Social Media

നമ്മുടെ മക്കള്‍ എന്തു കൊണ്ട് ഒരു ക്രിസ്ത്യാനിയെ തന്നെ വിവാഹം കഴിക്കണം?

സ്വന്തം ലേഖകന്‍ 25-01-2023 - Wednesday

ഈ അടുത്ത കാലഘട്ടങ്ങളിൽ യുവജനങ്ങളുടെ ഇടയിൽ വളർന്നു വരുന്ന ഒരു ചിന്താഗതിയാണ് 'എന്തിനാണ് ഞങ്ങൾ ഒരു ക്രൈസ്തവ വിശ്വാസിയെ വിവാഹം കഴിക്കുന്നത്'. തങ്ങള്‍ പഠിക്കുന്ന കൂട്ടത്തിൽ തങ്ങൾക്ക് ഒരുപാടു നല്ല സുഹൃത്തുക്കൾ ഉണ്ട്, ആരെയെങ്കിലും കണ്ടു ഇഷ്ടപ്പെട്ടു എങ്കില്‍ അവരെ കല്യാണം കഴിച്ചാൽ പോരെ? നല്ല രീതിയില്‍ ജീവിച്ചാല്‍ പോരേ? അതിന് മതത്തിന് എന്തു സ്ഥാനം? ഇതിന് സമാനമായ വിധത്തില്‍ ചില മക്കള്‍ മാതാപിതാക്കളോട് ചോദിക്കാറുണ്ട്. 'ഞങ്ങൾ ആരെയെങ്കിലും കല്യാണം കഴിച്ചാൽ പോരെ എന്തിനാണ് ഒരു ക്രൈസ്തവ വിശ്വാസിയെ തന്നെ കല്യാണം കഴിക്കുന്നത്?' മതാധ്യാപകരും ഇത്തരം ചോദ്യങ്ങള്‍ നേരിടാറുണ്ട്. എന്താണ് അവര്‍ക്ക് നാം മറുപടി നല്‍കേണ്ടത്?

ഇന്ന് നമ്മുടെ യുവ സമൂഹം ജീവിക്കുന്ന സാഹചര്യം വളരെ വ്യത്യസ്തമാണ്. നാട്ടിൽ ജീവിച്ച സാഹചര്യം പോലെയല്ല വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ചു യൂറോപ്പിലേതെന്ന് പ്രവാസികളായവരെ സംബന്ധിച്ചിടത്തോളം അറിയാം. അവിടെ ലിവിങ് റ്റുഗെതെർ ആണ്. ഇഷ്ടപ്പെട്ട ആരെയെങ്കിലും കണ്ടാൽ അവരുടെ കൂടെ ജീവിക്കുന്നു, അവരെ കല്യാണം കഴിക്കുന്നു. അതിനു അവർക്കു വിശ്വാസം ഒരു പ്രശ്നമല്ല. അവർ ആരെ ഇഷ്ടപെടുന്നു എന്നത് മാത്രമാണ് കാര്യം. ഇത്തരമൊരു ചിന്താഗതി സമൂഹത്തില്‍ പരക്കെ വ്യാപിക്കുന്നുണ്ടെന്നത് നഗ്നമായ സത്യമാണ്.

ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നമ്മൾ മക്കളെ വളർത്തുമ്പോൾ നാം ചില കാര്യങ്ങളെ കുറിച്ച് അവബോധമുള്ളവരായിരിക്കണം. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രത്യേകത എന്താണ്? അല്ലെങ്കിൽ ക്രൈസ്തവ വിശ്വാസത്തിന്റെ മഹത്വം എന്താണ്?. അതേ, നമ്മൾ നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ, അതായത് ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിന്റെ മഹത്വം എന്താണെന്നു വ്യക്തമായി മനസിലാക്കിയിരിക്കണം. ഇന്ന് ലോകത്തിൽ ധാരാളം മതങ്ങളുണ്ട്. പ്രകൃതി ശക്തികളെ ആരാധിക്കുന മതങ്ങൾ, അല്ലെങ്കിൽ ഇതിഹാസ കഥാപാത്രങ്ങളെ ആരാധിക്കുന്ന മതങ്ങൾ, അല്ലെങ്കിൽ ആൾദൈവങ്ങളെ തന്നെ ആരാധിക്കുന്ന മതങ്ങൾ. ഇങ്ങനെ ഇത്തരത്തില്‍ ലോകത്തിൽ ധാരാളം മതവിഭാഗങ്ങള്‍ ഉണ്ട്. നമ്മുടെ മക്കൾ ചോദിച്ചേക്കാം, "അവർ പ്രാര്‍ത്ഥിക്കുന്നുണ്ടല്ലോ? അവരുടെ പ്രാർത്ഥനയും ദൈവം കേൾക്കുന്നുണ്ടല്ലോ, പിന്നെ എന്താണ് നമ്മുക്ക് വലിയ പ്രത്യേകതയെന്ന്".

നമ്മൾ മറ്റേതെങ്കിലും മതത്തെ കുറച്ചു കാണിക്കുന്നതിനോ മറ്റു ഏതെങ്കിലും മതവിശ്വാസികളെ താഴ്ത്തി കെട്ടുകയല്ല. മറിച്ച് വിഷയത്തിന്റെ ആഴം മനസിലാക്കുകയാണ്. ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവം സകല മനുഷ്യരുടെയും പിതാവാണ്. നമ്മുടെ മക്കൾക്കു നമ്മളോട് ഇഷ്ടമില്ലെങ്കിലും താല്പര്യം ഇല്ലെങ്കിലും അവരുടെ ജീവിതത്തിൽ ഒരു വേദനയോ ദുഖമോ വരുമ്പോൾ അവർ പറയാതെ തന്നെ നമ്മൾ അവരുടെ ജീവിതത്തിൽ ഇടപെടും. അതുപോലെയാണ് സ്വർഗ്ഗത്തിലെ പിതാവ്. ഈ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യൻ, അവൻ ഏതു മതവിശ്വാസി ആണെങ്കിലും അവന്റെ വേദനയിൽ അവൻ അറിയാവുന്ന രീതിയിൽ ദൈവത്തെ വിളിക്കുമ്പോൾ സ്വർഗ്ഗത്തിലെ പിതാവ് അവൻ ഏതു ദൈവത്തെ നോക്കിയല്ല, അവന്റെ ജീവിതത്തിൽ അനുഗ്രഹം കൊടുക്കുന്നത്. സ്വർഗ്ഗത്തിലെ പിതാവ് കാരുണ്യം ഉള്ളവനായതുകൊണ്ടു കരുണ കടലായതുകൊണ്ടു മനുഷ്യന്റെ വേദനകളിൽ അവനു ആവശ്യമുള്ള സഹായം ചെയ്തു കൊടുക്കുന്നു.

എന്നാൽ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവം, രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ചുകൊണ്ടു അവന്റെ കുരിശു മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഈ ലോകത്തിൽ ദൈവരാജ്യം സ്ഥാപിച്ചു. ഈ ദൈവാരാജ്യത്തിലേക്കു ഓരോ മനുഷ്യനെയും യേശു ക്ഷണിച്ചിട്ടുണ്ട്. ക്രൈസ്തവരെന്ന നിലയിൽ ഈ ദൈവരാജ്യത്തിൽ വസിക്കുന്നവരാണ് നാം ഓരോരുത്തരും. മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവർക്ക് ദൈവം തീർച്ചയായിട്ടും ദാനങ്ങൾ കൊടുക്കുന്നുണ്ട്. അവരെയും സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നുണ്ട്. എന്നാൽ നമ്മുക്കറിയാം ഈശോ ഈ ഭൂമിയിലേക്കു കടന്നു വന്ന് അവിടുത്തെ അധരം തുറന്നു ആദ്യം ഈ ലോകത്തോട് സംസാരിക്കുന്നത് ദൈവരാജ്യത്തെക്കുറിച്ചാണ്.

അനുതപിക്കുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നാണ് അവിടുന്ന് പറഞ്ഞത്. ഈ ദൈവരാജ്യത്തിലേക്കുള്ള ക്ഷണവുമായാണ് ദൈവം ലോകത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. ഈശോയ്ക്കു മുന്നോടിയായി കടന്നു വന്ന സ്നാപക യോഹന്നാൻ ലോകത്തോട് വിളിച്ചു പറഞ്ഞത് 'അനുതപിക്കുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു' എന്നാണ്. അതുകൊണ്ടു ഈ ദൈവരാജ്യത്തിൽ വസിക്കാൻ വിളിക്കപ്പെട്ടവനാണ് ഓരോ ക്രൈസ്തവ വിശ്വാസിയും. ഈ ലോകത്തിലെ ഭൂകമ്പങ്ങളും പ്രകൃതിക്ഷോഭങ്ങളും അകാലമരണങ്ങളും ഉള്‍പ്പെടെയുള്ള ദുരിതങ്ങളും വേദനകളും ഉണ്ടെങ്കിലും യേശുക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തിലേക്കാണ് ഓരോ മനുഷ്യനെയും ദൈവം വിളിക്കുന്നത്.

ലോകത്തിലെ ചില സ്ഥലങ്ങളിൽ എന്തെങ്കിലും ആഭ്യന്തര കലാപങ്ങൾ, യുദ്ധങ്ങൾ അടക്കമുള്ള പ്രതിസന്ധികള്‍ ഉണ്ടാകുമ്പോൾ ബ്രിട്ടന്‍ അടക്കമുള്ള ചില രാജ്യങ്ങള്‍ ആ ദേശത്തേക്കു ഒരുപാടു സഹായം എത്തിക്കാറുണ്ട്. ഈ ദേശത്തു അകപെട്ടവർ സഹായം സ്വീകരിച്ചു കൊണ്ട് ജീവിക്കുന്നു, എന്നാൽ മറ്റൊരു കൂട്ടരെ അഭയാര്‍ത്ഥികളെ ഈ രാജ്യത്തേക്ക് കൊണ്ടുവരുന്നുണ്ട്. അതായതു ഒരു ദത്തെടുക്കൽ പ്രക്രിയ പോലെയാണിത്. രാജ്യം അവർക്കു വിസ കൊടുത്തു അവരെ ഇങ്ങോട്ട് കൊണ്ടുവരുന്നു, അവർക്കു ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നു. ഒരു രാജ്യത്തു വന്ന കഴിയുമ്പോൾ വൈദ്യ സഹായവും ഭാഷ പഠിപ്പിക്കലും താമസ സൗകര്യവും ഒരുക്കി കൊടുക്കും. ഇത് ഏകദേശം ദത്തെടുക്കൽ പോലൊരു പ്രക്രിയ ആണ്. അവിടെ നിൽക്കുന്നവർ ഈ രാജ്യം കൊടുക്കുന്ന ദാനങ്ങൾ സ്വീകരിച്ചുകൊണ്ട് ജീവിക്കുന്നു. എന്നാൽ മറ്റൊരു കൂട്ടർ ഈ രാജ്യത്തേക്കു വന്ന് ആനുകൂല്യങ്ങള്‍ സ്വന്തമാക്കി ജീവിക്കുന്നു. ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

ഇതുപോലെയാണ് ഓരോ ക്രൈസ്തവ വിശ്വാസിയും. ക്രൈസ്തവ വിശ്വാസി മാമോദീസ സ്വീകരിച്ചു ദൈവരാജ്യത്തു വസിക്കുന്നവനാണ്. എന്നാൽ ക്രൈസ്തവ വിശ്വാസം ഇല്ലാത്തവർ ദാനങ്ങൾ സ്വീകരിച്ചു കൊണ്ട് പുറത്തു ജീവിക്കുന്നവരാണ്. ഈ വ്യത്യാസം മനസിലാക്കിയാൽ മാത്രമേ ക്രൈസ്തവ വിശ്വാസത്തിന്റെ മഹത്വം നമുക്ക് തിരിച്ചറിയാൻ കഴിയൂ. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പ്രധാനമായും നാലു ഭാഗങ്ങളായാണ് വിഭജിച്ചിരിക്കുന്നത്. അതിൽ മൂന്നാമത്തെ ഭാഗം ക്രിസ്തുവിലുള്ള ജീവിതം എന്ന ഭാഗമാണ്.

ക്രിസ്തുവിലുള്ള ജീവിതത്തിൽ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1691 ഭാഗം തുടങ്ങുന്നത് ഇപ്രകാരമാണ്; "അല്ലയോ ക്രൈസ്തവ, നിന്റെ മഹത്വം എന്തെന്ന് തിരിച്ചറിയുക. നീ ഇപ്പോൾ ദൈവത്തിന്റെ തന്നെ പ്രകൃതിയിൽ പങ്കു ചേരുന്നതിനാൽ പാപം ചെയ്തു കൊണ്ട് നിനക്ക് മുൻപേയുണ്ടായിരുന്ന അധമ സ്ഥിതിയിലേക്ക് തിരിച്ചു പോകരുത്. നിന്റെ ശിരസു ആരാണെന്നും ആരുടെ ശരീരത്തിന്റെ അവയവമാണു നീയെന്നും ഓർമിക്കുക അന്ധകാരത്തിന്റെ ശക്തിയിൽ നിന്നും നീ മോചിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും ദൈവത്തിന്റെ പ്രകാശത്തിലേക്ക് നീ ആനയിക്കപ്പെട്ടിരിക്കുന്നുവെന്നും ഓർമിക്കുക".

