്ളതിനാല്‍ തങ്ങള്‍ക്ക് ഭയമില്ല. വിശ്വാസത്തിലും സ്നേഹത്തിലും അടിയുറച്ച് നില്‍ക്കുവാനും, എവിടെയെല്ലാം പ്രശ്നങ്ങള്‍ ഉണ്ടകുന്നുവോ അവിടെയെല്ലാം തങ്ങളുടെ ദൗത്യമായി എത്തുവാനുമാണ് ഈ സാഹചര്യത്തില്‍ തങ്ങളുടെ കന്യാസ്ത്രീമാരോട് പറയുവാറുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍വെന്റുകള്‍ അടച്ചു പൂട്ടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, തങ്ങളുടെ ഒരു കോണ്‍വെന്റു പോലും അടച്ചുപൂട്ടുവാന്‍ തങ്ങള്‍ക്കാഗ്രഹമില്ലെന്നായിരുന്നു സിസ്റ്റര്‍ പോളിന്റേയും സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെയുടേയും മറുപടി. ഇത്തരം ഭീഷണികളുടെ നടുവിലും ക്രൈസ്തവര്‍ക്ക് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിനും 'അതേ' എന്ന ഉത്തരമാണ് അവര്‍ പങ്കുവെച്ചത്. ജനങ്ങള്‍ക്കിടയില്‍ ആത്മീയമായ വളര്‍ച്ച പ്രകടമാണ്. ക്രൈസ്തവര്‍ സാധിക്കുമ്പോഴൊക്കെ ദേവാലയങ്ങളില്‍ പോകാറുണ്ട്. ഔഗാദൌഗു അതിരൂപതയിലെ 35 ഇടവകകളെ ചേര്‍ത്തുകൊണ്ട് ഓരോ ആഴ്ച ഇടവക എന്ന രീതിയില്‍ സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാ യജ്ഞവും ആരംഭിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »