News
ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹാരി വൂ നിര്യാതനായി
സ്വന്തം ലേഖകന്‍ 29-04-2016 - Friday
ഹോണ്ടുറാസ്: കത്തോലിക്കനും മുന്‍ രാഷ്ട്രീയ തടവ്കാരനുമായിരുന്ന ഹാരി വൂ നിര്യാതനായി. തന്റെ 79-മത്തെ വയസ്സില്‍ ഹോണ്ടുറാസില്‍ അവധിക്കാലം ചിലവഴിക്കുന്നതിനിടയില്‍ ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം നിര്യാതനായതെന്ന്‍ ലവോഗായി മനുഷ്യാവകാശ സംഘടനയുടെ അഡ്മിനിസ്ട്രെറ്ററായ ആന്‍ നൂനന്‍ മാധ്യമങ്ങളെ അറിയിച്ചു. ഹാരി വൂവിന്റെ മകനായ ഹാരിസണും, മുന്‍ ഭാര്യയായിരുന്ന ചിനാ ലീയും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലേക്കു കൊണ്ട് വരുന്നതിനായി മദ്ധ്യ-അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലേക്ക് പോയിട്ടുണ്ടെന്ന് മിസ് നൂനന്‍ പറഞ്ഞു.''ഒരു യഥാര്‍ത്ഥ നായകനായിരിന്ന ഹാരിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യും, അതൊരിക്കലും നിറുത്തുകയില്ലയെന്ന്‍" നൂനന്‍ കൂട്ടിചേര്‍ത്തു.
ഷാങ്ങ്ഹ്വായിലെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു ഹാരി വൂ ജനിച്ചത്. 1949-ല്‍ മാവോ സെദോങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മൂണിസ്റ്റുകള്‍ ആഭ്യന്തര യുദ്ധത്തില്‍ നേടിയ വിജയത്തെ തുടര്‍ന്ന്‍ തങ്ങളുടെ സ്വത്തിന്റെ ഭൂരിഭാഗവും പിടിച്ചെടുക്കപ്പെടുന്നതിന് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. ചൈനയുടെ അപ്പോഴത്തെ സഖ്യരാജ്യമായിരുന്ന സോവിയറ്റ് യൂണിയനെ വിമര്‍ശിച്ചുവെന്ന കുറ്റത്താല്‍ അധികാരികളുടെ അപ്രീതിക്ക് പാത്രമായതിനെ തുടര്‍ന്നു, 1960-ല്‍ തന്റെ 23-മത്തെ വയസ്സില്‍ ‘ലവോഗായി’ അഥവാ ‘പ്രയത്നത്തിലൂടെ മാറ്റംവരുത്തുക’ എന്നറിയപ്പെട്ടിരുന്ന ചൈനയിലെ ജയിലില്‍ അദ്ദേഹം തടവില്‍ വിധിക്കപ്പെട്ടു.
ബുദ്ധിജീവികളേയും, രാഷ്ട്രീയ തടവുകാരേയും നീണ്ട കാലത്തേക്ക് ശിക്ഷിക്കുന്നതിനുവേണ്ടിയുള്ള വളരെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ശിക്ഷാരീതിയായിരുന്ന ‘ലവോഗായി എന്ന ജയില്‍’. നരകീയമായ ജീവിത സാഹചര്യങ്ങളും, ക്രൂരമായ പെരുമാറ്റവും വഴി ഏതാണ്ട് ദശലക്ഷകണക്കിന് മരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വിവിധ ക്യാമ്പുകളിലായി ഏതാണ്ട് 12-ഓളം ശിക്ഷാവിധികള്‍ ഉള്‍പ്പെടെ തോട്ടങ്ങളിലും, കല്‍ക്കരി ഖനികളിലുമുള്ള കഠിനമായ ജോലികള്‍ക്ക് പുറമേ, ക്രൂരമായ പീഡനങ്ങളും പട്ടിണിയും അനുഭവിച്ചിട്ടുണ്ടെന്ന് വൂ തന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്.
1979-ല്‍ മാവോയുടെ മരണത്തെ തുടര്‍ന്ന്‍ കാലാവധി കഴിയുന്നതിന് മൂന്ന് വര്‍ഷം മുന്‍പ് വൂ ജെയില്‍ മോചിതനായി. 1985-ല്‍ അമേരിക്കയിലേക്ക് താമസം മാറി. അവിടെ അദ്ദേഹം അധ്യാപനവും, എഴുത്തുമായി കഴിഞ്ഞുപോന്നു. ലവോഗായി ഗവേഷണ കേന്ദ്രത്തിന് സ്ഥാപനം കുറിച്ച വൂ, ലേബര്‍ ക്യാമ്പ് സിസ്റ്റത്തിനേക്കുറിച്ചുള്ള തന്റെ ഗവേഷണത്തിനായി നിരന്തരം ചൈന സന്ദര്‍ശിച്ചു കൊണ്ടിരുന്നു.
US പൌരത്വം നേടിയ വൂ 1995-ല്‍ തന്റെ ചൈന സന്ദര്‍ശനത്തിനിടക്ക് അറസ്റ്റിലാവുകയും ചാരവൃത്തി കുറ്റം ചുമത്തി 15 വര്‍ഷത്തേക്ക് തടവ് ശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്തു. അധികം താമസിയാതെ അദ്ദേഹത്തെ അമേരിക്കയിലേക്ക് നാടുകടത്തി, അവിടെ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെ പ്പറ്റിയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും, കോണ്‍ഗ്രസ്സിലും, സര്‍വ്വകലാശാലകളിലും ഇതിനെതിരായി നിരന്തര പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു.
2008-ല്‍ വാഷിംഗ്‌ടണ്‍ ഡിസി കേന്ദ്രമായിട്ടുള്ള സംഘടന, ലവോഗായിയുടെ ഇരകളായവരുടെ ഓര്‍മ്മ നിലനിര്‍ത്തുവാനും, ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ നടന്ന്‍ വരുന്ന പൈശാചികതകളേക്കുറിച്ച് പഠിപ്പിക്കുന്നതിനുമായി ലവോഗായി മ്യൂസിയം സ്ഥാപിച്ചുവെന്ന് സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു. തന്റെ ജെയില്‍ ജീവിതത്തെ കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഹാരി വൂ. ‘ദി ചൈനീസ് ഗുലാഗ്, ബിറ്റര്‍ വിന്‍ഡ്സ്, ട്രബിള്‍ മേക്കര്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു കത്തോലിക്കനെന്ന നിലയില്‍ നിരവധി കാര്യങ്ങള്‍ക്ക് വേണ്ടി ഹാരി വൂ പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തൊഴിലവകാശ ലംഘനങ്ങള്‍, മത സ്വാതന്ത്ര്യം, വധശിക്ഷ നിരോധനം, നിര്‍ബന്ധിത അവയവദാനം, തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
