Life In Christ - 2025

“അനുതപിക്കുക, സുവിശേഷം സ്വീകരിക്കുക”: ട്രംപിന്റെയും മെലാനിയയുടേയും വിഭൂതി സന്ദേശം

സ്വന്തം ലേഖകന്‍ 27-02-2020 - Thursday

വാഷിംഗ്‌ടണ്‍ ഡി.സി: അനുതപിക്കുവാനും സുവിശേഷം സ്വീകരിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടും പ്രാര്‍ത്ഥനാ നിര്‍ഭരമായ നോമ്പുകാലം ആശംസിച്ചു കൊണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, പ്രഥമ വനിത മെലാനിയയും തങ്ങളുടെ വിഭൂതി സന്ദേശം പുറത്തുവിട്ടു. നോമ്പിന് ആരംഭം കുറിക്കുന്ന കുരിശുവര തിരുനാളില്‍ കത്തോലിക്കരുള്‍പ്പെടെയുള്ള ക്രൈസ്തവര്‍ക്കൊപ്പം തങ്ങളും പങ്കുചേരുന്നുവെന്ന് ഫെബ്രുവരി 26ന് ട്രംപും, പത്നിയും പുറത്തുവിട്ട പ്രസിഡന്‍ഷ്യല്‍ സന്ദേശത്തില്‍ പറയുന്നു. വിഭൂതി ബുധനുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ട്രംപ് ഭരണകൂടം പ്രസ്താവന പുറത്തുവിടുന്നത്.

“കത്തോലിക്കരെയും മറ്റ് പല ക്രൈസ്തവരെയും സംബന്ധിച്ചിടത്തോളം നോമ്പാചരണത്തിന്റെ തുടക്കമാണ് വിഭൂതി ബുധന്‍. ഈസ്റ്റര്‍ ആഘോഷത്തിന്റെ സന്തോഷത്തോടെ അതവസാനിക്കുന്നു. ഇന്ന് ദശലക്ഷകണക്കിന് ക്രിസ്ത്യാനികള്‍ തങ്ങളുടെ നെറ്റിയില്‍ കുരിശടയാളം വരക്കും. ഉപവാസത്തിലും പ്രാര്‍ത്ഥനയിലും കാരുണ്യ പ്രവര്‍ത്തികളിലും മുഴുകുവാനുള്ള ഒരു ക്ഷണമാണ് നെറ്റിയിലെ ചാരം കൊണ്ടുള്ള കുരിശുവര. നമ്മുടെ ശക്തവും പവിത്രവുമായ ഈ പാരമ്പര്യം ധാര്‍മ്മികമൂല്യങ്ങളുടെ പങ്കുവെക്കലിനേയും ക്രിസ്തുവിന്റെ രക്ഷാകര സ്നേഹത്തേയും ഓര്‍മ്മിപ്പിക്കട്ടെ. കൂടുതല്‍ അനുതപിക്കുവാനും പൂര്‍ണ്ണതയോടെ സുവിശേഷം സ്വീകരിക്കുവാനും വിശുദ്ധമായ ഈ സമയത്ത് കഴിയട്ടെയെന്നും ട്രംപ് തന്റെ പ്രസ്താവനയില്‍ രേഖപ്പെടുത്തി. നേരത്തെ വൈറ്റ് ഹൌസിൽ വിഭൂതി ദിവ്യബലി സംഘടിക്കപെട്ടിരുന്നു.

മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും അദ്ദേഹത്തിന്റെ പത്നിയുമാണ്‌ ഇതിനുമുന്‍പ് അവസാനമായി വിഭൂതി ബുധന്‍ സന്ദേശം പുറത്തുവിട്ടിട്ടുള്ളത്. മുന്‍ ഭരണകൂടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ദൈവവിശ്വാസമാണ് ട്രംപ് ഭരണകൂടത്തിന്റെ നയപദ്ധതികളുടെ പിന്നിലെ ശക്തി. മതത്തോടും, ദൈവ വിശ്വാസത്തോടുമുള്ള പ്രസിഡന്റിന്റെ അടുപ്പവും ഗര്‍ഭഛിദ്രം അടക്കമുള്ള ധാര്‍മ്മിക വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടും അമേരിക്കയിലെ യാഥാസ്ഥിതികര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. അമേരിക്കയ്ക്കു മഹത്തായ രാഷ്ട്രമാകണമെങ്കില്‍ ദൈവവിശ്വാസം കൂടിയേ തീരൂവെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പ്രസ്താവിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »