Life In Christ - 2025

'എനിക്കിനി സമാധാനത്തോടെ പോകാം': അന്ത്യകൂദാശക്കു ശേഷമുള്ള കോവിഡ് രോഗിയുടെ വാക്കുകള്‍ ട്വീറ്റ് ചെയ്ത് വൈദികന്‍

സ്വന്തം ലേഖകന്‍ 25-04-2020 - Saturday

ബ്ലൂമിംഗ്ടണ്‍: മരണത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയ കൊറോണ രോഗിക്കു അന്ത്യകൂദാശ നല്‍കിയ ശേഷമുള്ള അനുഭവം വിവരിച്ചുകൊണ്ടുള്ള വൈദികന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. രോഗിയെ അഭിഷേകം ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ ശക്തമായ അനുഭവത്തെക്കുറിച്ച് ഡൊമിനിക്കന്‍ പുരോഹിതനായ ഫാ. പാട്രിക്ക് ഹൈഡെയുടെ ട്വീറ്റാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്. “കൂദാശകളുടെ ശക്തിയാണിത്. അതുകൊണ്ടാണ് ഞാന്‍ ഒരു പുരോഹിതനായിരിക്കുന്നത്” എന്നാണ് ഫാ. പാട്രിക്ക് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറയുന്നത്.

“ഇന്നലെ ഞാന്‍ ഒരു കോവിഡ്-19 രോഗിയെ അഭിഷേകം ചെയ്യുവാന്‍ പോവുകയുണ്ടായി. എന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ അവനുണ്ടായ നിഷ്കളങ്കമായ ആനന്ദം എന്റെ വിശ്വാസ ജീവിതത്തിലുണ്ടായ ഏറ്റവും ശക്തമായ അനുഭവങ്ങളിലൊന്നാണ്". 'ഫാദര്‍ നിങ്ങള്‍ ഇവിടെ വന്നതില്‍ ഞാന്‍ വളരെയേറെ സന്തോഷവാനാണ്. എനിക്കിനി സമാധാനത്തോടെ പോകുവാന്‍ കഴിയും'. എന്ന്‍ രോഗി പറഞ്ഞതായി അദ്ദേഹം ട്വീറ്റില്‍ സാക്ഷ്യപ്പെടുത്തുന്നു.





ഇതുവരെ നൂറ്റിയറുപതോളം കമന്റുകളും, ആയിരത്തോളം റീട്വീറ്റുകളും, ഏഴായിരം ലൈക്കുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ തങ്ങളുടെ ജീവന്‍ പണയംവെച്ചും രോഗികള്‍ക്ക് കൂദാശകള്‍ നല്‍കുവാന്‍ ധൈര്യം കാണിക്കുന്ന വൈദികര്‍ക്ക് നന്ദിപറഞ്ഞുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘ഫാദര്‍ അവിടെ എത്തിയതില്‍ സന്തോഷമുണ്ട്, ആ മനുഷ്യന്റെ ആത്മാവ് സമാധാനത്തില്‍ അന്ത്യവിശ്രമം കൊള്ളട്ടെ’- ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.