Editor's Pick

കൊറോണക്കാലത്തെ അസത്യദീപങ്ങളെ സൂക്ഷിക്കുക

സ്വന്തം ലേഖകന്‍ 08-04-2020 - Wednesday

ലോകം വലിയ ഭീതിയിലൂടെയും ആകുലതയിലൂടെയും കടന്നുപോകുന്ന സമയമാണിത്. കോവിഡ് 19 എന്ന മഹാമാരിക്കു മുൻപിൽ ശാസ്ത്രലോകം പകച്ചുനിൽക്കുമ്പോൾ, ക്രിസ്ത്യാനികളെ വഴിതെറ്റിക്കുന്ന ലേഖനവുമായി രംഗത്തെത്തിയിരിക്കുകയാണ് സത്യദീപം എന്ന ക്രൈസ്തവ പ്രസിദ്ധീകരണം. ഈ ലേഖനത്തിന്റെ രചിയിതാവ് ഒരു ക്രൈസ്തവ പുരോഹിതനാണ് എന്നത് ഈ വീഴ്ച്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ഓം പോലെയുള്ള മന്ത്രം ഈശ്വരനാമത്തോട് ചേര്‍ത്ത് ആലപിക്കുന്നത് കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശക്തമാണ് എന്നതാണ് ഇദ്ദേഹത്തിന്റെ വാദം. എന്നാൽ ആകാശത്തിന്റെ കീഴെ മനുഷ്യന്റെ രക്ഷക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്ന ബൈബിൾ വചനം ഇദ്ദേഹത്തിന് അറിഞ്ഞുകൂടെങ്കിൽ, അല്ലങ്കിൽ ഇദ്ദേഹം അതിൽ വിശ്വസിക്കുന്നില്ലങ്കിൽ, ഇതുപോലുള്ള തെറ്റായ പ്രബോധനങ്ങളിലൂടെ വിശ്വാസികളെ വഴിതെറ്റിക്കുന്ന ഇത്തരം വൈദികർക്കെതിരെ സഭാനേതൃത്വം ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

"യേശു" എന്ന നാമം അതിൽ തന്നെ പൂർണ്ണവും ശക്തവുമായ നാമം

പിതാവായ ദൈവം തന്‍റെ ഏകജാതനെ ഈ ഭൂമിയിലേക്കയക്കുന്നു എന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ ദൂതന്‍ വഴി അറിയിച്ചപ്പോള്‍ ദൂതന്‍ മറിയത്തോട് "നീ അവന് യേശു എന്നു പേരിടണം" എന്ന് നിര്‍ദ്ദേശിച്ചു (ലൂക്കാ 1:31) . പിന്നീട് കര്‍ത്താവിന്‍റെ ദൂതന്‍ ജോസഫിന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ഇതേ നിർദ്ദേശം തന്നെ നൽകി (മത്തായി 1:21).

ഇപ്രകാരം തന്റെ ഏകജാതനുവേണ്ടി ദൈവം തന്നെ, തന്റെ ദൂതനിലൂടെ നിര്‍ദ്ദേശിച്ച നാമമാണ് 'യേശു'. അതുകൊണ്ടുതന്നെ, യേശു നാമം അതിൽ തന്നെ പൂർണ്ണവും ശക്തവുമാണ്. ഈ നാമം വിശ്വാസത്തോടെ ഉരുവിടുന്ന സ്ഥലങ്ങളിലെല്ലാം ദൈവത്തിന്‍റെ വലിയ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നു.

എന്നാൽ, ഈ നാമത്തിന്റെ ശക്തിയും പൂർണ്ണതയും മനസ്സിലാക്കാതെ, ഓം പോലെയുള്ള മന്ത്രം ഈശ്വരനാമത്തോട് ചേര്‍ത്ത് ആലപിക്കണം എന്നു പഠിപ്പിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന് എതിരായ പ്രബോധനമാണ് എന്ന് വിശ്വാസികൾ തിരിച്ചറിയണം.

'യേശു' എന്ന നാമത്തിന്റെ അര്‍ത്ഥമെന്താണ്?