ഇതില്‍ തന്നെ ക്രൈസ്തവ വിശ്വാസി എന്ന് പറയുന്നത് ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാണെന്ന്‍ നാം നമ്മുടെ മക്കൾക്കു പറഞ്ഞു കൊടുക്കണം. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം അല്ലയോ ക്രൈസ്തവ നിങ്ങളുടെ മഹത്വം എന്താണെന്നു തിരിച്ചറിയുകയെന്ന് നമ്മോടു ചോദിക്കുന്നത്. ഇത് മറ്റു മതവിശ്വാസികളെ കുറച്ചു കാണിക്കാൻ വേണ്ടിയല്ല. മറിച്ച് ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി മാറപ്പെട്ട നാം അവന്റെ മഹത്വം അറിഞ്ഞു ജീവിക്കണം. ആ മഹത്വം നമ്മുടെ മക്കളെ പറഞ്ഞു പഠിപ്പിക്കണം. എങ്കിൽ മാത്രമേ ഒരു ക്രൈസ്തവ വിശ്വാസിയെ വിവാഹം കഴിക്കേണ്ടതിന്റെ പ്രാധാന്യം നമ്മുടെ മക്കൾക്കു മനസിലാകുകയുള്ളു.

നിരവധി മതസ്ഥാപകരും ലോകനേതാക്കളും ഈ ലോകത്തിലേക്കു വന്നുകൊണ്ട് മനുഷ്യരെ പ്രകാശത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ യേശു പറഞ്ഞു, "ഞാൻ ലോകത്തിന്റെ പ്രകാശമാണ്". കാരണം അവിടുന്ന് ദൈവമാണ്. നിരവധി ലോക നേതാക്കന്മാർ ഈ ലോകത്തിലേക്ക് കടന്നു വന്നുകൊണ്ടു മനുഷ്യനെ സത്യത്തിന്റെ വഴിയേ നയിക്കാൻ ശ്രമിച്ചു. എന്നാൽ യേശു പറഞ്ഞു "ഞാനാണ് വഴിയും സത്യവും ജീവനും". കാരണം അവിടുന്ന് ദൈവമാണ്. നേതാക്കന്മാര്‍ ഈ ലോകത്തിലേക്ക് കടന്നു വന്ന കൊണ്ട് ഈ ഭൂമിയിൽ സന്തോഷകരമായിട്ടു ജീവിക്കാൻ ഈ ഭൂമിയിൽ ആയുസ്സു വർധിപ്പിക്കാനും ഉള്ള കാര്യങ്ങള്‍ ഉപദേശിച്ചു. എന്നാൽ യേശു ഈ ലോകത്തിലേക്ക് കടന്നു വന്നുകൊണ്ടു പറഞ്ഞു, "എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും". ഇപ്രകാരം പറയുവാൻ അവിടുത്തേക്ക്‌ മാത്രമേ കഴിയൂ. കാരണം അവിടുന്ന് ദൈവമാണ്. ഈ ഒരു വിചിന്തനം നമ്മുടെ മക്കള്‍ക്ക് പകര്‍ന്നു നല്‍കേണ്ടിയിരിക്കുന്നു.

ഇന്ന് ലോകത്തിൽ നമുക്ക് നിരവധി മഹാന്മാക്കളുടെ കല്ലറകൾ കാണാൻ സാധിക്കും. മനുഷ്യനെ നന്മയിലേക്ക് നയിച്ച അവരുടെ കല്ലറ മനോഹരമായി അലങ്കരിച്ചുവെച്ചിട്ടുണ്ട് .ഇന്ന് ലോകത്തിൽ ഒരേയൊരു കല്ലറ മാത്രമേ ശ്യൂനമായി അവശേഷിച്ചിട്ടുള്ളൂ, അത് യേശു ക്രിസ്തുവിന്റെ കല്ലറയാണ്. കാരണം അവിടുന്ന് മാത്രമാണ് മരണത്തെ പരാജയപ്പെടുത്തികൊണ്ടു ഉത്ഥാനം ചെയ്തത്. കാരണം അവിടുന്ന് ദൈവമാണ്. ഇത്തരത്തില്‍ യേശു ഏകരക്ഷകനാണെന്ന് തിരിച്ചറിയുവാനും നമ്മുക്ക് ലഭിച്ചിരിക്കുന്ന ആ മഹത്തായ തെരെഞ്ഞെടുപ്പിലെ സ്ഥാനം മനസിലാക്കുവാനും അത് മക്കള്‍ക്കു പകര്‍ന്നു കൊടുക്കുവാന്‍ നമ്മുക്ക് ശ്രമിക്കാം. അപ്പോള്‍ മാത്രമേ ദൈവ രാജ്യത്തിലേക്കു നമ്മുക്കു ലഭിച്ചിരിക്കുന്ന പ്രത്യേക വിളി പൂർണ്ണത പ്രാപിക്കുകയുള്ളൂ.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

#repost

Posted by Pravachaka Sabdam on 

Related Articles »