Faith And Reason - 2024
'ബ്രസീല്‍ ദൈവത്തിന്റേത്': പതിനായിരങ്ങളെ സാക്ഷിയാക്കി പ്രസിഡന്‍റിന്റെ പ്രഖ്യാപനം
സ്വന്തം ലേഖകന്‍ 13-02-2020 - Thursday
സാവോ പോളോ: പതിനായിരക്കണക്കിന് യുവജനങ്ങളുടെ സാന്നിധ്യത്തില്‍ ബ്രസീല്‍ ദൈവത്തിന്റേതാണെന്ന് പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊണാരോയുടെ പ്രഖ്യാപനം. തലസ്ഥാന നഗരമായ ബ്രസീലിയായിലെ സ്റ്റേഡിയത്തില്‍ നടന്ന ‘ദി സെന്‍ഡ് ബ്രസീല്‍’ എന്ന സംയുക്ത പ്രേഷിത കൂട്ടായ്മയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നാണ് ജെയ്ര്‍ ബോള്‍സൊണാരോ പ്രഖ്യാപനം നടത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. ‘ഉഷ്ണമേഖലയുടെ ട്രംപ്’ എന്നറിയപ്പെടുന്ന ബോള്‍സൊണാരോ ‘താന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നുവെന്നും, ബ്രസീല്‍ ദൈവത്തിന്റേതാണ്’ എന്നും പ്രഖ്യാപിച്ചത് വന്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ബ്രസീല്‍ പ്രസിഡന്റിന്റെ ദൈവ വിശ്വാസത്തിന്റെ മറ്റൊരു പരസ്യ പ്രഖ്യാപനം കൂടിയായിരുന്നു അത്.
‘ബ്രസീലില്‍ ഒരേസമയം നടക്കുന്ന ഏറ്റവും വലിയ ക്രിസ്ത്യന്‍ പരിപാടി’ എന്ന് പത്രമാധ്യമങ്ങള്‍ വാഴ്ത്തിയ ‘ദി സെന്‍ഡ് ബ്രസീല്‍’ നാസ്യോണല്‍ സ്റ്റേഡിയം, മോറുമ്പി സ്റ്റേഡിയം, സാവോ പോളോയിലെ അല്യന്‍സ് പാര്‍ക്യു സ്റ്റേഡിയം എന്നീ മൂന്ന്‍ സ്റ്റേഡിയങ്ങളിലായാണ് സംഘടിപ്പിച്ചത്. ഒരേ സമയത്ത് സംഘടിപ്പിച്ച കൂട്ടായ്മകളില്‍ ഏതാണ്ട് ഒന്നര ലക്ഷത്തോളം യുവതീയുവാക്കളാണ് പങ്കെടുത്തത്. ഏതാണ്ട് 17 ലക്ഷത്തോളം ആളുകള്‍ പോര്‍ച്ചുഗീസ് ഭാഷയിലും, അഞ്ചര ലക്ഷത്തോളം ആളുകള്‍ ഇംഗ്ലീഷ് ഭാഷയിലും പരിപാടി തത്സമയ സംപ്രേഷണങ്ങള്‍ വീക്ഷിച്ചു.
180 പേരോളം പേര്‍ 12 മണിക്കൂര്‍ നീണ്ട പരിപാടിയില്‍ സംസാരിച്ചു. നിരവധി അത്ഭുത രോഗശാന്തികള്‍ക്കും കൂട്ടായ്മ വേദിയായി. തങ്ങളുടെ ദൈവവിളി പൂര്‍ത്തിയാക്കുവാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലീഡര്‍ യൂത്ത് വിത്ത് എ മിഷന്‍ (YWAM), സര്‍ക്യൂട്ട് റൈഡേഴ്സ്, ക്രൈസ്റ്റ് ഫോര്‍ ഓള്‍ നേഷന്‍സ്, ജീസസ് ഇമേജ്, ലൈഫ് സ്റ്റൈല്‍ ക്രിസ്റ്റ്യാനിറ്റി, ഡുനാമിസ് എന്നീ ഏഴു പ്രമുഖ പ്രേഷിത സംഘടനകള്‍ സംയുക്തമായാണ് ‘ദി സെന്‍ഡ്’ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഒര്‍ലാണ്ടോയിലാണ് ആദ്യമായി ഈ പരിപാടി സംഘടിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Posted by Pravachaka Sabdam on