"ദൈവം രക്ഷിക്കുന്നു" എന്നാണ് ഹീബ്രു ഭാഷയില്‍ യേശു എന്ന നാമത്തിന്റെ അര്‍ത്ഥം. ഈ നാമം അവിടുത്തെ വ്യക്തിത്വത്തെയും ദൗത്യത്തെയും സൂചിപ്പിക്കുന്നു. ലോകരക്ഷക്കായി അവതരിച്ച ദൈവപുത്രന്‍റെ വ്യക്തിത്വത്തില്‍ത്തന്നെ അന്തര്‍ഭവിച്ചിരിക്കുന്ന ദൈവനാമത്തെയാണ് യേശു എന്ന നാമം സൂചിപ്പിക്കുന്നത്. രക്ഷ പ്രദാനം ചെയ്യുന്നത് യേശു എന്ന ദിവ്യനാമം മാത്രമാണ്. എല്ലാ മനുഷ്യര്‍ക്കും ഈ തിരുനാമം വിളിച്ചപേക്ഷിക്കാം, കാരണം, മനുഷ്യാവതാരത്തിലൂടെ യേശു തന്നെത്തന്നെ സര്‍വമനുഷ്യരുമായി ഐക്യപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല." (അപ്പ 4:12) എന്ന സത്യം ലോകത്തിനു വെളിപ്പെടുത്തപ്പെട്ടു.

യേശുവിന്‍റെ പുനരുത്ഥാനം, രക്ഷകനായ ദൈവത്തിന്‍റെ നാമം മഹത്വീകരിക്കുന്നു; കാരണം അപ്പോള്‍ മുതല്‍ 'എല്ലാ നാമങ്ങള്‍ക്കുമുപരിയായ നാമത്തിന്‍റെ' പരമശക്തിയെ അതിന്‍റെ പൂര്‍ണതയില്‍ പ്രകടിപ്പിക്കുന്നു. യേശുവിന്‍റെ നാമത്തില്‍ അവിടുത്തെ ശിഷ്യന്മാര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എന്തെന്നാല്‍ അവിടുത്തെ നാമത്തില്‍ അവര്‍ ചോദിക്കുന്നതെന്തും പിതാവ് അവര്‍ക്കു നല്‍കുന്നു.

ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിനു ശേഷം അവിടുത്തെ ശിഷ്യന്മാര്‍ ലോകം മുഴുവനും പോയി 'യേശുവിലൂടെ മാത്രമേ രക്ഷ പ്രാപിക്കാൻ സാധിക്കൂ' എന്നു പ്രഘോഷിച്ചത്. ഇപ്രകാരം പ്രഘോഷിച്ചതിന്‍റെ പേരില്‍ അവിടുത്തെ ശിഷ്യന്മാരിൽ പലരും മൃഗീയമായി കൊല ചെയ്യപ്പെട്ടു. എന്നാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും, മരണത്തിന്‍റെ മുന്‍പിൽ പോലും അവര്‍ വിളിച്ചു പറഞ്ഞു: "യേശു ഏകരക്ഷകന്‍".

യേശു എന്ന നാമമാണ് ക്രൈസ്തവ പ്രാര്‍ത്ഥനയുടെ ഹൃദയഭാഗത്തു നിലകൊള്ളുന്നത്. ആരാധനക്രമത്തിലെ പ്രാര്‍ത്ഥനകളെല്ലാം സമാപിക്കുന്നത്, 'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി' എന്ന വാക്കുകളോടെയാണ്. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന അതിന്‍റെ പാരമ്യത്തിലെത്തുന്നത് 'നിന്‍റെ ഉദരത്തിന്‍റെ ഫലമായ യേശു അനുഗൃഹീതനാകുന്നു' എന്ന വാക്കുകളിലാണ്. ആര്‍ക്കിലെ വി.ജോവാനെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ക്രിസ്ത്യാനികള്‍ അന്ത്യശ്വാസം വലിച്ചത് 'യേശു' എന്ന നാമം ഉച്ചരിച്ചു കൊണ്ടാണ്.

അതിനാൽ കൊറോണ വൈറസിൽ നിന്നും ലോകത്തെ രക്ഷിക്കാൻ നമ്മുക്ക് യേശുനാമം വിളിച്ചപേക്ഷിക്കാം. കാരണം യേശുനാമത്തിന്റെ ശക്തി അനന്തമാണ്. അവിടുന്നു പറയുന്നു "...നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും" (യോഹ 15:16)


Related Articles »